വിദേശത്തുള്ള ഇറാഖി ക്രൈസ്തവരോട് ജന്മനാട്ടിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്ത് ഇറാഖ് പ്രധാനമന്ത്രി

വിദേശത്ത് കഴിയുന്ന ഇറാഖി ക്രൈസ്തവരോട് തങ്ങളുടെ ജന്മനാട്ടിലേക്ക് മടങ്ങിവരാൻ ആഹ്വാനം ചെയ്ത് ഇറാഖ് പ്രധാനമന്ത്രി അലി ഫാലിഹ് അൽ സെയ്ദി. കൽദായ പാത്രിയർക്കീസ് പോൾ മൂന്നാമൻ നോനയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്, ഇറാഖ് വിട്ടുപോകാൻ നിർബന്ധിതരായ ക്രൈസ്തവരുടെ മടങ്ങിവരവ് തന്റെ സർക്കാരിന്റെ ദേശീയ മുൻഗണനയായി മാറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

ക്രിസ്ത്യൻ കുടുംബങ്ങൾക്ക് മടങ്ങിവരാൻ ആവശ്യമായ പിന്തുണ നൽകാൻ സർക്കാർ തയ്യാറാണെന്നും രാജ്യത്തെ ‘ഒരു ദശലക്ഷം പാർപ്പിടഭൂമി’ (1 million residential land plot) പദ്ധതിയിൽ ഇവർക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇറാഖിന്റെ ശക്തി അതിന്റെ വംശീയ-മത-സാംസ്കാരിക വൈവിധ്യങ്ങളിലും ജനങ്ങളുടെ ഐക്യത്തിലുമാണെന്ന് ചൂണ്ടിക്കാട്ടിയ അൽ സെയ്ദി, ക്രിസ്ത്യാനികളെ ‘ഇറാഖി സമൂഹത്തിന്റെ സജീവവും അവിഭാജ്യവുമായ ഘടകമെന്നും രാഷ്ട്രനിർമ്മാണത്തിലും ഇറാഖിന്റെ ചരിത്രവും ഭാവിയും രൂപപ്പെടുത്തുന്നതിലുമുള്ള പ്രധാന പങ്കാളികൾ’ എന്നും അദ്ദേഹം വിശേഷിപ്പിച്ചു.

വിദേശത്ത് കഴിയുന്ന ഇറാഖി ക്രിസ്ത്യൻ ബിസിനസ്സ് പ്രമുഖരോടും നിക്ഷേപകരോടും നാട്ടിലേക്ക് മടങ്ങിവരാനും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്തി രാജ്യത്തിന്റെ പുനർനിർമ്മാണത്തിൽ പങ്കാളികളാകാനും പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ചു. രാജ്യത്ത് സ്ഥിരത ഉറപ്പാക്കാനും അവരുടെ പദ്ധതികൾ വിജയിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ചയ്ക്കും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആവശ്യമായ പിന്തുണ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഈ നടപടികളെയും ഇറാഖിലെ ക്രിസ്ത്യൻ സമൂഹത്തെ പിന്തുണയ്ക്കാനുള്ള അദ്ദേഹത്തിന്റെ പ്രതിജ്ഞാബദ്ധതയെയും പാത്രിയർക്കീസ് നോന അഭിനന്ദിച്ചു. സർക്കാരിന്റെ ഈ നിലപാട് വിദേശത്ത് കഴിയുന്ന ഇറാഖി ക്രൈസ്തവർക്ക് നാട്ടിലേക്ക് മടങ്ങാൻ വലിയൊരു സന്ദേശമാണ് നൽകുന്നതെന്നും രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.