മാർപാപ്പയ്ക്ക് ‘സമാധാനത്തിന്റെ കാസ’ സമ്മാനിക്കാൻ ഒരുങ്ങി പ്രശസ്ത അർജന്റീനിയൻ ശില്പി

ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ആഗോള സമാധാനത്തിന്റെ പ്രതീകമായി ‘സമാധാനത്തിന്റെ കാസ’ സമ്മാനിക്കാൻ പ്രശസ്ത അർജന്റീനിയൻ വെള്ളിശില്പിയും സ്വർണ്ണപ്പണിക്കാരനുമായ ഹുവാൻ കാർലോസ് പല്ലാറോൾസ്. യുദ്ധങ്ങളിൽ ഉപയോഗിച്ച വെടിയുണ്ടകൾ ഉരുക്കിയെടുത്ത ലോഹം ഉപയോഗിച്ചാണ് പാപ്പയ്ക്കുള്ള ഈ അമൂല്യ സമ്മാനം അദ്ദേഹം നിർമ്മിക്കുന്നത്.

ലോകസമാധാനത്തിന് വേണ്ടിയുള്ള സന്ദേശമുയർത്തിയാണ് പല്ലാറോൾസ് ഈ സവിശേഷമായ കാസയുടെ നിർമ്മാണം ആരംഭിച്ചിട്ടുള്ളത്. മാൽവിനാസ് (ഫോക്ക്‌ലാന്റ്) യുദ്ധം, രണ്ടാം ലോകമഹായുദ്ധം ഉൾപ്പെടെ വിവിധ യുദ്ധമുഖങ്ങളിൽ ഉപയോഗിച്ച വെടിയുണ്ടകളുടെ ലോഹഭാഗങ്ങളാണ് സമാധാനത്തിന്റെ സന്ദേശമായി ഈ കാസയിലേക്ക് മാറ്റുന്നത്. “തോക്കുകളിൽ നിന്നും വെടിയുണ്ടകളിൽ നിന്നും മരണമല്ല, മറിച്ച് സമാധാനമാണ് ഉദ്ഭവിക്കേണ്ടത്” എന്ന സന്ദേശമാണ് ഈ കലാസൃഷ്ടിയിലൂടെ താൻ നൽകാൻ ആഗ്രഹിക്കുന്നതെന്ന് 82-കാരനായ പല്ലാറോൾസ് പറഞ്ഞു.

പാപ്പയ്ക്ക് നേരിട്ട് കൈമാറുന്നതിന് മുന്നോടിയായി ഈ കാസ അർജന്റീനയിലെ വിവിധ പ്രവിശ്യകളിലൂടെയും ലെയോ പതിനാലാമൻ പാപ്പ മുൻപ് ബിഷപ്പായി ശുശ്രൂഷ ചെയ്ത പെറുവിലെ ചിക്കലായോ (Chiclayo) രൂപതയിലൂടെയും വിശ്വാസികളുടെ പങ്കാളിത്തത്തോടെ പ്രദർശിപ്പിച്ചു വരികയാണ്. പതിനായിരക്കണക്കിന് സാധാരണക്കാരായ ജനങ്ങൾ ഇതിൽ കൊത്തുപണികൾ (Cincelado) നടത്തുന്നതിനായി തങ്ങളുടെ പങ്ക് കൂട്ടിച്ചേർക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങളുടെ പ്രാർഥനകളും ആഗ്രഹങ്ങളും വത്തിക്കാനിലെത്തിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിൽ ഉണ്ട്.

അർജന്റീനയിലെ രാഷ്ട്രപതിമാരുടെ ഭരണദണ്ഡുകളും മുൻ മാർപാപ്പമാർക്കുള്ള കാസകളും നിർമ്മിച്ച് ആഗോളതലത്തിൽ ശ്രദ്ധേയനായ കലാകാരനാണ് ഹുവാൻ കാർലോസ് പല്ലാറോൾസ്. നിർമ്മാണം പൂർത്തിയാകുന്നതോടെ പല്ലാറോൾസ് വത്തിക്കാനിലെത്തി ലെയോ പതിനാലാമൻ പാപ്പയ്ക്ക് ഈ അപൂർവ ഉപഹാരം നേരിട്ട് സമർപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.