‘ഞങ്ങളെ ഒറ്റയ്ക്കാക്കരുതേ’: പാപ്പായോട് നിക്കരാഗ്വൻ ജനത

നിക്കരാഗ്വയിൽ കത്തോലിക്കാ സഭയ്‌ക്കെതിരായ ഗവൺമെന്റിന്റെ സമ്മർദം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, അതിനെതിരെ സംസാരിക്കാൻ പാപ്പായോട് അഭ്യർത്ഥിച്ച് രാജ്യത്തെ സന്നദ്ധസംഘടനകൾ. ഞങ്ങളെ ഒറ്റയ്ക്കാക്കരുതെന്ന അഭ്യർത്ഥനയോടെ നിക്കരാഗ്വയിലെ അറുപതോളം സന്നദ്ധസംഘടനകൾ ചേർന്ന് പാപ്പായ്ക്ക് അയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

“കത്തോലിക്ക സഭയ്‌ക്കെതിരായ ഭരണകൂടത്തിന്റെ പീഡനത്തിനും വിദ്വേഷത്തിനും ഒരു ന്യായീകരണവുമില്ല. ഏറ്റവും ദുർബലരും അടിച്ചമർത്തപ്പെട്ടവരുമായവർക്ക് സ്നേഹത്തിന്റെയും ആശ്വാസത്തിന്റെയും കരുതൽ നല്കിയതല്ലാതെ മറ്റൊന്നും സഭ ചെയ്തിട്ടില്ല. മനുഷ്യരാശിക്ക് ദുഷ്‌കരവും സങ്കീർണ്ണവുമായ ഈ കാലഘട്ടത്തിൽ നിങ്ങളുടെ ചുമലിൽ വീഴുന്ന വലിയ ഉത്തരവാദിത്വങ്ങൾ ഞങ്ങൾക്കറിയാം. നിക്കരാഗ്വ ഒരു ചെറുതും ദരിദ്രവുമായ രാജ്യമാണ്. പക്ഷേ, ഞങ്ങൾ സമാധാനത്തിലും സ്വാതന്ത്ര്യത്തിലും ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു ജനതയാണ്” – പപ്പയ്ക്ക് എഴുതിയ കത്തിൽ സംഘടനാനേതാക്കൾ വ്യക്തമാക്കി.

അക്രമം, പീഡനം, നമ്മുടെ മനുഷ്യാവകാശങ്ങളുടെ സ്ഥിരമായ ലംഘനം എന്നിവയിൽ നിന്ന് രക്ഷപെട്ട് പ്രവാസജീവിതം നയിക്കാൻ നിർബന്ധിതരായ നിക്കരാഗ്വൻ പൗരന്മാരുടെ ഒരു കൂട്ടമാണ് ഞങ്ങൾ. അതിനാൽ ഈ അവസരത്തിൽ പാപ്പായുടെ സമാശ്വാസം ഞങ്ങൾ ആഗ്രഹിക്കുന്നു – കത്തിൽ നേതാക്കൾ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.