
ലെയോ പതിനാലാമൻ പാപ്പയെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങൾ നടത്തി കാത്തിരിക്കുകയാണ് മോണ്ടെവീദിയോയും അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സും. സന്ദർശത്തോടനുബന്ധിച്ച് പാപ്പയുടെ ചിത്രങ്ങളും സന്ദേശങ്ങളും നിറഞ്ഞ പതാകകളും ലൈറ്റുകളും തെരുവോരങ്ങളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു.
കൂടാതെ വത്തിക്കാന്റെ ഔദ്യോഗിക പതാകയുടെ നിറങ്ങളായ മഞ്ഞയും വെള്ളയും നിറങ്ങളിൽ നിയമസഭാ മന്ദിരം ദീപാലങ്കാരം കൊണ്ട് പ്രകാശപൂരിതമാക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞു. “ഞങ്ങൾ ഇത് പുറമേ കാണിക്കാൻ വേണ്ടി മാത്രം ചെയ്യുന്നതല്ല; അങ്ങയുടെ സന്ദേശത്തിന്റെ കാതലായ ആശയങ്ങളോട് പൂർണ്ണമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഞങ്ങൾ ഇത് ചെയ്യുന്നു: ജീവന്റെ സംരക്ഷണം, കുടുംബങ്ങളുടെ ഉന്നമനം, ഈ സാങ്കേതിക യുഗത്തിൽ മനുഷ്യത്വത്തെ പരിപാലിക്കുക എന്നിവയ്ക്കായുള്ള അങ്ങയുടെ ആഹ്വാനത്തോടൊപ്പം ഞങ്ങൾ അണിനിരക്കുന്നു,” പ്രതിനിധി റോഡ്രിഗോ ഗോണി റെയേസ് ഒരു വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
നവംബർ എട്ടിന് മാർപാപ്പ എത്തിച്ചേരുകയും ഭരണാധികാരികളുടെ സ്വീകരണം ഏറ്റുവാങ്ങുകയും ചെയ്യുന്ന ബ്യൂണസ് അയേഴ്സ് നഗരത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി, നവംബർ അഞ്ചു മുതൽ നവംബർ 12 വരെ ഇടവകകൾ, സ്കൂളുകൾ, സന്യാസ ഭവനങ്ങൾ, സഭയുടെ കീഴിലുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സഭാമേഖലകളിലെയും കെട്ടിടങ്ങളിൽ അർജന്റീനയുടെയും വത്തിക്കാന്റെയും പതാകകൾ ഉയർത്തണമെന്ന് അതിരൂപത ആഹ്വാനം ചെയ്തു.
ലെയോ പതിനാലാമൻ മാർപാപ്പ രാജ്യത്ത് എത്തിച്ചേരാൻ നിശ്ചയിച്ചിരിക്കുന്ന സമയമായ നവംബർ എട്ടിന് ഞായറാഴ്ച വൈകുന്നേരം 4:30-ന്, അതിരൂപതയിലെ എല്ലാ പള്ളിമണികളും പത്തു മിനിറ്റ് നേരം മുഴക്കി മാർപാപ്പയെ സ്വാഗതം ചെയ്യും. ഇതുപോലെ അനേകം പ്രവർത്തങ്ങളുമായി കാത്തിരിപ്പിലാണ് വിശ്വാസികളും സഭാ സമൂഹവും.




