
നാല് വയസ്സുകാരി മുസാൻ അബ്ദുൾറഹ്മാൻ തന്റെ അക്ഷരലോകത്തേക്കുള്ള ആദ്യ ചുവടുവയ്പ്പിന് തയ്യാറെടുക്കേണ്ട പ്രായമാണ്. എന്നാൽ കേൾവിശക്തിയില്ലാത്ത ആ കുഞ്ഞിന്, യുദ്ധം തകർത്ത സുഡാനിൽ ഇന്ന് സ്കൂളിന്റെ പടികൾ കയറാൻ കഴിയില്ല. അവൾക്ക് ആവശ്യമായ പ്രത്യേക പരിശീലനമോ പരിചരണമോ നൽകാൻ ഇന്ന് ആ നാട്ടിൽ സംവിധാനങ്ങളില്ല.
2023 ഏപ്രിലിൽ സുഡാൻ സൈന്യവും അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (RSF) തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോൾ മുസാൻ വെറും കൈക്കുഞ്ഞായിരുന്നു. യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്നും തന്റെ മകൾക്ക് നല്ലൊരു ഭാവി ലഭിക്കുമെന്നും ഉമ്മ അബീർ ഒസ്മാൻ സ്വപ്നം കണ്ടു. എന്നാൽ മൂന്നര വർഷങ്ങൾക്കിപ്പുറവും യുദ്ധം തുടരുമ്പോൾ, മുസാനെപ്പോലുള്ള ആയിരക്കണക്കിന് കുരുന്നുകളുടെ ജീവിതം ഇരുട്ടിലാവുകയാണ്.
“ഈ പ്രായത്തിൽ അവൾക്ക് കൃത്യമായ പരിശീലനവും തുടർപരിചരണവും ആവശ്യമാണ്. വീട്ടിലിരുന്ന് എനിക്ക് കഴിയുന്നതുപോലെ ഞാൻ അവളെ സഹായിക്കാൻ ശ്രമിക്കുന്നുണ്ട്, പക്ഷേ ഞാനൊരു വിദഗ്ധയല്ല. ആശയവിനിമയം നടത്താനും സ്വയം പ്രകടിപ്പിക്കാനും പഠിക്കേണ്ട ഈ നിർണ്ണായക വർഷങ്ങൾ വെറുതെ കടന്നുപോകുമോ എന്നതാണ് എന്നെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്നത്,” – മുസാന്റെ ഉമ്മ അബീറിന്റെ വാക്കുകളിൽ ഒരു അമ്മയുടെ നിസ്സഹായതയും വേദനയും നിറഞ്ഞുനിൽക്കുന്നു.
തടസ്സങ്ങളുടെ പടവുകൾ കയറുന്ന മുഹമ്മദ്
മുസാന്റെ അനുഭവം ഒറ്റപ്പെട്ടതല്ല. ശാരീരിക വൈകല്യമുള്ള 14 വയസ്സുകാരനായ മുഹമ്മദ് അഹമ്മദിന് സ്കൂളിലെത്തുക എന്നതുതന്നെ വലിയൊരു വെല്ലുവിളിയാണ്. സ്കൂളിലെത്തിയാലും ക്ലാസ് മുറികളിലേക്ക് കയറാനുള്ള പടവുകളും സൗകര്യങ്ങളുടെ അഭാവവും അവനെ മറ്റുള്ളവരെ ആശ്രയിക്കാൻ നിർബന്ധിതനാക്കുന്നു.
“എന്റെ സഹപാഠികളെപ്പോലെ എനിക്കും പഠിക്കണം. പക്ഷേ ക്ലാസ് മുറികളിലേക്ക് എത്താൻ തന്നെ ഞാൻ ബുദ്ധിമുട്ടുകയാണ്. പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും ചുറ്റുപാടുകൾ അതിന് അനുവദിക്കുന്നില്ല എന്നതാണ് എന്നെ ഏറ്റവും കൂടുതൽ തളർത്തുന്നത്. എന്റെ വൈകല്യം എന്റെ വിദ്യാഭ്യാസത്തെയും ഭാവിയെയും ഇല്ലാതാക്കരുത്. ആരുടെയും സഹായമില്ലാതെ, അന്തസ്സോടെ ക്ലാസ് മുറികളിൽ എത്താൻ കഴിയുന്ന ഒരു സ്കൂളാണ് എനിക്ക് വേണ്ടത്,” മുഹമ്മദ് പറയുന്നു.
