
സങ്കടങ്ങളും പ്രയാസങ്ങളും വരുമ്പോൾ ദൈവത്തിലേക്ക് തിരിയുക എന്നത് നമ്മെ സംബന്ധിച്ചിടത്തോളം സാധാരണമായ ഒരു കാര്യമാണ്. കാരണം പ്രതിസന്ധികളിൽ ദൈവമല്ലാതെ മറ്റാരും നമ്മെ സഹായിക്കാൻ ഉണ്ടാവില്ലല്ലോ. പ്രതിസന്ധികളിൽ എന്നപോലെ തന്നെ നാം സന്തോഷമായിരിക്കുമ്പോഴും പ്രാർഥിക്കുകയും ദൈവത്തോട് അടുത്തിരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
സന്തോഷമുള്ള നേരങ്ങളിൽ ദൈവവചനം ധ്യാനിക്കുന്നത് നമുക്ക് ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ച് നന്ദിയുള്ളവരായിരിക്കാനും വരാനിരിക്കുന്ന പരമമായ സന്തോഷത്തെക്കുറിച്ചുള്ള പ്രതീക്ഷ നിലനിർത്താനും നമ്മെ സഹായിക്കും. ജീവിതത്തിന് കൂടുതൽ ആനന്ദവും അർഥവും നൽകാൻ സഹായിക്കുന്ന ആറു തിരുവചനങ്ങൾ ഇതാ:
1 . ‘പോയി സന്തോഷത്തോടുകൂടെ അപ്പം ഭക്ഷിക്കുക, ആഹ്ലാദഭരിതനായി വീഞ്ഞുകുടിക്കുക. കാരണം, നീ ചെയ്യുന്നത് ദൈവം അഗീകരിച്ചു കഴിഞ്ഞതാണ്. നിന്റെ വസ്ത്രം എപ്പോഴും ശുഭ്രമായിരിക്കട്ടെ; നീ തലയിൽ എണ്ണ പുരട്ടാതിരിക്കരുത്. സൂര്യനു കീഴേ ദൈവം നിനക്കു നൽകിയിരിക്കുന്ന വ്യർഥമായ ജീവിതം നീ സ്നേഹിക്കുന്ന ഭാര്യയോടൊത്ത് ആസ്വദിക്കുക, കാരണം, അതു നിന്റെ ജീവിതത്തിന്റെയും സൂര്യനു കീഴേ നീ ചെയ്യുന്ന പ്രയത്നത്തിന്റെയും ഓഹരിയാണ്.’ (സഭാ. 9 / 7 -9)
2. ‘അനന്തരം അവൻ അവരോടു പറഞ്ഞു: നിങ്ങൾ പോയി വിഭവസമൃദ്ധമായ ഭക്ഷണവും മധുരവീഞ്ഞും കഴിക്കുക. ആഹാരമില്ലാത്തവന് ഓഹരി കൊടുത്തയയ്ക്കുകയും ചെയ്യുക. ഈ ദിവസം കർത്താവിനു വിശുദ്ധമാണ്. നിങ്ങൾ വിലപിക്കരുത്. അവിടുത്തെ സന്തോഷമാണ് നിങ്ങളുടെ ബലം.’ (നെഹ. 8 /10)
3. ‘സന്തുഷ്ടമായ ഹൃദയം മുഖത്തെ പ്രസന്നമാക്കുന്നു; ഹൃദയവ്യഥ ഉൻമേഷം കെടുത്തിക്കളയുന്നു.’ (സുഭാ. 15 / 13)
4. ‘കർത്താവിൽ ആനന്ദിക്കുക; അവിടുന്നു നിന്റെ ആഗ്രഹങ്ങൾസാധിച്ചുതരും.’ (സങ്കീ. 37 /4)
5. ‘ഇപ്രകാരം അനുഗ്രഹം ലഭിച്ച ജനതഭാഗ്യമുള്ളത്, കർത്താവു ദൈവമായുള്ള ജനത ഭാഗ്യമുള്ളത്.’ (സങ്കീ. 144/15)
6. ‘നിങ്ങൾ എപ്പോഴും നമ്മുടെ കർത്താവിൽ സന്തോഷിക്കുവിൻ; ഞാൻ വീണ്ടും പറയുന്നു, നിങ്ങൾ സന്തോഷിക്കുവിൻ.’ (ഫിലിപ്പി 4 / 4)




