റവ. ഡോ. ജോസഫ് കൊയിക്കക്കുടി എൻഡോവ്മെന്റ് പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു

ഇന്ത്യൻ ഓറിയന്റൽ കാനൻ ലോ സൊസൈറ്റിയുടെ സ്ഥാപകനും പ്രഥമ പ്രസിഡന്റുമായിരുന്ന റവ. ഡോ. ജോസഫ് കൊയിക്കക്കുടിയുടെ സഭാനിയമ മേഖലയിലെ സംഭാവനകളുടെ സ്മരണയും പൈതൃകവും നിലനിർത്തുന്നതിനായി ഏർപ്പെടുത്തിയ റവ. ഡോ. ജോസഫ് കൊയിക്കക്കുടി എൻഡോവ്മെന്റ് പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു. പൗരസ്ത്യ സഭാ നിയമ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ 2026 ആഗസ്റ്റ് 28-ന് നടന്ന പ്രഭാഷണപരമ്പരയുടെ ഈ വർഷത്തെ പൊതു വിഷയം ‘സഭാജീവിതത്തിൽ അത്മായരുടെ വിളിയും ദൗത്യവും’ എന്നതായിരുന്നു.

പൗരസ്ത്യ സഭാ നിയമപണ്ഡിതൻ, ധാർമ്മിക ദൈവശാസ്ത്രജ്ഞൻ, എക്യുമെനിസത്തിന്റെ പ്രചാരകൻ എന്നീ നിലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു റവ. ഡോ. ജോസഫ് കൊയിക്കക്കുടി. മാതൃസഭയോടും അവളുടെ പാരമ്പര്യങ്ങളോടും ആഴമേറിയ സ്നേഹവും വിശ്വസ്തതയും പുലർത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയുടെ റെക്ടറായി അദ്ദേഹം സേവനമനുഷ്ഠിച്ച കാലഘട്ടത്തിലാണ് കോട്ടയത്തെ പൗരസ്ത്യ വിദ്യാപീഠം എന്നറിയപ്പെടുന്ന പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസിന്റെ ദൈവശാസ്ത്ര ഫാക്കൽറ്റി സ്ഥാപിതമായത്. അദ്ദേഹത്തിന്റെ സഭാനിയമരംഗത്തെ സംഭാവനകളുടെ സ്മരണ നിലനിർത്തുന്നതിനാണ് എൻഡോവ്മെന്റ് പ്രഭാഷണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസിന്റെ പ്രസിഡന്റ് റവ. ഡോ. പോളി മണിയാട്ട് എൻഡോവ്മെന്റ് പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്തു. സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി റെക്ടർ റവ. ഡോ. ഡൊമിനിക് വെച്ചൂർ ആമുഖസന്ദേശം നൽകി. പൗരസ്ത്യ സഭാ നിയമ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ. ഡോ. റോയ് ജോസഫ് കടുപ്പിൽ, പ്രോഗ്രാം കോഓർഡിനേറ്റർ റവ. ഡോ. സെബാസ്റ്റ്യൻ ജോസഫ് മുട്ടംതൊട്ടിൽ MCBS, സഭാനിയമ വിദ്യാർഥികൾ എന്നിവർ പരിപാടികൾ ക്രമീകരിക്കുന്നതിന് നേതൃത്വം നൽകി.

അക്കാദമിക് സെഷനുകൾ

ആദ്യ അക്കാദമിക് സെഷനിൽ “ദൈവജനമെന്ന നിലയിൽ സഭ: ചരിത്ര-ദൈവശാസ്ത്രപരമായ വിശകലനം” എന്ന വിഷയത്തിൽ റവ. ഡോ. വർഗീസ് കൊച്ചുപറമ്പിൽ പ്രബന്ധം അവതരിപ്പിച്ചു. “ജ്ഞാനസ്നാനത്തിലൂടെ ലഭിക്കുന്ന മഹത്വത്തിൽ നിന്ന് സഭയിലെ സഹഉത്തരവാദിത്വത്തിലേക്ക്: CCEOയുടെ വെളിച്ചത്തിൽ അത്മായ വിശ്വാസികളുടെ അവകാശങ്ങളും കടമകളും” എന്ന വിഷയത്തിൽ റവ. ഡോ. ജോഷി കുളത്തുങ്കൽ പ്രബന്ധം അവതരിപ്പിച്ചു. സെഷന് റവ. ഡോ. സിറിയക് ജോൺ വലിയകുന്നുംപുറത്ത് മോഡറേറ്ററായി.