തകർന്നടിയുന്ന സ്പെഷ്യൽ സ്കൂളുകൾ
യൂണിസെഫിന്റെ (UNICEF) കണക്കുകൾ പ്രകാരം സുഡാനിൽ കുറഞ്ഞത് 80 ലക്ഷം കുട്ടികൾക്ക് ഇന്ന് ഔപചാരിക വിദ്യാഭ്യാസം ലഭിക്കുന്നില്ല. രാജ്യത്തെ 30 ശതമാനത്തോളം സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്. യുദ്ധത്തിന് മുൻപ് ഭിന്നശേഷിക്കാരായ കുട്ടികൾക്കായി 230-ലധികം സ്കൂളുകൾ സുഡാനിലുണ്ടായിരുന്നു. ഇന്ന് അവയിൽ ഭൂരിഭാഗവും തകർക്കപ്പെടുകയോ അടച്ചുപൂട്ടുകയോ ചെയ്തു.
ഡൗൺ സിൻഡ്രോം ബാധിച്ച എട്ട് വയസ്സുകാരൻ അലി ഹസ്സന്റെ ഉമ്മ ആയിഷ അബ്ബോയ്ക്ക് പറയാനുള്ളതും സമാനമായ വേദനയാണ്. യുദ്ധത്തിന് മുൻപ് സർക്കാർ സ്പെഷ്യൽ സ്കൂളിൽ പോയിരുന്ന അലിക്ക്, അവിടെനിന്ന് മികച്ച പരിശീലനം ലഭിച്ചിരുന്നു. എന്നാൽ യുദ്ധം എല്ലാം തകർത്തു. സ്വകാര്യ കേന്ദ്രങ്ങളിലെ ഫീസ് താങ്ങാൻ ഈ കുടുംബത്തിന് കഴിയില്ല. “യുദ്ധം തീരുന്നതുവരെ കാത്തിരിക്കാൻ ഈ കുട്ടികൾക്ക് കഴിയില്ല. വിദ്യാഭ്യാസവും പരിശീലനവും നഷ്ടപ്പെടുന്ന ഓരോ ദിവസവും അവരുടെ വളർച്ചയെയും കഴിവുകളെയുമാണ് ബാധിക്കുന്നത്,” ആയിഷ കണ്ണീരോടെ പറയുന്നു.
നിശ്ചലമായ പുനരധിവാസ കേന്ദ്രങ്ങൾ
ഖാർത്തൂമിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള ‘ഉസ്രതുന’ എന്ന സംഘടനയുടെ കെട്ടിടം യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ ഷെല്ലാക്രമണത്തിൽ തകർന്നിരുന്നു. ഉപകരണങ്ങൾ നഷ്ടപ്പെടുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തതോടെ, ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി തുടങ്ങിയ സേവനങ്ങളെല്ലാം നിർത്തിവയ്ക്കേണ്ടിവന്നു. നൂറിലധികം കുട്ടികൾ സഹായത്തിനായി പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, ശ്രവണസഹായികളോ പരിശീലന ഉപകരണങ്ങളോ നൽകാൻ കഴിയാതെ നിസ്സഹായരായി നിൽക്കുകയാണ് അധികൃതർ.
തിരിച്ചുപിടിക്കണം ഈ ബാല്യങ്ങളെ
വിദ്യാഭ്യാസം എന്നത് ഭിന്നശേഷിക്കാരായ കുട്ടികളുടെ മൗലികാവകാശമാണെന്നും, അവർ കേവലം കാരുണ്യം കാത്തിരിക്കുന്നവരല്ലെന്നും ‘സുഡാനീസ് കോയലിഷൻ ഫോർ എജ്യുക്കേഷൻ ഫോർ ഓൾ’ ഡയറക്ടർ ജനറൽ നാഗി മൻസൂർ ഓർമ്മിപ്പിക്കുന്നു. ബ്രെയിൽ ലിപികളും ആംഗ്യഭാഷാ അധ്യാപകരും സജ്ജമാക്കി, തകർന്ന സ്പെഷ്യൽ സ്കൂളുകൾ പുനർനിർമ്മിക്കേണ്ടതുണ്ട്.
തോക്കുകളുടെ ശബ്ദത്തിനിടയിൽ മുസാന്റെയും മുഹമ്മദിന്റെയും അലിയുടെയും നിശ്ശബ്ദമായ നിലവിളികൾ ലോകം കേൾക്കാതെ പോകരുത്. യുദ്ധം കവർന്നെടുത്ത അവരുടെ ബാല്യവും അക്ഷരങ്ങളും തിരിച്ചുനൽകാൻ ലോകസമൂഹം കൈകോർക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.




