ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: സെപ്റ്റംബർ 02

1946 സെപ്റ്റംബർ രണ്ടിനായിരുന്നു സ്വാതന്ത്ര്യ കൈമാറ്റത്തിന്റെ ഭാഗമായി ഇന്ത്യയിൽ ഇടക്കാല സർക്കാർ നിലവിൽവന്നത്. സ്വാതന്ത്ര്യ കൈമാറ്റം സുഗമമാക്കുന്നതിനായുള്ള താൽകാലിക ഭരണസംവിധാനമായിരുന്നു ഇത്. അതേ വർഷം ആഗസ്റ്റിൽ രൂപീകരിക്കപ്പെട്ട ഭരണഘടനാ നിർമ്മാണസമിതിയിൽ നിന്നാണ് ഇടക്കാല സർക്കാരിനെ തെരഞ്ഞെടുത്തത്. പണ്ഡിറ്റ് ജവഹർലാൽ നെഹ്രു ആയിരുന്നു സർക്കാരിന് നേതൃത്വം നൽകിയത്. സ്വതന്ത്ര ഇന്ത്യ നിലവിൽ വന്ന 1947 ആഗസ്ത് 15 ന് ഇടക്കാല ഗവൺമെന്റിന്റെ കാലാവധി അവസാനിച്ചു.

ഇന്ത്യയുടെ തെക്കേമുനമ്പിൽ, കന്യാകുമാരി തീരത്തുനിന്നും 500 മീറ്ററോളം അകലെ കടലിലായി സ്ഥിതിചെയ്യുന്ന വിവേകാനന്ദ സ്വാമികളുടെ സ്മാരകം രാജ്യത്തിനു സമർപ്പിച്ചത് 1970 സെപ്റ്റംബർ രണ്ടിനായിരുന്നു. അന്നത്തെ ഇന്ത്യൻ പ്രസിഡന്റായിരുന്ന വി വി ഗിരിയാണ് സ്മാരകം ഉദ്ഘാടനം ചെയ്തത്. വിവേകാനന്ദപ്പാറ എന്നുകൂടി അറിയപ്പെടുന്ന ഈ സ്മാരകം ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. സ്വാമി വിവേകാനന്ദൻ ഈ പാറയിലിരുന്ന് ധ്യാനിച്ചിരുന്നു എന്നാണ് കരുതപ്പെടുന്നത്. 1962 ൽ വിവേകാനന്ദ സ്വാമികളുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് സ്മാരകനിർമ്മാണത്തിനുള്ള ചിന്തകൾ ആരംഭിച്ചത്. അതേത്തുടർന്ന് പ്രാദേശികമായി ഉടലെടുത്ത തർക്കങ്ങൾ പരിഹരിച്ച് എട്ടുവർഷത്തിനുള്ളിൽ സ്മാരകനിർമ്മാണം പൂർത്തിയാക്കുകയായിരുന്നു.

രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ ഉള്ള പുരുഷതാരം എന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയത് 2021 സെപ്റ്റംബർ രണ്ടിനായിരുന്നു. ഖത്തർ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് എയിൽ അയർലണ്ടെനെതിരായ മത്സരത്തിൽ ഇരട്ട ഗോളോടെയായിരുന്നു റൊണാൾഡോയുടെ നേട്ടം. അതോടെ 111 ഗോളുകളാണ് പോർച്ചുഗീസിന്റെ താരം സ്വന്തം പേരിൽ കുറിച്ചത്. 180-ാമത്തെ രാജ്യാന്തര മത്സരത്തിലായിരുന്നു അദ്ദേഹത്തിന്റെ റെക്കോർഡ് നേട്ടം. 149 മത്സരത്തിൽ നിന്ന് 109 ഗോളുകൾ നേടിയ ഇറാന്റെ മുൻ താരം അലി ദേയിയുടെ റെക്കോർഡാണ് റോണാൾഡോ മറികടന്നത്. 2021 ജൂൺ മാസത്തിൽ യുവേഫ യൂറോകപ്പിൽ ഫ്രാൻസിനെതിരെ ഇരട്ട ഗോൾ നേടിയതു മുതൽ ഇതുവരെ റൊണാൾഡോ അലി ദേയിയുടെ റെക്കോർഡിനൊപ്പമായിരുന്നു.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.