
പട്ടിണി രൂക്ഷമായ സുഡാനിലും എത്യോപ്യയിലും അടിയന്തര ഭക്ഷ്യ-പോഷകാഹാര സഹായങ്ങൾ എത്തിക്കുന്നതിനായി യു.എസ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചർ (USDA), കാത്തലിക് റിലീഫ് സർവീസസ് (CRS) എന്നിവ വഴി 235 മില്യൺ ഡോളർ വരെ ലഭ്യമാക്കും. സി.ആർ.എസും (CRS) യു.എസ്.ഡി.എയും (USDA) തമ്മിലുള്ള തത്വാധിഷ്ഠിത ഉടമ്പടി പ്രകാരം, അമേരിക്കയിൽ ഉൽപ്പാദിപ്പിച്ച 1,10,000 മെട്രിക് ടണ്ണിലധികം കാർഷിക ഉൽപ്പന്നങ്ങൾ ഈ രണ്ട് കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് എത്തിക്കുമെന്ന് ജൂലൈ 14-ന് പുറത്തിറക്കിയ യു.എസ്.ഡി.എയുടെ പ്രസ്താവനയിൽ പറയുന്നു.
“അമേരിക്കൻ കർഷകർ ലോകത്തിന് ആഹാരവും ഇന്ധനവും വസ്ത്രവും നൽകുന്നു. പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിൽ, ഈ ഉൽപ്പന്നങ്ങൾ ആവശ്യമുള്ളവരെ സഹായിക്കാൻ ഞങ്ങൾ ഉപയോഗിക്കുകയാണ്. ഒപ്പം യു.എസ് ഭക്ഷ്യസഹായത്തിന്റെ പ്രയോജനങ്ങൾ, ഈ സഹായം സാധ്യമാക്കുന്ന അമേരിക്കയിലെ കഠിനാധ്വാനികളായ കർഷകരിലേക്കും കന്നുകാലി വളർത്തുകാരിലേക്കും ഉൽപ്പാദകരിലേക്കും തിരികെ എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു” – യു.എസ്.ഡി.എയുടെ ട്രേഡ് ആന്റ് ഫോറിൻ അഗ്രികൾച്ചറൽ അഫയേഴ്സ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറി മിഷേൽ ബെക്കറിംഗ് പ്രസ്താവനയിൽ പറഞ്ഞു.
2025-ൽ യു.എസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റിന്റെ (USAID) ആഗോള ആരോഗ്യ-മാനുഷിക പ്രവർത്തനങ്ങൾ ട്രംപ് ഭരണകൂടം സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റുമായി ലയിപ്പിച്ചതിനെത്തുടർന്ന് സി.ആർ.എസിന് (CRS) ലഭിച്ചിരുന്ന ഫെഡറൽ പിന്തുണയിൽ വലിയ കുറവുണ്ടായിരുന്നു. മുൻപ് സി.ആർ.എസിന്റെ 1.5 ബില്യൺ ഡോളർ ബജറ്റിന്റെ പകുതിയോളം നൽകിയിരുന്നത് യു.എസ്.എ.ഐ.ഡി (USAID) ആയിരുന്നു.
സുഡാനിലെയും എത്യോപ്യയിലെയും പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് ഈ കരാർ വളരെ നിർണ്ണായകമായ ഒരു നിമിഷത്തിലാണ് ലഭിച്ചതെന്ന് സി.ആർ.എസ് പ്രസിഡന്റും സി.ഇ.ഒയുമായ സീൻ കാലഹൻ ജൂലൈ 14-ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. ലോകമെമ്പാടും ജീവൻരക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന മറ്റ് വിശ്വസ്ത സംഘടനകൾക്കും, അങ്ങേയറ്റം ദുർബലരായ കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും ഇത്തരം നിർണ്ണായക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.




