മാർപാപ്പയുടെ സെപ്റ്റംബർ മാസത്തെ പ്രാർഥനാനിയോഗം പ്രസിദ്ധീകരിച്ചു

ജലസംരക്ഷണവും ജലത്തിന്റെ നീതിയുക്തമായ വിതരണത്തിനായും സെപ്റ്റംബർ മാസം പ്രത്യേകമായി പ്രാർഥിക്കാൻ ലെയോ പതിനാലാമൻ പാപ്പ ആഹ്വാനം ചെയ്തു. പേപ്പൽ പ്രാർഥനാ നിയോഗങ്ങൾ ക്രോഡീകരിക്കുന്ന ‘പോപ്സ് വേൾഡ് വൈഡ് പ്രയർ നെറ്റ്വർക്ക് ഗ്രൂപ്പ്’ ആണ് പാപ്പയുടെ പ്രാർഥനാ നിയോഗം പ്രസിദ്ധീകരിച്ചത്.

“ജീവാമൃതമായ ജലത്തിന്റെ നീതിയുക്തവും സുസ്ഥിരവുമായ പരിപാലനത്തിനായി നമുക്ക് പ്രാർഥിക്കാം. അതുവഴി എല്ലാവർക്കും ഈ വിഭവത്തിലേക്ക് തുല്യമായ ലഭ്യത ഉറപ്പുവരുത്താൻ സാധിക്കട്ടെ,” മാർപാപ്പ സെപ്റ്റംബർ മാസത്തിലെ തന്റെ  പ്രാർഥനാസന്ദേശത്തിൽ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനും പ്രകൃതിവിഭവങ്ങൾ ഭാവിതലമുറയ്ക്കായി കരുതിവയ്ക്കാനും ലോകസമൂഹം മുന്നോട്ടുവരണമെന്ന് ഈ നിയോഗം ആഹ്വാനം ചെയ്യുന്നു. വത്തിക്കാന്റെ ഔദ്യോഗിക ചാനലുകൾ വഴി ഇതിനോടനുബന്ധിച്ചുള്ള വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

പ്രാർഥനയിലൂടെയും പ്രവൃത്തിയിലൂടെയും ക്രൈസ്തവരെ നയിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ‘പോപ്സ് വേൾഡ് വൈഡ് പ്രയർ നെറ്റ്വർക്ക്.’ 1844 ൽ ഫ്രാൻസിലെ ജെസ്യൂട്ട് സെമിനാരിയിൽ ആരംഭിച്ച അപ്പസ്തോലിക പ്രാർഥനാ നിയോഗത്തിന്റെ തുടർച്ചയായി 1929 ലാണ് പ്രാർഥനാ നിയോഗം കൂട്ടിച്ചേർത്ത് ഇവർ പ്രതിമാസ മധ്യസ്ഥ പ്രാർഥനാ നിയോഗം പ്രസിദ്ധീകരിച്ചു തുടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.