നേപ്പാളിലെ പ്രളയത്തിൽ മരണം 579 കടന്നു; 2000 ത്തിലധികം പേരെ കാണാനില്ല

നേപ്പാളിലും ടിബറ്റ് അതിർത്തിയിലും ഉണ്ടായ ശക്തമായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും 320 ഇന്ത്യൻ പൗരന്മാരെ കാണാനില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം (MEA) അറിയിച്ചു. പ്രകൃതിദുരന്തത്തിൽ നേപ്പാളിൽ ആകെ മരിച്ചവരുടെ എണ്ണം 579 ആയി ഉയർന്നു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കവെ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.

നേപ്പാളിൽ ഇതുവരെ 320 ഇന്ത്യക്കാരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജൈസ്വാൾ വ്യക്തമാക്കി. കൂടാതെ, കൈലാസ് മാനസരോവർ യാത്രയ്ക്കായി പോയി മറ്റ് രാജ്യങ്ങളുടെ പൗരത്വമുള്ളവരും എന്നാൽ ഇന്ത്യൻ വേരുകളുള്ളവരുമായ നൂറോളം പേരെയും കണ്ടെത്താനായിട്ടില്ല.

ചൈനയുടെ ഭാഗമായ ടിബറ്റിൽ 400 ഇന്ത്യൻ പൗരന്മാർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവർ സുരക്ഷിതരാണെന്നും കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇതിൽ 153 ഇന്ത്യൻ പൗരന്മാർ സുരക്ഷിതമായി നേപ്പാളിലേക്ക് കടന്നിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള 21 തീർഥാടകരെ രക്ഷപ്പെടുത്തി വെള്ളിയാഴ്ച ഉച്ചയോടെ ഡൽഹിയിൽ എത്തിച്ചു. ഇവർക്ക് പുറമെ ത്രിശൂലി-1 ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്തിരുന്ന 63 ഇന്ത്യൻ തൊഴിലാളികളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിലെത്തിച്ച സംഘത്തെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നേരിട്ടെത്തി സ്വീകരിച്ചു.

നേപ്പാളിലെ ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യ ഇതിനോടകം 57.5 ടൺ അടിയന്തര സഹായവസ്തുക്കൾ മൂന്ന് സൈനിക വിമാനങ്ങളിലായി എത്തിച്ചിട്ടുണ്ട്. പത്ത് ടൺ ദുരിതാശ്വാസ സാമഗ്രികളുമായി വെള്ളിയാഴ്ച വൈകുന്നേരവും ഒരു വിമാനം അയച്ചു. കൂടാതെ, 11 അംഗ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും സംഘത്തെയും തുരങ്കങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള വിദഗ്ധരെയും നേപ്പാളിലേക്ക് നിയോഗിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.