ലിബിയയിൽ രക്തസാക്ഷിയായ മാത്യു അയാരിഗയുടെ പേരിൽ ലോകത്തിലെ ആദ്യ കത്തോലിക്കാ ഇടവക രൂപം കൊണ്ടു

“അവരുടെ ദൈവമാണ് എന്റെ ദൈവം” എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് രക്തസാക്ഷിത്വം വരിച്ച മാത്യു അയാരിഗയുടെ പേരിൽ ലോകത്തിലെ ആദ്യ കത്തോലിക്കാ ഇടവക രൂപം കൊണ്ടു. 2015-ൽ ലിബിയയിൽ വച്ച് ഐഎസ് ഭീകരർ കൊലപ്പെടുത്തിയ ഘാന സ്വദേശിയുടെ പേരിൽ അമേരിക്കയിലെ ടെക്സസിൽ ആണ് ഒരു ഇടവക നാമകരണം ചെയ്യപ്പെടുന്നത്. ടെക്സസിലെ ആർലിംഗ്ടണിൽ (Arlington) സജ്ജമാകുന്ന ഈ ഇടവക 2027 ജനുവരിയിൽ വിശ്വാസികൾക്കായി സമർപ്പിക്കുമെന്ന് ഫോർട്ട് വർത്ത് രൂപതാ ബിഷപ്പ് മൈക്കൽ ഓൾസൺ അറിയിച്ചു.

2015 ഫെബ്രുവരി 15-നാണ് ലോകത്തെ മുഴുവൻ നടുക്കിയ ആ സംഭവം നടന്നത്. ലിബിയയിലെ സിർതെ കടൽത്തീരത്തു വച്ച് 21 ക്രിസ്ത്യൻ കുടിയേറ്റ തൊഴിലാളികളെ ഐസിസ് ഭീകരർ തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ 20 പേരും ഈജിപ്തിൽ നിന്നുള്ള കോപ്റ്റിക് ഓർത്തഡോക്സ് ക്രിസ്ത്യാനികളായിരുന്നു. എന്നാൽ ഘാന സ്വദേശിയായ മാത്യു അയാരിഗ മാത്രമാണ് സംഘത്തിലുണ്ടായിരുന്ന ഏക കറുത്തവർഗക്കാരനായ ആഫ്രിക്കൻ വംശജൻ. തടവിലാക്കപ്പെട്ട സമയത്ത് അയാരിഗയോട് ഭീകരർ വിശ്വാസത്തെക്കുറിച്ച് ചോദിച്ചപ്പോൾ, മറ്റ് 20 ഈജിപ്ഷ്യൻ സഹോദരന്മാരെ ചൂണ്ടിക്കാട്ടി “ഇവരുടെ ദൈവമാണ് എന്റെയും ദൈവം” എന്ന് അദ്ദേഹം ധീരമായി പ്രഖ്യാപിക്കുകയായിരുന്നു.

2015 ഫെബ്രുവരി 21-ന് കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ തലവൻ തവാദ്രോസ് രണ്ടാമൻ, കൊല്ലപ്പെട്ട 21 പേരെയും വിശുദ്ധരായി പ്രഖ്യാപിച്ചു. 2023 മെയ് 11-ന് ഫ്രാൻസിസ് മാർപാപ്പ ഈ 21 രക്തസാക്ഷികളെയും റോമൻ രക്തസാക്ഷിപ്പട്ടികയിൽ (Roman Martyrology) ഉൾപ്പെടുത്തി. “ജലത്താൽ മാത്രമല്ല, രക്തത്താൽ സ്നാനം സ്വീകരിച്ചവരാണ് ഇവർ” എന്നാണ് ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിച്ചത്.

ടെക്സസിലെ പുതിയ ഇടവക വിശുദ്ധ മാത്യു അയാരിഗയുടെ നാമധേയത്തിലുള്ള ലോകത്തിലെ ആദ്യ ദൈവാലയം മാത്രമല്ല, അമേരിക്കയിലെ ആദ്യത്തെ ഘാന കത്തോലിക്ക ഇടവക കൂടിയാണ്. 2007 മുതൽ ആർലിംഗ്ടണിലെ സെന്റ് ജോസഫ് ദൈവാലയം കേന്ദ്രീകരിച്ചാണ് നോർത്ത് ടെക്സസിലെ ഘാന സമൂഹാംഗങ്ങൾ ഒന്നിച്ചുകൂടിയിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.