
പാക്കിസ്ഥാനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ രണ്ട് കത്തോലിക്കാ യുവാക്കൾ വെടിയേറ്റു മരിച്ചതിനെത്തുടർന്ന് കടുത്ത ഭീതിയിലായിരിക്കുകയാണ് പ്രാദേശിക ക്രൈസ്തവ സമൂഹം. മസ്തൂങ് നഗരത്തിൽ ഉണ്ടായ ഭീകരാക്രമണത്തിലാണ് കത്തോലിക്കരായ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടത്. ഈ കൊലപാതകം പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ക്രൈസ്തവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും വർധിപ്പിച്ചിരിക്കുകയാണ്.
അപ്രതീക്ഷിതമായി ഉണ്ടായ ഈ ആക്രമണത്തിൽ ക്രൈസ്തവ സമൂഹം കടുത്ത അമർഷത്തിലാണ്. മൃതദേഹങ്ങൾ അടങ്ങിയ ആംബുലൻസുകൾ ക്വറ്റ-കറാച്ചി ദേശീയപാതയിൽ നിർത്തിയിട്ട് ഇരകളുടെ ബന്ധുക്കളും സുഹൃത്തുക്കളും വലിയ രീതിയിൽ പ്രതിഷേധം രേഖപ്പെടുത്തി. ഏകദേശം 1.5 കോടി ജനസംഖ്യയുള്ള ബലൂചിസ്താനിൽ ക്രൈസ്തവർ ജനസംഖ്യയുടെ 0.5 ശതമാനത്തിൽ താഴെ മാത്രമാണ്. ഭൂരിപക്ഷവും മുസ്ലിം ജനവിഭാഗം താമസിക്കുന്ന മസ്തൂങ് നഗരത്തിൽ വെറും അമ്പതോളം ക്രൈസ്തവ കുടുംബങ്ങൾ മാത്രമാണ് ജീവിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നിന്ന് കുടിയേറിയവരും ശുചീകരണ തൊഴിലാളികളായി ജോലി ചെയ്യുന്നവരുമാണ്. സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നാക്കം നിൽക്കുന്നവരാണ് ഇവർ.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സമാനമായ രീതിയിൽ അഞ്ച് വലിയ ആക്രമണങ്ങളിലായി 18 ക്രൈസ്തവരാണ് ബലൂചിസ്താനിൽ കൊല്ലപ്പെട്ടത്. തദ്ദേശീയരായ ബലൂച് വിഭാഗക്കാരിൽ നിന്ന് വ്യത്യസ്തമായ വസ്ത്രധാരണ രീതിയും പഞ്ചാബി പശ്ചാത്തലവും ഉള്ളതിനാൽ, ഇവർ അക്രമികൾക്ക് എളുപ്പത്തിൽ ലക്ഷ്യം വെക്കാവുന്ന ഇരകളായി മാറുന്നുവെന്ന് കത്തോലിക്കാ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങൾ ചൂണ്ടിക്കാണിക്കുന്നു.




