
നാൽപതിലധികം വർഷങ്ങളായി ഒരു ഗവേഷണ സ്ഥാപനം എന്ന നിലയിൽ പ്രവർത്തിക്കുന്ന വത്തിക്കാന്റെ ഉടമസ്ഥതയിലുള്ള ‘ബാംബിനോ ജെസു’ എന്ന കുട്ടികളുടെ ആശുപത്രി, ലോകമെമ്പാടുമുള്ള കുട്ടികൾക്ക് സാധ്യമായ ഏറ്റവും മികച്ച പരിചരണം ഉറപ്പാക്കുന്നതോടൊപ്പം പീഡിയാട്രിക് മെഡിക്കൽ ഗവേഷണരംഗത്തും മുൻപന്തിയിൽ തുടരുന്നു. ഈ ആശുപത്രി കൈവരിച്ച ഏറ്റവും പുതിയ നേട്ടങ്ങളിൽ ഒന്നായി, ജനിതകരോഗങ്ങൾക്കെതിരെയുള്ള നൂതനചികിത്സകൾ വികസിപ്പിക്കുന്നതിനായി 2025 ഒക്ടോബറിൽ ഒരു പുതിയ ജീൻ തെറാപ്പി ലബോറട്ടറി ഉദ്ഘാടനം ചെയ്യുകയുണ്ടായി.
“ഗവേഷണരംഗത്ത് നമ്മൾ എപ്പോഴും മുൻപന്തിയിൽ തന്നെ നിൽക്കണം. അത് നമ്മുടെ നേട്ടങ്ങളിൽ അഭിമാനിക്കാൻ വേണ്ടിയല്ല, മറിച്ച് കുട്ടികളുടെ ജീവൻ രക്ഷിക്കാനും അവരുടെ ഭാവിക്ക് തണലാകാനുമുള്ള ഏറ്റവും പുതിയ ചികിത്സാരീതികൾ കണ്ടെത്താൻ നമ്മൾ ബാധ്യസ്ഥരായതുകൊണ്ടാണ്. അതാണ് ഞങ്ങൾക്ക് ഏറ്റവും പ്രധാനം. കുട്ടികൾക്ക് ഏറ്റവും ആധുനികമായ ചികിത്സകൾ ലഭിക്കണം, അത് എല്ലാവർക്കും പ്രാപ്യവുമായിരിക്കണം. ബാംബിനോ ജെസുവിന്റെ പ്രത്യേകതയും അതുതന്നെയാണ്; ഞങ്ങൾ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുന്ന ഒന്നാണ് ഇത്” – ആശുപത്രി പ്രസിഡന്റ് ടിസിയാനോ ഒനെസ്റ്റി പറഞ്ഞു.
യൂറോപ്പിലെ ഏറ്റവും വലിയ കുട്ടികളുടെ ആശുപത്രിയും ഗവേഷണകേന്ദ്രവുമായ ഈ ആശുപത്രിക്ക് റോമിലും ഇറ്റാലിയൻ മേഖലയായ ലാസിയോയിലുമായി ആറ് കേന്ദ്രങ്ങളാണുള്ളത്. അയ്യായിരത്തോളം ജീവനക്കാരുള്ള ഇവിടെ ഏതാണ്ട് രണ്ടായിരം പേരാണ് ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്.
ഇറ്റാലിയൻ നാഷണൽ ഹെൽത്ത് സർവീസുമായി സഹകരിച്ച് രോഗികൾക്ക് സൗജന്യചികിത്സ നൽകുന്ന പരിശുദ്ധ സിംഹാസനത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ ആശുപത്രിയാണിത്.
