
വി. ഫ്രാൻസിസ് അസീസിയുടെ ആത്മീയചൈതന്യവും ജീവിതമാതൃകയും ലോകത്ത് വലിയ മാറ്റങ്ങളും നന്മകളും സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ വിശ്വാസികളെ ആഞ്ചലൂസ് പ്രാർഥനയ്ക്കു മുന്നോടിയായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ.
“ക്രൂശിതനായ ക്രിസ്തുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഫ്രാൻസിസ് തന്റെ ജീവിതം ക്രിസ്തുവെന്ന ഉറച്ച അടിത്തറയിലാണ് പണിതുയർത്തിയത്. അവിടുത്തെ ദാരിദ്ര്യത്തിലും സന്തോഷത്തിലും കഷ്ടപ്പാടുകളിലും പങ്കുചേർന്ന അദ്ദേഹത്തിന് ഒടുവിൽ പഞ്ചക്ഷതങ്ങൾ ലഭിക്കുകയും ചെയ്തു. സഹോദരസ്നേഹത്തിന്റെ സാക്ഷ്യത്തിലൂടെ ഭിന്നതകൾ പരിഹരിച്ചുകൊണ്ട് യേശുവിലുള്ള വിശ്വാസത്താൽ അദ്ദേഹം സഭയെ വീണ്ടെടുത്തു,” പാപ്പ പറഞ്ഞു.
സഭ എന്ന മുന്തിരിത്തോപ്പ് ക്രിസ്ത്യാനികളുടെ സംരക്ഷണയിലാണ് ഏൽപിക്കപ്പെട്ടിരിക്കുന്നതെന്നും നമ്മുടെ ഓരോ തീരുമാനങ്ങളും സഭയുടെ വളർച്ചയ്ക്കോ, തകർച്ചയ്ക്കോ കാരണമാകുമെന്നും ഓർമ്മിപ്പിച്ചുകൊണ്ടാണ് മാർപാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.




