കോംഗോയിൽ വിശുദ്ധ കുർബാന തടഞ്ഞ് പൊലീസ്; സമാധാനപരമായി പ്രതിഷേധിച്ച വിശ്വാസികൾക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ കത്തോലിക്കാ സഭയ്‌ക്കെതിരെ കൂടുതൽ അടിച്ചമർത്തൽ ശ്രമങ്ങളുമായി ഭരണകൂടം. ക്രിസ്തുവിന്റെ രാജത്വ തിരുനാളിനോടും രൂപതാതല യുവജന ദിനത്തോടും അനുബന്ധിച്ച് നവംബർ 22 ഞായറാഴ്ച കിൻഷാസയിലെ ടാറ്റ റാഫേൽ സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന വിശുദ്ധ കുർബാന തടയുകയും, 23 തിങ്കളാഴ്ച സമാധാനപരമായി പ്രതിഷേധിച്ച വൈദികർക്കും വിശ്വാസികൾക്കും നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു.

സഭയുടെ ദൗത്യത്തെ തടസ്സപ്പെടുത്താനും ശബ്ദം ഇല്ലാതാക്കാനുമുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് സംഭവത്തെ തുടർന്ന് കിൻഷാസ ആർച്ച്ബിഷപ്പ് കർദിനാൾ ഫ്രിഡോലിൻ അംബോംഗോ മുന്നറിയിപ്പ് നൽകി. ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ഉറപ്പുകൾ ഉൾപ്പെടെ ആവശ്യമായ എല്ലാ അനുമതികളും നേടിയിരുന്നിട്ടും, തലേദിവസം (ശനിയാഴ്ച) വൈകുന്നേരം യാതൊരു ഔദ്യോഗിക അറിയിപ്പോ വിശദീകരണമോ ഇല്ലാതെ സർക്കാർ പ്രതിനിധി വിശുദ്ധ കുർബാനയ്ക്ക് വിലക്കേർപ്പെടുത്തിയ വിവരം അറിയിക്കുകയായിരുന്നുവെന്ന് കിൻഷാസ അതിരൂപത വ്യക്തമാക്കി. സ്റ്റേഡിയത്തിന് ചുറ്റും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നതായി കോംഗോ നാഷണൽ എപ്പിസ്കോപ്പൽ കോൺഫറൻസും (CENCO) അറിയിച്ചു. അധികൃതരുടെ ഈ തീരുമാനം പ്രകോപനപരമാണെന്ന് വിശേഷിപ്പിച്ച കർദിനാൾ അംബോംഗോ, മതസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് ഓർമിപ്പിച്ചു. സ്റ്റേഡിയത്തിലെ കുർബാന തടഞ്ഞതിനെ തുടർന്ന് സെന്റ് റാഫേൽ കോളേജിലാണ് വിശുദ്ധ കുർബാന അർപ്പിച്ചത്.

തൊട്ടടുത്ത ദിവസമായ നവംബർ 23 തിങ്കളാഴ്ച, ഹൗട്ട്-കറ്റംഗ പ്രവിശ്യയുടെ തലസ്ഥാനമായ ലുബുംബാഷിയിൽ പ്രവിശ്യയിലെ ബിഷപ്പുമാരുടെ നേതൃത്വത്തിൽ നടന്ന സമാധാനപരമായ പ്രതിഷേധ മാർച്ചിനിടെ സുരക്ഷാ സേന വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കി. വൈദിക പരിശീലന കേന്ദ്രമായ സെന്റ് പോൾ ഇന്റർഡയോസിസൻ മേജർ സെമിനാരിയുടെ ഉടമസ്ഥതയിലുള്ള ഭൂമി സ്വകാര്യ വ്യക്തികൾ കൈയേറിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ, സഭയ്ക്ക് അനുകൂലമായ കോടതി വിധികൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മാർച്ച്. എന്നാൽ സമാധാനപരമായി മാർച്ച് നടത്തിയ ബിഷപ്പുമാർക്കും വിശ്വാസികൾക്കും നേരെ സുരക്ഷാ സേന കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു.

“സഭ ഒരു അധികാരകേന്ദ്രത്തിന്റെയും ശത്രുവല്ല, എന്നാൽ അനീതിക്ക് ഒരിക്കലും കൂട്ടുനിൽക്കുകയുമില്ല. സുവിശേഷം പ്രഘോഷിക്കുക, മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കുക, മറ്റുള്ളവർ നിശബ്ദമാക്കാൻ ശ്രമിക്കുന്നവരുടെ ശബ്ദം കേൾപ്പിക്കുക എന്നതാണ് സഭയുടെ ദൗത്യം,”- കർദിനാൾ ഫ്രിഡോലിൻ അംബോംഗോ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.