
ലോകമെമ്പാടുമുള്ള അൻപത് കോടിയിലധികം (500 million) ക്രിസ്തുമതവിശ്വാസികൾ ബൈബിൾ ലഭ്യമാകുന്നതിലും ഉപയോഗിക്കുന്നതിലും കടുത്ത നിയന്ത്രണങ്ങളും പ്രതിസന്ധികളും നേരിടുന്നതായി ആഗോള പഠന റിപ്പോർട്ട്. ‘ബൈബിൾ ആക്സസ് ലിസ്റ്റ് 2026’ (Bible Access List 2026) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്.
സർക്കാർ നിയന്ത്രണങ്ങൾ, തീവ്രവാദ അക്രമങ്ങൾ, സാമൂഹിക-കുടുംബ സമ്മർദങ്ങൾ തുടങ്ങിയ വിവിധ കാരണങ്ങളാൽ ബൈബിൾ കൈവശം വയ്ക്കുന്നതിനും വായിക്കുന്നതിനും തടസ്സങ്ങൾ നേരിടുന്നുണ്ട്. ഇതിൽ 25 കോടിയിലധികം ആളുകൾ കടുത്ത വിവേചനവും വിലക്കുകളുമാണ് നേരിടുന്നത്. ലോകത്തിലെ 39 രാജ്യങ്ങളിൽ ബൈബിൾ അച്ചടിക്കുന്നതിനും വിതരണം ചെയ്യുന്നതിനും നിരോധനമോ കടുത്ത നിയന്ത്രണങ്ങളോ ഉണ്ട്. 34 രാജ്യങ്ങളിൽ വ്യക്തിപരമായി ബൈബിൾ കൈവശം വയ്‌ക്കുന്നത് പോലും ശിക്ഷാർഹമാണ്.
അഫ്ഗാനിസ്ഥാൻ, യെമൻ, സൊമാലിയ, ഉത്തര കൊറിയ, എറിത്രിയ തുടങ്ങിയ രാജ്യങ്ങളാണ് ബൈബിൾ ലഭ്യമാകുന്നതിൽ ഏറ്റവും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ളത്. ഭരണകൂട വിലക്കുകൾക്ക് പുറമേ, ദാരിദ്ര്യം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, വൈദ്യുതിയില്ലായ്മ, നിരക്ഷരത തുടങ്ങിയ കാരണങ്ങളാൽ 33 രാജ്യങ്ങളിലായി 55 കോടിയോളം ക്രിസ്ത്യാനികൾക്ക് ബൈബിൾ സ്വന്തമാക്കാൻ സാധിക്കുന്നില്ല. ബൈബിൾ ആപ്പുകളും ഡിജിറ്റൽ പതിപ്പുകളും വ്യാപകമാണെങ്കിലും, ഇന്റർനെറ്റ് സൗകര്യമില്ലാത്ത പ്രദേശങ്ങളിലെ 40 കോടിയോളം ആളുകൾക്ക് ഇത് ലഭ്യമാകുന്നില്ല. കൂടാതെ, ചൈന ഉൾപ്പെടെയുള്ള 48 രാജ്യങ്ങളിൽ ഇന്റർനെറ്റ് വഴി ബൈബിൾ വായിക്കുന്നതും ഡൗൺലോഡ് ചെയ്യുന്നതും സുരക്ഷിതമല്ലെന്നും നിരന്തരമായ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ബൈബിൾ സ്വന്തമാക്കാൻ ആഗ്രഹിച്ചിട്ടും ഒരു പ്രതിപോലും കൈവശമില്ലാത്ത 12.5 കോടിയോളം (125 million) ക്രിസ്ത്യാനികൾ ലോകത്തുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, എത്യോപ്യ, നൈജീരിയ, ഇന്ത്യ, ഉഗാണ്ട എന്നീ രാജ്യങ്ങളിലാണ് ബൈബിൾ ക്ഷാമം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത്.




