
മുൻപ് മിഷനറിയായും ഇടയനായും പ്രവർത്തിച്ച് ഏറെ പരിചയമുള്ള മണ്ണിലേക്ക് ലെയോ പതിനാലാമൻ മാർപാപ്പ തിരിച്ചെത്തുന്നു. നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് അർജന്റീനയും ഉറുഗ്വേയും ഒരു മാർപാപ്പയെ സ്വീകരിക്കുന്നത്. പെറുവിലാകട്ടെ, ആ രാജ്യത്തെ പൗരൻ കൂടിയായ തങ്ങളുടെ സ്വന്തം മാർപാപ്പയെയാണ് ജനങ്ങൾ വരവേൽക്കുന്നത്. ഒരുകാലത്ത് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട ചിക്ലായോയിലെ (Chiclayo) കത്തീഡ്രൽ, മാർപാപ്പയെ സ്വീകരിക്കും. നവംബർ ആറു മുതൽ 17 വരെയാണ് പാപ്പയുടെ സന്ദർശനം.
1. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ സന്ദർശനം
റോമിൽ നിന്നുള്ള പുറപ്പെടൽ മുതൽ തിരികെ എത്തുന്നത് വരെയുള്ള 12 ദിവസത്തെ ഈ യാത്ര, ലെയോ പതിനാലാമൻ മാർപാപ്പയുടെ ഇതുവരെയുള്ള ഭരണകാലയളവിലെ ഏറ്റവും ദൈർഘ്യമേറിയതാണ്. 2026 ഏപ്രിലിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ (അൾജീരിയ, കാമറൂൺ, അംഗോള, ഗിനിയ) നടത്തിയ 11 ദിവസത്തെ പര്യടനത്തെക്കാൾ ദൈർഘ്യമേറിയതാണ് ഈ യാത്ര.
2. സ്വന്തം നാട്ടിലേക്കുള്ള മടങ്ങിവരവ് (പെറു)
ഒരു മിഷനറിയായും ബിഷപ്പായും വർഷങ്ങളോളം സേവനമനുഷ്ഠിച്ച പെറുവിലേക്ക് എത്തുമ്പോൾ അത് പാപ്പയ്ക്ക് ‘സ്വന്തം വീട്ടിലേക്കുള്ള’ മടങ്ങിവരവാണ്. 2015-ൽ റോബർട്ട് പ്രെവോസ്റ്റ് പെറുവിയൻ പൗരത്വം നേടിയിരുന്നു. പാപ്പയുടെ ഔദ്യോഗിക തിരിച്ചറിയൽ രേഖയിൽ വിലാസമായി നൽകിയിരുന്നത് മുൻപ് ശുശ്രൂഷ ചെയ്ത ചിക്ലായോ (Chiclayo) നഗരമായിരുന്നു.
3. ഫ്രാൻസിസ് പാപ്പയ്ക്കൊപ്പം അർപ്പിച്ച ബ്യൂണസ് അയേഴ്സിലെ വിശുദ്ധ കുർബാന
2004 ഓഗസ്റ്റ് 28-ന്, തങ്ങളിൽ ആരെങ്കിലും ഭാവിയിൽ മാർപാപ്പയാകുമെന്ന് അറിയുന്നതിന് മുൻപ്, റോബർട്ട് പ്രെവോസ്റ്റും അന്നത്തെ ബ്യൂണസ് അയേഴ്സ് ആർച്ച് ബിഷപ്പായിരുന്ന ജോർജ്ജ് മാരിയോ ബെർഗോളിയോയും (ഫ്രാൻസിസ് മാർപാപ്പ) ഒന്നിച്ച് വിശുദ്ധ അഗസ്റ്റിന്റെ തിരുനാൾ ദിനത്തിൽ ബ്യൂണസ് അയേഴ്സിലെ സെന്റ് അഗസ്റ്റിൻ പള്ളിയിൽ ദിവ്യബലി അർപ്പിച്ചിരുന്നു.
4. നാല് പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ഒരു മാർപാപ്പയുടെ സന്ദർശനം
39 വർഷത്തിന് ശേഷമാണ് ഒരു മാർപാപ്പ അർജന്റീന സന്ദർശിക്കുന്നത്; ഉറുഗ്വേയിലാകട്ടെ 38 വർഷത്തിന് ശേഷവും. 1987-ൽ അർജന്റീനയിലും 1988-ൽ ഉറുഗ്വേയിലും ജോൺ പോൾ രണ്ടാമൻ മാർപാപ്പ നടത്തിയ സന്ദർശനങ്ങൾക്ക് ശേഷം ആദ്യമായാണ് ഒരു മാർപാപ്പ ഇവിടെയെത്തുന്നത്. 2018-ൽ ഫ്രാൻസിസ് മാർപാപ്പ സന്ദർശിച്ച പെറുവിലേക്ക് എട്ട് വർഷങ്ങൾക്ക് ശേഷമാണ് പുതിയ മാർപാപ്പയുടെ വരവ്.
5. അമേരിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള ആദ്യ അപ്പസ്തോലിക യാത്ര
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ശേഷം അമേരിക്കൻ ഭൂഖണ്ഡത്തിലേക്ക് ലെയോ പാപ്പ നടത്തുന്ന ആദ്യ അപ്പസ്തോലിക യാത്രയാണിത്. മുൻപ് പുരോഹിതനായും മെത്രാനായും പ്രവർത്തിച്ച ഭൂവിഭാഗത്തിലേക്ക് പേപ്പൽ പദവിയിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
6. അഭിഷേകം ചെയ്യപ്പെട്ട കത്തീഡ്രലിലേക്ക് തിരികെയെത്തുന്നത് മാർപാപ്പയായി
2014 ഡിസംബർ 12-ന് ബിഷപ്പായി അഭിഷേകം ചെയ്യപ്പെട്ട ചിക്ലായോയിലെ സെന്റ് മരിയ കത്തീഡ്രലിലേക്ക് നവംബർ 14-ന് മാർപാപ്പയായി എത്തും. ഇവിടെ നടക്കുന്ന മാതാവിന്റെ തിരുസ്വരൂപ കിരീടധാരണ ചടങ്ങിലും പാപ്പ പങ്കാളിയാകും.
7. 12 ദിവസത്തെ സന്ദർശനം
മൂന്ന് രാജ്യങ്ങൾ, 12 ദിവസം നീണ്ടുനിൽക്കുന്ന പര്യടനത്തിൽ ആകെ ഒൻപത് വിശുദ്ധ കുർബാനകൾ അർപ്പിക്കും (ഉറുഗ്വേയിൽ രണ്ട്, അർജന്റീനയിൽ മൂന്ന്, പെറൂവിൽ നാല്). മോണ്ടെവിദിയോ, ബ്യൂണസ് അയേഴ്സ്, ലിമ എന്നിവിടങ്ങളിൽ ജാഗരണ പ്രാർഥനകളും സന്ദർശന പരിപാടിയിലുണ്ട്. യാത്രയ്ക്കിടയിൽ 12 വിമാന യാത്രകളും രണ്ട് ഹെലികോപ്റ്റർ യാത്രകളും പാപ്പ നടത്തും.