പാരീസിലെ ‘ഹോപ്പിറ്റൽ ഡെസ് എൻഫാന്റ്സ് മലാഡിസ്’ എന്ന സ്ഥാപനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, 1869-ൽ ഡച്ചസ് അറബെല്ല ഫിറ്റ്സ് ജെയിംസ് സാൽവിയാത്തിയാണ് റോമിൽ കുട്ടികളുടെ ഈ ആശുപത്രി സ്ഥാപിച്ചത്. ‘ഡോട്ടേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ’ സന്ന്യാസിനിമാരാണ് ആദ്യം ഈ ആശുപത്രി നടത്തിക്കൊണ്ടിരുന്നത്. പിന്നീട് 1887-ൽ ആശുപത്രി അതിന്റെ ആദ്യ സ്ഥാനത്തുനിന്ന് ജാനിക്കുലം കുന്നിലേക്ക് (Janiculum Hill) മാറ്റിസ്ഥാപിച്ചു. ‘ഉണ്ണിയേശുവിന്റെ സ്പന്ദിക്കുന്ന ഹൃദയം’ എന്നാണ് പ്രസിഡന്റ് ഒനെസ്റ്റി ഈ ആശുപത്രിയെ വിശേഷിപ്പിക്കുന്നത്.
1922-ൽ റോമിന് പടിഞ്ഞാറുള്ള തീരദേശ നഗരമായ സാന്താ മരിനെല്ലയിൽ ഇതിന്റെ രണ്ടാമതൊരു ശാഖ കൂടി ആരംഭിച്ചു, ഇത് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. രണ്ട് വർഷത്തിന് ശേഷം, സാൽവിയാത്തി കുടുംബം ഈ ആശുപത്രിസമുച്ചയം മുഴുവനായി പയസ് പതിനൊന്നാമൻ മാർപാപ്പയ്ക്കും പരിശുദ്ധ സിംഹാസനത്തിനുമായി ദാനം ചെയ്തു. 1985-ൽ ഇതൊരു ഔദ്യോഗിക ഗവേഷണ സ്ഥാപനമായി അംഗീകരിക്കപ്പെട്ടത് ആശുപത്രിയുടെ ചരിത്രത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലായിരുന്നു.
നാല് പതിറ്റാണ്ടുകൾക്ക് ശേഷവും, ഏറ്റവും സങ്കീർണ്ണമായ പീഡിയാട്രിക് കേസുകൾക്കുള്ള ഗവേഷണം, സാങ്കേതികവിദ്യ, പരിചരണം എന്നിവയിൽ ഈ ആശുപത്രി നിർണ്ണായക പങ്ക് വഹിച്ചുവരുന്നു. 2022-ൽ ഇവിടെ ഒരു പീഡിയാട്രിക് പാലിയേറ്റീവ് കെയർ സെന്റർ ആരംഭിച്ചു. ഇത് കിടക്കകളുടെ എണ്ണത്തിൽ ഇറ്റലിയിലെ തന്നെ ഏറ്റവും വലിയ കേന്ദ്രമാണ്.
2000-ൽ ആരംഭിച്ച റോബോട്ടിക്സ് ആൻഡ് മോഷൻ അനാലിസിസ് ലബോറട്ടറിയുടെയും, പത്ത് വർഷത്തിന് ശേഷം ആരംഭിച്ച ക്ലിനിക്കൽ ട്രയൽസ് സെന്ററിന്റെയും സഹായത്തോടെ, 2024-ൽ കുട്ടികളിലെ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾക്കുള്ള ലോകത്തിലെ ആദ്യത്തെ CAR-T സെൽ തെറാപ്പികൾ ഈ ആശുപത്രി വികസിപ്പിച്ചെടുത്തു.
ഏതാണ്ട് 700 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ, 2025 ഒക്ടോബർ 28-ന് ഉദ്ഘാടനം ചെയ്ത ജീൻ തെറാപ്പി ലബോറട്ടറിയിൽ, ജനിതകമാറ്റം വരുത്തിയ കോശ ചികിത്സകൾ (cell therapies) ഗവേഷണം ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും അത്യാധുനിക സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്. 2014-ൽ ആശുപത്രിയുടെ സാൻ പോളോ കാമ്പസിൽ ആരംഭിച്ച ഗവേഷണസമുച്ചയത്തിന്റെ ഭാഗമായ ഫാർമസ്യൂട്ടിക്കൽ വർക്ക്‌ഷോപ്പിലാണ് ഈ ചികിത്സാരീതികൾ നടത്തുന്നത്.




