ആദ്യ കത്തോലിക്കാ ദിവ്യബലിയുടെ ശതാബ്ദി ആഘോഷിച്ച് നോർവെയിലെ സ്വൽബാദിലെ വിശ്വാസികൾ

ആദ്യമായി വിശുദ്ധ കുർബാന അർപ്പിച്ചതിന്റെ നൂറാം വാർഷികം ആഘോഷിച്ച് നോർവേയിലെ കത്തോലിക്കാ സമൂഹം. ഓഗസ്റ്റ് 30 ഞായറാഴ്ച ലോങ്‌യെയർബിയനിൽ വച്ച് ട്രോൺഹൈമിലെ മെത്രാനും ട്രോംസെയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ ബിഷപ്പ് എറിക് വാർഡൻ അർപ്പിച്ച ദിവ്യബലിയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. സ്വൽബാദ് ലൂഥറൻ ദൈവാലയത്തിൽ നടന്ന ദിവ്യബലിയർപ്പണത്തിന് ലൂഥറൻ സഭയുടെ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചിരുന്നു.

നോർവേയുടെ വടക്കൻ മേഖലയിലുള്ള ഈ വിദൂര ആർട്ടിക് ദ്വീപസമൂഹത്തിൽ വസിക്കുന്ന ചെറിയ കത്തോലിക്കാ സമൂഹത്തിന് ആത്മീയ പിന്തുണയും കൂട്ടായ്മയും നൽകുന്നതിന്റെ ഭാഗമായാണ് ബിഷപ്പിന്റെ ഈ സന്ദർശനം. അതികഠിനമായ തണുപ്പും ഒറ്റപ്പെടലും നിറഞ്ഞ ആർട്ടിക് മേഖലയിൽ ജീവിക്കുന്ന വിശ്വാസികൾക്ക് സഭയുടെ സാന്നിധ്യവും വിശുദ്ധ കുർബാനയും എത്തിച്ചുനൽകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ബിഷപ്പ് എറിക് വാർഡൻ സന്ദേശമധ്യേ ചൂണ്ടിക്കാട്ടി.

ഭൂമിശാസ്ത്രപരമായി ലോകത്തിന്റെ ഏറ്റവും വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ജനവാസ മേഖലകളിലൊന്നായ സ്വൽബാദിലെ വിശ്വാസികൾക്ക് ദിവ്യബലിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് വലിയ ആത്മീയ സന്തോഷത്തിന് വഴിയൊരുക്കി. പ്രദേശത്തെ ലൂഥറൻ ദൈവാലയം സൗകര്യപൂർവം വിട്ടുനൽകിയാണ് കത്തോലിക്കാ ദിവ്യബലി അർപ്പണത്തിന് പശ്ചാത്തലമൊരുക്കിയത്. പോളണ്ട്, ഫിലിപ്പീൻസ് തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളും ഗവേഷകരും അടങ്ങുന്ന കത്തോലിക്കാ വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.