
വരും മാസങ്ങളിൽ ലെയോ പതിനാലാമൻ മാർപാപ്പ അധ്യക്ഷത വഹിക്കുന്ന ലിറ്റർജിക്കൽ ശുശ്രൂഷകളുടെ കലണ്ടർ വത്തിക്കാൻ പുറത്തിറക്കി. കുടുംബത്തിലെ സ്നേഹത്തെക്കുറിച്ചുള്ള ‘അമോരിസ് ലെത്തീസ്യ’ (Amoris laetitia) എന്ന അപ്പസ്തോലിക പ്രബോധനത്തിന്റെ പ്രസിദ്ധീകരണത്തിന്റെ പത്താം വാർഷിക സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച്, ഒക്ടോബർ 14 ന് ലെയോ പതിനാലാമൻ മാർപാപ്പ വിശുദ്ധ കുർബാന അർപ്പിക്കും.
ആധുനിക ലോകത്തിലെ കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഫ്രാൻസിസ് മാർപാപ്പ വിളിച്ചുചേർത്ത രണ്ട് വർഷത്തെ സിനഡിനെ തുടർന്ന്, 2016 മാർച്ച് 19-ന് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിലാണ് ‘അമോരിസ് ലെത്തീസ്യ’ പ്രസിദ്ധീകരിച്ചത്. പ്രസിദ്ധീകരണത്തിന്റെ പത്താം വാർഷികത്തിൽ, ‘അമോരിസ് ലെത്തീസ്യ’യിലെ പഠനങ്ങൾ പരിശോധിക്കുന്നതിനും ഇന്നത്തെ കുടുംബങ്ങളിലേക്ക് സുവിശേഷം എങ്ങനെ എത്തിക്കാമെന്ന് ചർച്ച ചെയ്യുന്നതിനുമായി മാർപാപ്പ ലോകമെമ്പാടുമുള്ള ബിഷപ്പ് കോൺഫറൻസുകളുടെ പ്രസിഡന്റുമാരെ റോമിലെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
വരാനിരിക്കുന്ന ലിറ്റർജിക്കൽ ശുശ്രൂഷകൾ
വരും ആഴ്ചകളിൽ, റോമിന് പുറത്തുള്ള ചെറിയ ഗ്രാമമായ ജെനസാനോയിലെ ‘ഔർ ലേഡി ഓഫ് ഗുഡ് കൗൺസെൽ’ ബസിലിക്ക ദൈവാലയത്തിലെ വിശുദ്ധ കുർബാന ഉൾപ്പെടെ നിരവധി ലിറ്റർജിക്കൽ ചടങ്ങുകൾക്ക് ലെയോ മാർപാപ്പ നേതൃത്വം നൽകും. 2025 മെയ് പത്തിന് തെരഞ്ഞെടുക്കപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം മാർപാപ്പ ഈ ദൈവാലയം സന്ദർശിച്ചിരുന്നു. മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുൻപ് ലെയോ പാപ്പ അംഗമായിരുന്ന അഗസ്റ്റീനിയൻ സന്യാസ സമൂഹമാണ് ഈ ബസിലിക്കയുടെ ചുമതല വഹിക്കുന്നത്.
സെപ്റ്റംബർ അവസാനത്തോടെ, മാർപാപ്പ ഫ്രാൻസിലേക്ക് അപ്പസ്തോലിക സന്ദർശനം നടത്തും. യുനെസ്കോയുടെ (UNESCO) ആസ്ഥാന സന്ദർശനവും ഇതിൽ ഉൾപ്പെടുന്നു. സെപ്റ്റംബർ 25 മുതൽ 28 വരെയുള്ള നാല് ദിവസത്തെ സന്ദർശന വേളയിൽ പാരീസ്, ലൂർദ്, മെറ്റ്സ് എന്നിവിടങ്ങളിൽ നടക്കുന്ന വിവിധ ശുശ്രൂഷകളിൽ പാപ്പ പങ്കെടുക്കും.
ഒക്ടോബർ എട്ടിന് പൊന്തിഫിക്കൽ സർവകലാശാലകളുടെ അധ്യയന വർഷാരംഭത്തോട് അനുബന്ധിച്ച് ലെയോ മാർപാപ്പ വിശുദ്ധ കുർബാന അർപ്പിക്കും.




