
ഇരുചക്രവാഹന യാത്രക്കാരനെ സഹായിക്കുന്നതിനിടയിൽ റോമിൽ വാഹനം ഇടിച്ചു മരിച്ച യുവ സ്കൗട്ടിന്റെ നാമകരണ നടപടികൾ ആരംഭിച്ചു. റോമിലെ എ-1 ഹൈവേയിൽ വച്ച് ഒരു വാഹനയാത്രക്കാരനെ സഹായിക്കാൻ ശ്രമിക്കുന്നതിനിടയിൽ ട്രക്ക് ഇടിച്ച് മരിച്ച ലൊറൻസോ കുനിയോയുടെ വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടികൾ ആണ് ആരംഭിച്ചത്.
മറ്റുള്ളവർക്ക് വേണ്ടി നിസ്വാർഥമായി ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹത്തിന്റെ മാതൃകാപരമായ ജീവിതവും ജീവകാരുണ്യ പ്രവർത്തനങ്ങളും കണക്കിലെടുത്താണ് ഈ നടപടി. രൂപതാ തലത്തിൽ ഉള്ള നടപടികൾക്കാണ് ആരംഭം കുറിച്ചിരിക്കുന്നത്. ദീർഘകാലത്തെ സൂക്ഷ്മമായ പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് ഈ പ്രക്രിയ ഔദ്യോഗികമായി ആരംഭിച്ചിരിക്കുന്നത്. അദ്ദേഹത്തെ നേരിട്ടറിഞ്ഞിരുന്ന കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, വൈദികർ എന്നിവരുടെ സാക്ഷ്യപ്പെടുത്തലുകളും ഇതിനായി ശേഖരിച്ചിട്ടുണ്ട് എന്ന് ഈ നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററായ പൗലോ വില്ലോട്ട വെളിപ്പെടുത്തി.
റോമിൽ ജനിച്ചു വളർന്ന ലൊറൻസോ കുനിയോ ചെറുപ്പകാലം മുതൽ തന്നെ തന്റെ ക്രിസ്തീയ ജീവിതം കെട്ടിപ്പടുക്കാൻ അനുയോജ്യമായ ഒരു ഇടമായി സ്കൗട്ടിംഗിനെ മാറ്റിയിരുന്നു. “ചെറുപ്പം മുതലേ അദ്ദേഹം സഭയുമായി വളരെ അടുത്തു പ്രവർത്തിച്ചിരുന്നു, പ്രത്യേകിച്ച് സ്കൗട്ട്സ് പ്രസ്ഥാനത്തിലൂടെ”- പോസ്റ്റുലേറ്റർ വ്യക്തമാക്കി.
നാമകരണ നടപടികൾക്ക് നേതൃത്വം നൽകുന്നവരെ സംബന്ധിച്ചിടത്തോളം, ലൊറൻസോയുടെ ഈ മരണം അദ്ദേഹത്തിന്റെ സമഗ്രമായ ജീവിതത്തിൽ നിന്ന് വേർപെടുത്തി കാണാൻ കഴിയില്ല. “മറ്റുള്ളവർക്കായി മാറ്റിവച്ച ഒരു ജീവിതത്തിന്റെ അവസാനത്തെ പ്രതിഫലനമായിരുന്നു ആ സംഭവം. അയൽക്കാരെ സഹായിക്കാൻ യാതൊരു മടിയുമില്ലാതെ സ്വമേധയാ മുന്നോട്ടുവരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം,” പോസ്റ്റുലേറ്റർ വ്യക്തമാക്കി.




