ആർച്ച്ബിഷപ്പ് തോമസ് മേനാംപറമ്പിൽ അന്തരിച്ചു

ഗുവാഹത്തി അതിരൂപതയുടെ മുൻ ആർച്ച്ബിഷപ്പ് മാർ തോമസ് മേനാംപറമ്പിൽ എസ്.ഡി.ബി (90) അന്തരിച്ചു. നവംബർ 25 ബുധനാഴ്ച രാവിലെ 5.40 ന് ഹൈദരാബാദിലെ എ.ഐ.ജി (AIG) ആശുപത്രിയിലായിരുന്നു അന്ത്യം.

ദിബ്രുഗഡ് ബിഷപ്പ് (1981-1992), ഗുവാഹത്തി ബിഷപ്പ് (1992-1995), ഗുവാഹത്തി ആർച്ച്ബിഷപ്പ് (1995-2012), ജോവായ് രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ (2014-2016) എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരശുശ്രൂഷകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.

1936 ഒക്ടോബർ 22 ന് കേരളത്തിലെ വാകക്കാടാണ് ആർച്ച്ബിഷപ്പ് തോമസ് മേനാംപറമ്പിൽ ജനിച്ചത്. പാലാ സെന്റ് തോമസ് ഇംഗ്ലീഷ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പശ്ചിമ ബംഗാളിലെ ഡാർജിലിംഗിലായിരുന്നു ഹൈസ്കൂൾ പഠനം. 1955 മെയ് 24 ന് അദ്ദേഹം ഡോൺ ബോസ്കോ സഭയിൽ ചേർന്നു. 1965 മെയ് രണ്ടിന് പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് 1965 ൽ മേഘാലയയിലെ ഷില്ലോങ്ങിലുള്ള സാവിയോ ജൂനിയറേറ്റ് ഹൈസ്കൂളിന്റെ പ്രധാന അധ്യാപകനായി നിയമിതനായി. 1969 മുതൽ 1972 വരെ സെന്റ് ആന്റണീസ് കോളേജ് ഹോസ്റ്റൽ (സ്റ്റീഫൻ ഹാൾ) വാർഡനായും സേവനമനുഷ്ഠിച്ചു.

1972 മുതൽ 1975 വരെ നോർത്ത് ഈസ്റ്റ് ഇന്ത്യയിലെ ഡോൺ ബോസ്കോ സൊസൈറ്റിയുടെ വൈസ് പ്രൊവിൻഷ്യലായിരുന്നു. 1981 ജൂലൈ 13 ന് ദിബ്രുഗഡ് ബിഷപ്പായി നിയമിതനായി. 1992 ഏപ്രിൽ 21 ന് വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ, പുതുതായി രൂപീകരിക്കപ്പെട്ട ഗുവാഹത്തി രൂപതയുടെ പ്രഥമ ബിഷപ്പായി അദ്ദേഹത്തെ നിയമിച്ചു. 1992 ഓഗസ്റ്റ് 16 ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ് ജോർജ് സൂറിന്റെ മുഖ്യകാർമ്മികത്വത്തിൽ അദ്ദേഹം സ്ഥാനമേറ്റെടുത്തു.

1995 ഓഗസ്റ്റ് ഒന്നിന് ഗുവാഹത്തി രൂപത അതിരൂപതയായി ഉയർത്തപ്പെട്ടപ്പോൾ പ്രഥമ ആർച്ച്ബിഷപ്പായി നിയമിതനായി. ലോവർ അസമിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഹോസ്റ്റൽ സൗകര്യങ്ങളോടു കൂടിയ നിരവധി സ്കൂളുകൾ അദ്ദേഹം ആരംഭിച്ചു. അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് 2000 ൽ പുതിയതായി ബൊംഗൈഗാവ് രൂപത നിലവിൽ വന്നത്.

1996 ൽ കൊക്രജാർ മേഖലയിലുണ്ടായ രൂക്ഷമായ വംശീയ കലാപത്തിൽ അഞ്ഞൂറിലധികം പേർ കൊല്ലപ്പെടുകയും രണ്ടര ലക്ഷത്തോളം ബോഡോ, ആദിവാസി (പ്രത്യേകിച്ച് സന്താൾ) വിഭാഗക്കാർ അൻപതിലധികം അഭയാർഥി ക്യാമ്പുകളിൽ അഭയം തേടുകയും ചെയ്തപ്പോൾ, ദുരിതബാധിതർക്ക് ആശ്വാസമെത്തിക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു. അതോടൊപ്പം ഇതര ക്രൈസ്തവസഭകളുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും പിന്തുണയോടെ ഇരുവിഭാഗങ്ങളിലെയും നേതാക്കളെ ഒരുമിച്ചിരുത്തി സമാധാന ചർച്ചകൾക്ക് അദ്ദേഹം നേതൃത്വം നൽകി.

