മനുഷ്യജീവിതത്തിലെ നിർണായക തീരുമാനങ്ങൾ യന്ത്രങ്ങളെ ഏൽപ്പിക്കുന്നത് അപകടകരമെന്ന് ലെയോ പാപ്പ

നിർമ്മിത ബുദ്ധിയും (AI) ഡിജിറ്റൽ സാങ്കേതികവിദ്യകളും വേഗത്തിൽ വളരുന്ന ഇക്കാലത്ത്, മനുഷ്യജീവിതത്തെ ബാധിക്കുന്ന പ്രധാന തീരുമാനങ്ങൾ യന്ത്രങ്ങളെ ഏൽപ്പിക്കുന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നുവെന്ന് ലെയോ പതിനാലാമൻ പാപ്പ. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്ട്രേറ്റീവ് സയൻസസ് (IIAS) പ്രതിനിധികളുമായി വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഈ മുന്നറിയിപ്പ് നൽകിയത്.

നിർമ്മിത ബുദ്ധിയുടെ അതിവേഗ മുന്നേറ്റം ഭാവിയിൽ ഈ സാങ്കേതികവിദ്യകളെ നിയന്ത്രിക്കാൻ മനുഷ്യന് സാധിക്കുമോ എന്ന ചോദ്യം ഉയർത്തുന്നുണ്ട്. സ്വന്തം കണ്ടുപിടുത്തങ്ങളുടെ തന്നെ ഇരകളായി മനുഷ്യരാശി മാറുംവിധം കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ ജാഗ്രത വേണമെന്ന് പാപ്പ ചൂണ്ടിക്കാട്ടി. “ഇന്നത്തെ ഏറ്റവും ഗൗരവമേറിയ പ്രശ്നങ്ങളിലൊന്ന് മനുഷ്യജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങൾ യന്ത്രങ്ങളെ ഏൽപ്പിക്കുന്നു എന്നതാണ്. സാങ്കേതിക മുന്നേറ്റങ്ങൾക്ക് മുന്നിൽ മാനുഷിക ബുദ്ധിയുടെയും വിവേചനശേഷിയുടെയും പകരക്കാരനില്ലാത്ത പ്രാധാന്യം ഉയർത്തിപ്പിടിക്കേണ്ടതുണ്ട്,” പാപ്പ പറഞ്ഞു.

പൊതുജനനന്മയെക്കാളും ധാർമ്മിക മൂല്യങ്ങളെക്കാളും ഉപരിയായി പ്രമുഖ സാമ്പത്തിക-സാങ്കേതിക ശക്തികളുടെ സ്വകാര്യ താല്പര്യങ്ങളിലേക്ക് സാങ്കേതികവിദ്യ കേന്ദ്രീകരിക്കപ്പെടുന്നതിൽ പാപ്പ ആശങ്ക പ്രകടിപ്പിച്ചു. ഇത് കാര്യക്ഷമമായി നിയന്ത്രിക്കാൻ ഭരണകൂടങ്ങൾക്ക് സാധിക്കുന്നില്ല. അതിനാൽ നിർമ്മിത ബുദ്ധിയും ഡിജിറ്റൽ സംവിധാനങ്ങളും സമാധാനത്തിനും മനുഷ്യജീവിതത്തിന്റെ നന്മയ്ക്കുമായി മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാൻ വ്യക്തമായ ധാർമ്മിക ചട്ടക്കൂട് രൂപീകരിക്കണമെന്നും പാപ്പ ആവശ്യപ്പെട്ടു.

നിർമ്മിത ബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ മനുഷ്യന്റെ അന്തസ്സിന് ഭീഷണിയാകാത്ത വിധം മാനുഷിക മൂല്യങ്ങളിൽ അധിഷ്ഠിതമായി പൊതുഭരണ സംവിധാനങ്ങളിൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് പഠനങ്ങൾ നടത്തണമെന്ന ആഹ്വാനത്തോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.