പ്രിൻസ്റ്റണിൽ നിന്നുള്ള മറ്റൊരു തത്ത്വശാസ്ത്രജ്ഞൻ കൂടി കത്തോലിക്കാ സഭയിലേക്ക്

പ്രിൻസ്റ്റൺ സർവകലാശാലയിലെ തത്ത്വശാസ്ത്ര ഡോക്ടറൽ വിദ്യാർഥിയായ നോഹ മക്കെ, താൻ കത്തോലിക്കാ സഭ സ്വീകരിച്ചതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തിന്മയുടെ സാന്നിധ്യവും ‘ദൈവത്തിന്റെ അദൃശ്യതയും’ ഉൾപ്പെടെ, വിശ്വാസവുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങളോട് വർഷങ്ങളോളം തനിക്ക് പോരാടേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വിശ്വാസത്തെ സാധൂകരിക്കുന്ന അദ്ഭുതങ്ങൾക്ക് അനുകൂലമായി കത്തോലിക്കാ സഭയിലുള്ള തെളിവുകളാണ് തങ്ങളെ സഭയിലേക്ക് നയിക്കാൻ സഹായിച്ചതെന്ന് നോഹ മക്കെ പറഞ്ഞു. ദൈവത്തിന്റെ നിലനിൽപ്പിൽ ഏറ്റവും കുറഞ്ഞത് ചെറിയൊരു ശതമാനമെങ്കിലും ആത്മവിശ്വാസം നോഹ മക്കെയ്ക്ക് എപ്പോഴുമുണ്ടായിരുന്നു.

ഈ വർഷം കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്ന പ്രിൻസ്റ്റണിലെ രണ്ടാമത്തെ തത്ത്വശാസ്ത്ര പണ്ഡിതനാണ് മക്കെ. മുൻപ് വർഷങ്ങളോളം യുട്യൂബിൽ അജ്ഞേയതാവാദം (Agnosticism) പ്രമേയമാക്കി ചാനൽ നടത്തിയിരുന്ന ജോ സ്മിഡ് (Joe Schmid), ഈ വേനൽക്കാലത്തിന്റെ തുടക്കത്തിലാണ് സഭയിലേക്കുള്ള തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്.

“ഞാൻ ഒരിക്കലും ഒരു നിരീശ്വരവാദിയായിരുന്നില്ല; അജ്ഞേയതാവാദിയായിരുന്നു എന്നും കരുതുന്നില്ല,” മക്കെ പറയുന്നു. എന്നിരുന്നാലും, ഹൈസ്കൂൾ, ഗ്രാജുവേഷൻ പഠനകാലത്ത് കടുത്ത അനിശ്ചിതത്വങ്ങൾ അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നു.

“ദൈവത്തിലുള്ള വിശ്വാസം പൂർണ്ണമായി ഉപേക്ഷിച്ചില്ലെങ്കിലും, ജീവന്റെ ഉദ്ഭവത്തിനായി ഭൗതികശാസ്ത്രത്തിൽ ദൃശ്യമാകുന്ന സൂക്ഷ്മമായ ക്രമീകരണങ്ങളെ (fine-tuning) അടിസ്ഥാനമാക്കിയുള്ള വാദങ്ങളും, ആധുനിക ക്രിസ്തീയ അദ്ഭുതങ്ങളുടെ വ്യക്തമായ തെളിവുകളുമാണ് ദൈവവിശ്വാസത്തിൽ തനിക്ക് ഉറപ്പുനൽകിയത്,” അദ്ദേഹം പറഞ്ഞു.

“മനുഷ്യന്റെ ബോധമണ്ഡലം (consciousness), ധാർമ്മിക വിജ്ഞാനം, പ്രകൃതിഭംഗി എന്നിവയിൽ നിന്നുള്ള വാദങ്ങളും ഇതിൽ വലിയ പങ്കുവഹിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു തത്ത്വശാസ്ത്ര പണ്ഡിതൻ വിജ്ഞാനപരമായ അന്വേഷണങ്ങളിലൂടെ സഭയിലേക്ക് ആകർഷിക്കപ്പെടുന്നു എന്നത് അദ്ഭുതപ്പെടുത്തുന്ന ഒന്നല്ല. ഉദാഹരണത്തിന്, താൻ സഭയിലേക്ക് തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ, ആപത്കൽപ്പിത വാദങ്ങളാണ് (contingency arguments) ദൈവത്തിന്റെ നിലനിൽപ്പിൽ തന്നെ ബോധ്യപ്പെടുത്തിയതെന്ന് സ്മിഡ് പറഞ്ഞിരുന്നു.

