
നാലാം വർഷത്തിലേക്ക് കടന്ന ആഭ്യന്തര യുദ്ധത്തിനും വിദേശ സഹായങ്ങളിലെ വെട്ടിക്കുറയ്ക്കലിനും പിന്നാലെ, ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ മൂലമുണ്ടായ ഉൽപ്പാദനച്ചെലവ് വർധനവ് സുഡാനെ കൂടുതൽ രൂക്ഷമായ പട്ടിണി പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നതായി ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പ്രോഗ്രാം (WFP) മുന്നറിയിപ്പ് നൽകി.
നിലവിൽ സുഡാനിൽ ഏകദേശം 50 ലക്ഷത്തോളം ആളുകൾ ഗുരുതരമായ ഭക്ഷ്യക്ഷാമം നേരിടുന്നു. ഇതിൽ ഒരു ലക്ഷത്തിലധികം ആളുകൾ പട്ടിണി മരണത്തിന്റെ വക്കിലാണെന്ന് ഡബ്ല്യു.എഫ്.പിയുടെ ആക്ടിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കാൾ സ്‌കാവു വ്യക്തമാക്കുന്നു. അമേരിക്ക, ബ്രിട്ടൻ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവർ നൽകിയിരുന്ന ഫണ്ടുകളിൽ വെട്ടിക്കുറവ് വരുത്തിയതോടെ WFP-യ്ക്ക് 64.6 കോടി ഡോളറിന്റെ സാമ്പത്തിക ക്ഷാമം നേരിടുന്നുണ്ട്. ഫണ്ട് കുറഞ്ഞതോടെ മുൻപ് 50 ലക്ഷം പേർക്ക് നൽകിയിരുന്ന ആശ്വാസ സഹായം 35 ലക്ഷമായി ചുരുക്കേണ്ടി വന്നു.
സുഡാൻ സൈന്യവും പാര മിലിട്ടറി സേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (RSF) തമ്മിലുള്ള യുദ്ധം ദശലക്ഷക്കണക്കിന് ആളുകളെയാണ് ഭവനരഹിതരാക്കിയത് എന്നും ഡബ്ല്യു.എഫ്.പി ചൂണ്ടിക്കാട്ടുന്നു.




