
മാനന്തവാടി രൂപതയിലെ മുതിർന്ന വൈദികൻ ഫാ. ജോസഫ് ചിറ്റൂർ (90) നിര്യാതനായി. 2023 ൽ ലൈഫ്ഡേ – ‘പച്ചമരുന്നുകൾക്കിടയിലെ വൈദ്യനച്ചൻ’ എന്ന ഫീച്ചർ അച്ചനെക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. https://www.lifeday.in/lifeday-catholic-feature-a-priest-who-is-a-physician-fr-joseph-chittur/
മൃതസംസ്കാര ശൂശ്രൂഷ നാളെ (4.11.2026) ബുധനാഴ്ച്ച രാവിലെ 10:30 ന് മാനന്തവാടി രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയോടു കൂടെ ആരംഭിക്കുന്നതാണ്. ബഹുമാനപ്പെട്ട ചിറ്റൂരച്ചന്റെ ഭൗതികശരീരം ഇന്ന് ചൊവ്വ (3.11.2026) രാവിലെ 11:30 മുതൽ ദ്വാരക പാസ്റ്ററൽ സെന്ററിന്റെ ചാപ്പലിൽ പൊതുദർശനത്തിനായി ഉണ്ടായിരിക്കുന്നതാണ്.
1936 സെപ്റ്റംബർ 20 ന് കോട്ടയം ജില്ലയിലെ കുറവിലങ്ങാട് മാർത്തമറിയം ഇടവകയിൽ ചിറ്റൂർ വർക്കി-മോണിക്ക ദമ്പതികളുടെ അഞ്ച് മക്കളിൽ ഏറ്റവും ഇളയ മകനായിട്ടാണ് ജോസഫ് അച്ചന്റെ ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഒരു ഇടവക വൈദികനാകണമെന്ന ആഗ്രഹത്തോടെ തലശ്ശേരി രൂപതാ സെമിനാരിയിൽ ചേർന്ന് പഠനമാരംഭിച്ചു. ആലുവ പൊന്തിഫിക്കൽ സെമിനാരിയിലെ വൈദിക പരിശീലനത്തിനു ശേഷം 1964 ഡിസംബർ ഒന്നിന് ബോംബെയിൽ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ വച്ചാണ് വൈദികപട്ടം സ്വീകരിച്ചത്. അഭിവന്ദ്യ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിൽ നിന്ന് വൈദികപട്ടം സ്വീകരിച്ച ശേഷം തലശേരി അതിരൂപതയിലെ കണിച്ചാർ, കുന്നോത്ത്, കൂടരഞ്ഞി, കർണാടകയിലെ നരസിംഹരാജപുരം, എൻ.ആർ. പുരം, മാനന്തവാടി രൂപതയിലെ ദീപ്തിഗിരി, കാവുംമന്ദം, സീതാമൗണ്ട് എന്നീ ഇടവകകളിലും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (WSSS) ഡയറക്ടറായും അദ്ദേഹം സ്തുത്യർഹമായ സേവനം കാഴ്ചവച്ചു.
വിശ്വാസ പരിശീലനത്തിൽ നൂതനമാർഗങ്ങളെക്കുറിച്ച് പഠിക്കാൻ അച്ചൻ എപ്പോഴും താൽപര്യപ്പെട്ടിരുന്നു. ഇതിനാൽ തന്നെ തുടർപഠനത്തിനായി ഫിലിപ്പീൻസിലെ അത്തനെയോ ഡി മനില (Ateneo de Manila) സർവകലാശാലയിൽ അവസരം ലഭിച്ചു. കാറ്റക്കിസം ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദമാണ് അദ്ദേഹം അവിടെ നിന്ന് പൂർത്തിയാക്കിയത്. പിന്നീട് സ്പെഷ്യൽ എജ്യുക്കേഷനിലും സ്കൂൾ ഗൈഡൻസ് ഓർഗനൈസേഷനിലും അച്ചൻ ബിരുദാനന്തര ബിരുദം നേടി.