അതേസമയം, കത്തോലിക്കാ അദ്ഭുതങ്ങൾക്ക് അനുകൂലമായ തെളിവുകളാണ് തന്നെ കത്തോലിക്കാ സഭയിലേക്ക് നയിക്കാൻ സഹായിച്ചതെന്ന് മക്കെ ചൂണ്ടിക്കാണിക്കുന്നു.

ആ അദ്ഭുതങ്ങൾ കത്തോലിക്കാ സഭയുടെ സവിശേഷമായ ഉപദേശങ്ങളെ മുൻനിർത്തിയുള്ളതാണെന്നും, മക്കെ വിശ്വസിച്ചിരുന്ന പൊതുവായ ക്രിസ്തീയ അദ്ഭുതങ്ങളുടെ തെളിവുകളേക്കാൾ നല്ലതോ അല്ലെങ്കിൽ അതിന് തുല്യമോ ആണ് കത്തോലിക്കാ അദ്ഭുതങ്ങളുടെ തെളിവുകളെന്നും അദ്ദേഹം വാദിച്ചു.

സത്യസന്ധത പുലർത്തണമെങ്കിൽ, ഈ കത്തോലിക്കാ അദ്ഭുതങ്ങളെ ഒന്നുകിൽ പൂർണ്ണമായി സ്വീകരിക്കണം അല്ലെങ്കിൽ നിഷേധിക്കണമെന്ന് തനിക്ക് തോന്നിയിരുന്നതായി അദ്ദേഹം പറഞ്ഞു. “എന്നാൽ അവയെല്ലാം പൂർണ്ണമായി തള്ളിക്കളയുന്നത് യുക്തിസഹമല്ലെന്നുള്ള രീതിയിൽ തെളിവുകൾ വളരെ ശക്തമായിരുന്നു!” അദ്ദേഹം വ്യക്തമാക്കി.

കത്തോലിക്കാ വിശ്വാസത്തിന്റെ സത്യസന്ധത തന്നെ ബോധ്യപ്പെടുത്തിയത് ഈ അദ്ഭുതങ്ങൾ മാത്രമല്ലെന്നും, എന്നാൽ “സഭയുടെ ചരിത്രത്തിലേക്കും ദൈവശാസ്ത്രത്തിലേക്കും കൂടുതൽ ശ്രദ്ധയോടെ ഇറങ്ങിച്ചെല്ലാൻ ഇത് എന്നെ പ്രേരിപ്പിച്ചു” എന്നും കത്തോലിക്കാ സഭയ്ക്ക് അനുകൂലമായി കണ്ട തെളിവുകൾ “വളരെ ശക്തമായിരുന്നു” എന്നും അദ്ദേഹം പറഞ്ഞു.

കത്തോലിക്കാ സഭയെക്കുറിച്ച് ചിന്തിക്കുന്നവരോ, സഭയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരോ ആയ ആളുകളോട് ഈ അദ്ഭുതങ്ങളെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ട് തുടക്കം കുറിക്കാൻ അദ്ദേഹം അഭ്യർഥിച്ചു.

പ്രശസ്ത കത്തോലിക്കാ യുട്യൂബ് അപ്പോളജിസ്റ്റ് കാമറൂൺ ബെർട്ടുസിയുമായുള്ള (Cameron Bertuzzi) അഭിമുഖത്തിൽ, “നിങ്ങൾ ക്രിസ്തുമതം സത്യമാണെന്ന് സ്വീകരിച്ചു കഴിഞ്ഞാൽ, കത്തോലിക്കാ സഭയിലേക്കുള്ള കടന്നുവരവ് തടയാനാവാത്തതാണ്” എന്ന് മക്കെ വാദിച്ചു.

“എന്നാൽ നിങ്ങൾ പൂർണ്ണവിവരങ്ങൾ മനസ്സിലാക്കുകയും, എല്ലാ തെളിവുകളും പരിശോധിക്കുകയും ചെയ്യുകയാണെങ്കിൽ, കത്തോലിക്കാ വിശ്വാസം സ്വീകരിക്കുക എന്നത് ഒഴിവാക്കാനാവാത്ത ഒന്നായി മാറും,” അദ്ദേഹം പറഞ്ഞു.

“കത്തോലിക്കാ സഭയെക്കുറിച്ച് വിവേചിച്ചറിയാൻ ശ്രമിച്ച സമയത്ത് ജപമാല ചൊല്ലുന്നത് എനിക്ക് വളരെ ഉപകാരപ്രദമായി തോന്നി. സത്യം ആത്മാർഥമായി അന്വേഷിക്കാനും അത് കണ്ടെത്താനുള്ള വഴികൾ തുറന്നു തരാനും ദൈവത്തോട് യാചിക്കുക. ആത്മാർഥമായും പ്രാർഥനാപൂർവവും ക്രിസ്തുവിനെ അന്വേഷിക്കുന്നവർ അവനെ കണ്ടെത്തും.” അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.