
നോർവേ രാജാവ് ഹരാൾഡ് അഞ്ചാമന്റെ വേർപാടിൽ ലെയോ പതിനാലാമൻ മാർപാപ്പ അനുശോചനം രേഖപ്പെടുത്തി. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ആഗസ്റ്റ് 28 ന് രാവിലെയാണ് അന്തരിച്ചത്. 35-ൽ അധികം വർഷങ്ങൾ രാജ്യത്തെ നയിച്ച പ്രിയപ്പെട്ട ഭരണാധികാരിയായിരുന്നു അദ്ദേഹം.
പുതിയ രാജാവായ ഹാക്കൺ എട്ടാമനും രാജകുടുംബത്തിനും നോർവേയിലെ മുഴുവൻ ജനങ്ങൾക്കും മാർപ്പാപ്പ ആശ്വാസത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം അയച്ചു. പരേതനായ രാജാവ് രാജ്യത്തിന് നൽകിയ മഹത്തായ സേവനങ്ങളെ മാർപ്പാപ്പ കൃതജ്ഞതയോടെ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നതായും കത്തിൽ വ്യക്തമാക്കുന്നുണ്ട്.
രാജാവിന്റെ വേർപാടിൽ നോർവേയിലെ സഭാധ്യക്ഷന്മാരും ജനങ്ങളും വലിയ ദുഃഖത്തിലാണ്. ജനങ്ങളെ ചേർത്തുപിടിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹമെന്ന് ബിഷപ്പ് എറിക് വാർഡൻ അനുസ്മരിച്ചു. പരേതനായ രാജാവിനും പുതിയ രാജാവിനും വേണ്ടി രാജ്യത്തുടനീളം പ്രത്യേക പ്രാർത്ഥനകൾ നടന്നു വരികയാണ്.




