
വിവാദപരമായ മതപരിവർത്തന നിരോധന ബിൽ നിയമസഭയിൽ അവതരിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും ഗോവയിലെ ബിജെപി സർക്കാർ അവസാന നിമിഷം പിൻവാങ്ങി. ഭരണപക്ഷത്തു തന്നെയുള്ള എംഎൽഎമാരിൽ നിന്ന് കടുത്ത എതിർപ്പ് ഉയർന്നതിനെ തുടർന്നാണ് നടപ്പുവർഷത്തെ മൺസൂൺ സമ്മേളനത്തിന്റെ അജണ്ടയിൽ നിന്ന് ബിൽ ഒഴിവാക്കാൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിർബന്ധിതനായത്. ബില്ലിനെതിരെ ഗോവയിലെ കത്തോലിക്ക സഭയും പ്രതിപക്ഷവും ശക്തമായ പ്രതിഷേധമാണ് ഉയർത്തിയിരുന്നത്.
നിയമസഭാ സമ്മേളനത്തിന്റെ ഒന്നാം ദിനം ബിൽ സഭയിൽ അവതരിപ്പിക്കാനായിരുന്നു സർക്കാർ പദ്ധതിയിട്ടിരുന്നത്. എന്നാൽ സഭാ നടപടികൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ബിജെപിയിലെ ക്രിസ്ത്യൻ എംഎൽഎമാരും സർക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര അംഗങ്ങളും ശക്തമായ വിയോജിപ്പ് അറിയിച്ചു. തുടർന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ക്രിസ്ത്യൻ എംഎൽഎമാരുമായി അടിയന്തര യോഗം ചേരുകയും ബിൽ അവതരിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് മന്ത്രിസഭ ഈ ബില്ലിന് അംഗീകാരം നൽകിയത്. എന്നാൽ ബിൽ സഭയിൽ എത്തിക്കുന്നതിന് മുൻപ് ആവശ്യമായ പഠനങ്ങളോ കൂടിയാലോചനകളോ നടന്നിട്ടില്ലെന്ന് ഭരണപക്ഷ എംഎൽഎമാർ കുറ്റപ്പെടുത്തി. “മന്ത്രിസഭ ബില്ലിന് അംഗീകാരം നൽകിയത് ധൃതിപിടിച്ചുള്ള തീരുമാനമായിരുന്നു. ബില്ലിലെ വ്യവസ്ഥകൾ വിശദമായി പഠിക്കേണ്ടതുണ്ട്. എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ കേൾക്കണം. എല്ലാവരുടെയും മതവിശ്വാസം പ്രധാനപ്പെട്ടതാണ്. കാര്യങ്ങൾ തെറ്റായ ദിശയിലാണ് പോകുന്നത്. ഗോവയ്ക്ക് നല്ലതായ കാര്യങ്ങൾ മാത്രം മതി, അതും കൃത്യമായ പഠനങ്ങൾക്ക് ശേഷം”- ബിജെപി എംഎൽഎ ആയ മൈക്കൽ ലോബോ പറഞ്ഞു.