സമാനമായ രീതിയിൽ 1999 ൽ മണിപ്പൂരിലെ ചുരാചന്ദ്പൂർ മേഖലയിൽ കുക്കി, പൈറ്റെ വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നാനൂറിലധികം പേർ കൊല്ലപ്പെടുകയും അത്ര തന്നെ ഗ്രാമങ്ങൾ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തിരുന്നു. മറ്റു സഭാനേതാക്കളുടെ ക്ഷണപ്രകാരം ഇടപെട്ട ആർച്ച്ബിഷപ്പ് തോമസ്, ഇരുവിഭാഗം നേതാക്കളുമായും നടത്തിയ ചർച്ചകളിലൂടെ പ്രശ്നപരിഹാരമുണ്ടാക്കി. അതിനു ശേഷം അവിടെ സമാധാനാന്തരീക്ഷം തകർന്നിട്ടില്ല.

ഹാഫ്ലോങ്ങിനു സമീപമുണ്ടായ ദിമാസ-ഹ്മാർ സംഘർഷത്തിലും (100 മരണം) ദിഫുവിന് സമീപമുണ്ടായ കുക്കി-കർബി ഏറ്റുമുട്ടലിലും (46 മരണം) അദ്ദേഹം സമാധാനദൗത്യവുമായി ഇടപെട്ടു. രണ്ടിടത്തും സമാധാനം പുനഃസ്ഥാപിക്കാനും പുതിയ സമാധാനശ്രമങ്ങൾ തുടരാനും ഇതിലൂടെ സാധിച്ചു.

2003 ഓഗസ്റ്റിൽ വടക്കുകിഴക്കൻ ഇന്ത്യയിലെ എല്ലാ സഭകളും ചേർന്ന് സംയുക്ത സമാധാന സമിതി (Joint Peace Team) രൂപീകരിച്ചപ്പോൾ ആർച്ച്ബിഷപ്പ് തോമസ് മേനാംപറമ്പിലായിരുന്നു കൺവീനർ. സോഷ്യൽ ഫോറം, ഡോൺ ബോസ്കോ യൂത്ത് സർവീസസ്, നോർത്ത് ഈസ്റ്റ് ഹെൽത്ത് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ മേഖലയിൽ നടന്ന സമീപകാല സമാധാന പ്രവർത്തനങ്ങൾക്കെല്ലാം പ്രചോദനമായത് അദ്ദേഹമാണ്.

സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള പ്രവർത്തനങ്ങൾക്ക് 1998 ൽ മുംബൈയിലെ പ്രശസ്തമായ ‘മാഷിയോ അവാർഡ്’ (Maschio Award) അദ്ദേഹത്തിന് ലഭിച്ചു. മദർ തെരേസ, ബാബ ആംതെ എന്നിവരായിരുന്നു ഇതിനു മുൻപ് ഈ പുരസ്കാരം നേടിയവർ. ജനങ്ങൾ സ്നേഹപൂർവം അദ്ദേഹത്തെ ‘സമാധാനത്തിന്റെ പ്രവാചകൻ’ എന്നാണ് വിളിച്ചിരുന്നത്.

1998 ൽ റോമിൽ നടന്ന ഏഷ്യൻ സിനഡിന്റെ പ്രത്യേക സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചു. റോമിലെ സന്ന്യസ്തർക്കായുള്ള തിരുസംഘത്തിൽ അംഗമായും സി.ബി.സി.ഐ. (CBCI) വിദ്യാഭ്യാസ-സാംസ്കാരിക കമ്മീഷൻ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2010 ലെ ദുഃഖവെള്ളിയാഴ്ച റോമിലെ കൊളോസിയത്തിൽ നടന്ന കുരിശിന്റെ വഴി പ്രാർഥനകൾ തയ്യാറാക്കാൻ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ആവശ്യപ്പെട്ടത് ആർച്ച്ബിഷപ്പ് തോമസിനോടായിരുന്നു. സംസ്കാരം, വിദ്യാഭ്യാസം, സമാധാനം, പ്രാർഥന എന്നിവയെക്കുറിച്ച് നിരവധി പുസ്തകങ്ങളും ലഘുലേഖകളും എണ്ണമറ്റ ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

75 വയസ്സ് പൂർത്തിയായതിനെ തുടർന്ന് 2012 ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. വിരമിച്ച ശേഷവും, ജോവായ് രൂപതാധ്യക്ഷൻ റവ. വിൻസെന്റ് കിംപാറ്റിന്റെ അകാല നിര്യാണത്തെ തുടർന്ന് 2014 മുതൽ 2016 വരെ ജോവായ് രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി അദ്ദേഹം സേവനമനുഷ്ഠിച്ചു.

ഫാ. സ്റ്റീഫൻ ആലത്തറ
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, സി.സി.ബി.ഐ.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.