രണ്ടാം അക്കാദമിക് സെഷനിൽ “സഭയുടെ പ്രബോധന-ഭരണ നിർവഹണവും അത്മായ വിശ്വാസികളുടെ പങ്കും” എന്ന വിഷയത്തിൽ റവ. ഡോ. സെബാസ്റ്റ്യൻ ജോസഫ് മുട്ടംതൊട്ടിൽ എം സി ബി എസ്, “നീതിനിർവഹണത്തിൽ അത്മായ വിശ്വാസികളുടെ പങ്ക്” എന്ന വിഷയത്തിൽ റവ. ഡോ. വർഗീസ് പാലത്തിങ്കൽ, “ഇടവകാജീവിതത്തിലെ അത്മായ വിശ്വാസികളുടെ ആലോചനാപരമായ പങ്കാളിത്തം: പള്ളിയോഗവും മറ്റ് സമിതികളും” എന്ന വിഷയത്തിൽ റവ. ഡോ. റോയ് ജോസഫ് കടുപ്പിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. റവ. ഡോ. ജോർജ് തെക്കേക്കര സെഷന് നേതൃത്വം നൽകി.

മൂന്നാം അക്കാദമിക് സെഷനിൽ “സഭയുടെ വിശുദ്ധീകരണ ദൗത്യവും അത്മായ വിശ്വാസികളുടെ പങ്കും” എന്ന വിഷയത്തിൽ റവ. ഫാ. ജോയ്സൺ ചൂതമ്പറമ്പിൽ, “ ലൂമെൻ ജെൻസ്യത്തിലും അപ്പോസ്തോലികം ആക്തുവോസിതാതേം-ലും ഹയരാർക്കിയും അത്മായരും തമ്മിലുള്ള ബന്ധം” എന്ന വിഷയത്തിൽ റവ. ഫാ. തോമസ് വെള്ളൂർപുത്തൻപുരയ്ക്കൽ, “ക്രിസ്തിഫിദേലെസ് ലായിച്ചി-ൽ സഭയുടെ ദൗത്യത്തിൽ അത്മായ വിശ്വാസികളുടെ സഹഉത്തരവാദിത്വം” എന്ന വിഷയത്തിൽ റവ. ഫാ. ജിജോ കൂനാനിക്കൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. റവ. ഡോ. വർഗീസ് മറ്റത്തിൽ സെഷന്റെ മോഡറേറ്ററായിരുന്നു.

തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ ഡയറക്ടർ റവ. ഡോ. ജെയിംസ് തലച്ചെല്ലൂർ മോഡറേറ്ററായി പാനൽ ചർച്ച നടന്നു. സഭയുടെ ദൗത്യത്തിലും ഭരണക്രമത്തിലും ആരാധനാജീവിതത്തിലും നീതിനിർവഹണത്തിലും ഇടവകാതലത്തിലുള്ള ആലോചനാ സംവിധാനങ്ങളിലും അത്മായ വിശ്വാസികളുടെ പങ്കാളിത്തത്തെ സഭാനിയമത്തിന്റെയും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെയും പിൽക്കാല സഭാപ്രബോധനങ്ങളുടെയും വെളിച്ചത്തിൽ ആഴത്തിൽ പഠിക്കുന്നതിനുള്ള വേദിയായി ഈ വർഷത്തെ എൻഡോവ്മെന്റ് പ്രഭാഷണങ്ങൾ മാറി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.