
റഷ്യ-ഉക്രൈൻ യുദ്ധത്തിന് മാനുഷികമായ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വത്തിക്കാന്റെ പ്രത്യേക സമാധാന ദൂതനും ഇറ്റാലിയൻ ബിഷപ്സ് കോൺഫറൻസ് പ്രസിഡന്റുമായ കർദിനാൾ മത്തെയോ മരിയ സുപ്പി ഉക്രൈനിൽ സന്ദർശനം ആരംഭിച്ചു. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായിട്ടാണ് അദ്ദേഹം ഉക്രൈനിലെത്തിയിരിക്കുന്നത്.
റഷ്യൻ സൈന്യത്തിന് വേണ്ടി പോരാടുന്നതിനിടെ ഉക്രൈൻ സൈന്യത്തിന്റെ പിടിയിലായ വിദേശ തടവുകാരെ പാർപ്പിച്ചിരിക്കുന്ന ലിവീവ് (Lviv) മേഖലയിലെ തടങ്കൽ പാളയം സന്ദർശിച്ചാണ് കർദിനാൾ സുപ്പി തന്റെ രണ്ടാമത്തെ സന്ദർശനത്തിന് തുടക്കം കുറിച്ചത്. ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രത്യേക സമാധാന സന്ദേശവും പ്രാർഥനയും തടവുകാരിലേക്ക് എത്തിച്ച കർദിനാൾ സുപ്പി, യുദ്ധം അവസാനിച്ച് എല്ലാവർക്കും എത്രയും വേഗം സ്വന്തം വീടുകളിലേക്ക് മടങ്ങാൻ സാധിക്കട്ടെയെന്ന് ആശംസിച്ചു.
അമ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള തടവുകാരാണ് ഈ ക്യാമ്പിൽ കഴിയുന്നത്. ഫ്രഞ്ച്, സ്പാനിഷ് ഭാഷകളിൽ അവരുമായി സംസാരിച്ച കർദിനാൾ, അവരുടെ പ്രയാസങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു. യുദ്ധത്തിൽ ഒരു കാൽ നഷ്ടപ്പെട്ട 25 വയസ്സുള്ള ഒരു യുവാവിനെ ആശ്വസിപ്പിച്ച അദ്ദേഹം, എത്രയും വേഗം കൃത്രിമക്കാൽ വെക്കാൻ സാധിക്കട്ടെയെന്ന് ആശംസിച്ചു.
ക്യാമ്പിലെ ചാപ്പലിൽ നടന്ന പ്രാർഥനയ്ക്ക് ശേഷം, ഹൃദയത്തിൽ നിന്ന് തിന്മകളെ മുഴുവൻ പുറന്തള്ളാനും ദൈവത്തിലുള്ള പ്രത്യാശ കൈവിടാതിരിക്കാനും അദ്ദേഹം തടവുകാരെ ആഹ്വാനം ചെയ്തു. ഉക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം കർദിനാൾ സുപ്പി നടത്തുന്ന രണ്ടാമത്തെ പ്രധാന സമാധാന ദൗത്യമാണിത്. ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശപ്രകാരം 2023 ജൂണിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സന്ദർശനം. അന്ന് ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായും മറ്റ് രാഷ്ട്രീയ-മത നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയ അദ്ദേഹം പിന്നീട് മോസ്കോ, വാഷിംഗ്ടൺ, ബീജിംഗ് എന്നിവിടങ്ങളും സന്ദർശിച്ചിരുന്നു.
യുദ്ധത്തിൽ റഷ്യയിലേക്ക് നാടുകടത്തപ്പെട്ട ഉക്രേനിയൻ കുട്ടികളെ തിരികെ എത്തിക്കുക, തടവുകാരുടെ കൈമാറ്റം സുഗമമാക്കുക, യുദ്ധത്തിൽ മരിച്ചവരുടെ ഭൗതികശരീരങ്ങൾ ജന്മനാട്ടിലേക്ക് മടക്കിക്കൊണ്ടുവരാനുമുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുക തുടങ്ങിയ മാനുഷികമായ ആവശ്യങ്ങൾ മുൻനിർത്തിയാണ് വത്തിക്കാൻ ഈ സമാധാന ദൗത്യവുമായി മുന്നോട്ട് പോകുന്നത്.