വൈദിക ശുശ്രൂഷയ്ക്കൊപ്പം തന്നെ ആരോഗ്യരംഗത്തും പാരമ്പര്യ ഔഷധ വിജ്ഞാനമേഖലയിലും അച്ചൻ നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. ബാംഗ്ലൂരിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ ഹെർബൽ മെഡിസിനിൽ വിസിറ്റിംഗ് പ്രൊഫസറായും ഹൈദരാബാദിലെ സി.എച്ച്.എ.ഐ. (CHAI) കൺസൾട്ടന്റായും പ്രവർത്തിച്ച അദ്ദേഹം, ഗ്രാമങ്ങൾതോറും പാരമ്പര്യ അറിവുകൾ പകർന്നു നൽകുന്നതിനായി ക്ലാസുകളും സെമിനാറുകളും സംഘടിപ്പിച്ചുപോന്നു. അച്ചന്റെ പ്രബോധനങ്ങളും ആരോഗ്യവിഷയങ്ങളിലുള്ള പുസ്തകങ്ങളും സാധാരണക്കാർക്ക് വലിയ പ്രചോദനമാണ്.
കർണാടകയിലെ ഹാൻഡ് പോസ്റ്റിൽ ‘ജീവധാരു’ എന്ന ആയുർവേദ ചികിത്സാകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനത്തിന്റെ ഡയറക്ടറായി ചിറ്റൂരച്ചൻ സേവനമനുഷ്ഠിച്ചു. ചിറ്റൂരച്ചന്റെ പ്രയത്നവും ആത്മസമർപ്പണവും കഴിവും കൊണ്ടാണ് ജീവധാരു എന്ന സംരംഭം നന്മയുടെ മാതൃകയായി വളർന്നത്. നിരവധി ഔഷധസസ്യങ്ങളെക്കുറിച്ചും അവയുടെ ഗുണങ്ങളെക്കുറിച്ചും ശാസ്ത്രീയമായ അറിവ് അച്ചനുണ്ട്. ഏകദേശം ഇരുന്നൂറോളം ഔഷധസസ്യങ്ങളെക്കുറിച്ചുള്ള അറിവുകൾ മലയാളത്തിലും കന്നഡയിലുമായി പുസ്തകരൂപത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയങ്ങളിൽ റേഡിയോ മാറ്റൊലിയിലെ അച്ചന്റെ പങ്കുവയ്ക്കലുകളും ഏറെ ശ്രദ്ധേയമാണ്. അറിവിന്റെ ഔഷധക്കലവറ എന്നുതന്നെ നമുക്ക് അച്ചനെ വിശേഷിപ്പിക്കാം.
മികച്ച സേവനങ്ങളെ മുൻനിർത്തി 2001 ൽ ആചാര്യ വിനോബഭാവെ നാഷണൽ അവാർഡും 2008 ൽ സി.പി.സി.ഐ. (CPCI) നാഷണൽ എക്സലൻസ് അവാർഡും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 2022 ൽ ബെസ്റ്റ് പ്രീസ്റ്റ് സോഷ്യൽ വർക്കറിനുള്ള സീറോമലബാർ സോഷ്യൽ മിനിസ്ട്രി അവാർഡിനും മിഷൻ പ്രദേശങ്ങളിലെ പ്രവർത്തനങ്ങളും ദൈവവിളി രംഗത്തെ സംഭാവനകളും പരിഗണിച്ച് 2024 ലെ ജോസഫ് മാലിപ്പറമ്പിൽ അവാർഡിനും ചിറ്റൂരച്ചൻ അർഹനായി. 2019 മുതൽ വിയാനിഭവനിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു ചിറ്റൂരച്ചൻ.
ആധ്യാത്മികതയും ആതുരേസവനവും സമന്വയിപ്പിച്ച് ആറ് പതിറ്റാണ്ടുകാലം മിഷനറിപ്രവർത്തനങ്ങളിൽ മുഴുകിയ തീക്ഷ്ണമതിയായ പൂരോഹിതനായിരുന്നു ഫാ. ജോസഫ് ചിറ്റൂർ. പാരമ്പര്യ അറിവുകളെയും സാമൂഹിക സേവനത്തെയും കൂട്ടിയിണക്കിയുള്ള അദ്ദേഹത്തിന്റെ കർമപഥം പുതുതലമുറയ്ക്ക് എന്നും വഴികാട്ടിയാണ്.




