ക്രിസ്തുമസ് കാലയളവിലെ തിരുക്കർമ്മങ്ങൾക്ക് ലെയോ പാപ്പ മുഖ്യകാർമ്മികത്വം വഹിക്കും

​വരാനിരിക്കുന്ന ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് ലെയോ പതിനാലാമൻ മാർപാപ്പ മുഖ്യകാർമ്മികത്വം വഹിക്കുന്ന തിരുക്കർമ്മങ്ങളുടെ ഔദ്യോഗിക സമയക്രമം വത്തിക്കാൻ പുറത്തുവിട്ടു. മാർപാപ്പയുടെ തിരുക്കർമ്മങ്ങൾക്കായുള്ള ഓഫീസാണ് 2026 ഡിസംബർ മുതൽ 2027 ജനുവരി വരെയുള്ള വിശുദ്ധ കുർബാനകളുടെയും പ്രാർഥനാശുശ്രൂഷകളുടെയും വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.

​ഡിസംബർ 24 ക്രിസ്തുമസ് രാത്രി പത്തു മണിക്ക് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ക്രിസ്തുമസ് രാത്രിയിലെ വിശുദ്ധ കുർബാനയ്ക്ക് മാർപാപ്പ മുഖ്യകാർമ്മികത്വം വഹിക്കും. ​ഡിസംബർ 25 രാവിലെ പത്തു മണിക്ക് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ക്രിസ്തുമസ് ദിന വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ജനാലയിൽ നിന്ന് മാർപാപ്പ ലോകത്തിന് ‘ഊർബി എത് ഓർബി’ ആശീർവാദം നൽകും.

​ഡിസംബർ 31 വർഷാവസാന ദിനം വൈകുന്നേരം അഞ്ചു മണിക്ക് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളിന്റെ ഒന്നാം സന്ധ്യാപ്രാർഥനയും 2026 വർഷത്തിൽ ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി അർപ്പിച്ചുകൊണ്ടുള്ള ‘തേ ദേവും’ കൃതജ്ഞതാ കീർത്തനാലാപനവും നടക്കും.

​ജനുവരി ഒന്നിന് പുതുവത്സര ദിനത്തിൽ രാവിലെ പത്തു മണിക്ക് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ദൈവമാതാവായ പരിശുദ്ധ മറിയത്തിന്റെ തിരുനാൾ കുർബാനയ്ക്കും ലോക സമാധാനദിന പ്രാർഥനകൾക്കും പാപ്പ നേതൃത്വം നൽകും. ​ജനുവരി ആറിന് ദനഹാ തിരുനാളിന് രാവിലെ പത്തു മണിക്ക് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ദനഹാ തിരുനാൾ വിശുദ്ധ കുർബാന അർപ്പിക്കും.

​ജനുവരി 10 കർത്താവിന്റെ ജ്ഞാനസ്നാന തിരുനാൾ ദിനത്തിൽ ക്രിസ്തുമസ് കാലത്തിന്റെ സമാപന ദിനമായ ജനുവരി പത്തിന് രാവിലെ 9:30 ന് സിസ്റ്റൈൻ ചാപ്പലിൽ നടക്കുന്ന വിശുദ്ധ കുർബാന മധ്യേ മാർപാപ്പ ഏതാനും കുഞ്ഞുങ്ങൾക്ക് ജ്ഞാനസ്നാനം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.