
അരുണാചൽ പ്രദേശിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള മതപരിവർത്തന നിരോധന നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ അവകാശ സംഘടന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നിവേദനം നൽകി. നവംബർ 20-ന് അമിത് ഷാ സംസ്ഥാന തലസ്ഥാനമായ ഇറ്റാനഗർ സന്ദർശിച്ചപ്പോഴാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (UCF) നിവേദനം സമർപ്പിച്ചത്.
നിയമം പിൻവലിക്കാൻ സംസ്ഥാന സർക്കാരിനുമേൽ സമ്മർദം ചെലുത്തണമെന്ന് സംഘടന അമിത് ഷായോട് അഭ്യർഥിച്ചു. നിയമം റദ്ദാക്കുന്ന കാര്യത്തിൽ തീരുമാനമാകുന്നതുവരെ ഇത് വിജ്ഞാപനം ചെയ്യുന്നതിൽ നിന്നും നടപ്പിലാക്കുന്നതിൽ നിന്നും സംസ്ഥാന സർക്കാർ വിട്ടുനിൽക്കണമെന്നും ഫോറം ആവശ്യപ്പെട്ടു. 1978-ലെ ‘അരുണാചൽ പ്രദേശ് ഫ്രീഡം ഓഫ് റിലീജിയൻ ആക്ട്’ (APFRA) പാസാക്കിയതിന് തൊട്ടുപിന്നാലെ രാഷ്ട്രപതിയുടെ അനുമതി ലഭിച്ചിരുന്നെങ്കിലും, ഇത് നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങൾ സംസ്ഥാന സർക്കാർ രൂപീകരിച്ചിരുന്നില്ല. അതിനാൽ ഏകദേശം അഞ്ച് പതിറ്റാണ്ടോളം ഈ നിയമം പ്രാബല്യത്തിൽ വന്നിരുന്നില്ല.
എന്നാൽ, ഒരു പൊതുതാൽപ്പര്യ ഹർജിയെത്തുടർന്ന് 2024 സെപ്റ്റംബറിൽ ഗുവാഹത്തി ഹൈക്കോടതി നൽകിയ നിർദേശപ്രകാരം, സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ നിയമം നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങൾ തയ്യാറാക്കാൻ നടപടികൾ ആരംഭിച്ചു. സർക്കാർ നിയോഗിച്ച സമിതി ജൂൺ 8-ന് ചട്ടങ്ങളും ശുപാർശകളും സമർപ്പിച്ചു. ഇവ സംസ്ഥാന ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. അരുണാചൽ പ്രദേശിലെ വിവിധ ഗോത്രവർഗ വിഭാഗങ്ങൾക്കിടയിലുള്ള പരമ്പരാഗത സൗഹൃദബന്ധങ്ങളെ ഈ നിയമം തകർക്കുമെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം വടക്കുകിഴക്കൻ മേഖലാ വക്താവ് ടോക്കോ ടെക്കി വെളിപ്പെടുത്തി.
ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ ഭീഷണിപ്പെടുത്തിയോ ഉള്ള മതപരിവർത്തനം നിലവിലുള്ള ഇന്ത്യൻ ശിക്ഷാനിയമത്തിലെ വ്യവസ്ഥകൾ പ്രകാരം തന്നെ ശിക്ഷാർഹമാണെന്നും, അതിനാൽ പ്രത്യേക നിയമം നടപ്പിലാക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വാദിച്ചു. മനസ്സാക്ഷി സ്വാതന്ത്ര്യവും മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശവും ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25-ഉം അദ്ദേഹം ചൂണ്ടിക്കാട്ടി.




