ജപമാലയിലൂടെ നല്ലൊരു വ്യക്തിയായി വളരാൻ മൂന്ന് വഴികൾ

ദൈവത്തോടുള്ള ബന്ധം ആഴപ്പെടുത്താനും ജീവിതത്തിൽ ആത്മീയമായ ശാന്തിയും സമാധാനവും കണ്ടെത്താനും സഹായിക്കുന്ന മനോഹരമായ പ്രാർഥനയാണ് ജപമാല. പരിശുദ്ധ അമ്മയോടൊപ്പം ഈശോയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ധ്യാനിച്ചുകൊണ്ട് നടത്തുന്ന ഈ പ്രാർഥന നമ്മുടെ വിശ്വാസജീവിതത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, വ്യക്തിജീവിതത്തിലും സ്വഭാവത്തിലും നല്ല മാറ്റങ്ങൾ വളർത്തിയെടുക്കാനും സഹായിക്കുന്നു. സ്നേഹവും ക്ഷമയും വിനയവും നിറഞ്ഞ ജീവിതത്തിലേക്ക് നമ്മെ നയിക്കുന്ന ജപമാല പ്രാർഥനയുടെ മൂന്ന് പ്രധാന അനുഗ്രഹങ്ങൾ പരിചയപ്പെടാം.

1. തിന്മയിൽനിന്ന് അകന്ന് നന്മയുടെ വഴിയിൽ ചരിക്കാം

ജപമാല പ്രാർഥനയുടെ പ്രധാനപ്പെട്ട അനുഗ്രഹങ്ങളിലൊന്ന് തിന്മയിൽനിന്ന് അകന്നുനിൽക്കാനും നന്മയുടെ വഴിയിൽ ഉറച്ചുനിൽക്കാനുമുള്ള ആത്മീയ കരുത്ത് ലഭിക്കുന്നു എന്നതാണ്. ഈശോയുടെ ജീവിതവും പരിശുദ്ധ അമ്മയുടെ വിശ്വാസവും ധ്യാനിക്കുമ്പോൾ നമ്മുടെ ചിന്തകളും പ്രവൃത്തികളും കൂടുതൽ വിശുദ്ധിയുള്ളതാക്കാൻ പ്രചോദനം ലഭിക്കുന്നു. സ്വന്തം തെറ്റുകൾ തിരിച്ചറിയാനും അവ തിരുത്താനും ജീവിതത്തിൽ നല്ല തീരുമാനങ്ങൾ എടുക്കാനും പ്രാർഥന നമ്മെ സഹായിക്കുന്നു. നമ്മുടെ ചിന്തകളിലും പ്രവൃത്തികളിലും നന്മ നിറയുമ്പോൾ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമുള്ള പെരുമാറ്റത്തിലും അതിന്റെ പ്രതിഫലനം കാണാം. അങ്ങനെ കൂടുതൽ സ്നേഹവും കരുതലും നിറഞ്ഞ വ്യക്തികളായി വളരാൻ നമുക്ക് സാധിക്കുന്നു.

2. സ്നേഹവും അനുകമ്പയും നിറഞ്ഞ ഹൃദയത്തിന് ഉടമകളാകാം

മറ്റുള്ളവരെ സ്നേഹിക്കാനും അവരുടെ വേദനകളിൽ പങ്കുചേരാനും കഴിയുക എന്നത് ഒരു ക്രൈസ്തവന്റെ പ്രധാനപ്പെട്ട സവിശേഷതയാണ്. എന്നാൽ ജീവിതത്തിലെ തിരക്കുകളും പ്രതിസന്ധികളും ചിലപ്പോൾ നമ്മുടെ മനസ്സിനെ കടുപ്പമുള്ളതാക്കിയേക്കാം. ജപമാല പ്രാർഥനയിലൂടെ ഈശോയുടെ സ്നേഹവും പരിശുദ്ധ അമ്മയുടെ മാതൃകയും ധ്യാനിക്കുമ്പോൾ മറ്റുള്ളവരെ കൂടുതൽ മനസ്സിലാക്കാനും അവരുടെ കുറവുകൾ ക്ഷമിക്കാനും നമുക്ക് സാധിക്കും. മറ്റുള്ളവരുടെ തെറ്റുകൾ മാത്രം കാണാതെ അവരുടെ നന്മകൾ തിരിച്ചറിയാനും പ്രയാസങ്ങളിലൂടെ കടന്നുപോകുന്നവർക്ക് ആശ്വാസവും സഹായവും പകരാനും ഈ പ്രാർഥന നമ്മെ പ്രചോദിപ്പിക്കുന്നു. അങ്ങനെ ദയയും കരുണയും അനുകമ്പയും നിറഞ്ഞ ഒരു ഹൃദയം വളർത്തിയെടുക്കാൻ ജപമാല നമ്മെ സഹായിക്കുന്നു.

3. മനസ്സിൽ ശാന്തിയും ജീവിതത്തിൽ സമാധാനവും കണ്ടെത്താം

ആകുലതകളും ആശങ്കകളും നിറഞ്ഞ ഇന്നത്തെ ജീവിതത്തിൽ മനസ്സിന് ശാന്തി പകരുന്ന ആത്മീയ ആശ്രയം ഏറെ ആവശ്യമാണ്. ജപമാല പ്രാർഥനയ്ക്കായി കുറച്ചുസമയം മാറ്റിവച്ച് ദൈവസന്നിധിയിൽ ആയിരിക്കുമ്പോൾ മനസ്സിലെ ഭാരങ്ങൾ ദൈവതിരുമുമ്പിൽ സമർപ്പിക്കാനും അവിടുത്തെ സ്നേഹത്തിലും കരുതലിലും ആശ്രയിക്കാനും നമുക്ക് സാധിക്കുന്നു. ഓരോ പ്രാർഥനയും നമ്മുടെ ചിന്തകളെ ശാന്തമാക്കുകയും ജീവിതത്തിലെ പ്രതിസന്ധികളെ വിശ്വാസത്തോടെ നേരിടാനുള്ള കരുത്ത് പകരുകയും ചെയ്യുന്നു. മനസ്സിൽ സമാധാനമുള്ളവർക്ക് മറ്റുള്ളവരോട് ക്ഷമയോടെയും സ്നേഹത്തോടെയും പെരുമാറാനും കഴിയും. അങ്ങനെ നമ്മുടെ ഉള്ളിലെ സമാധാനം കുടുംബത്തിലേക്കും ചുറ്റുമുള്ളവരിലേക്കും പകരുന്നു.

ജപമാല വെറുമൊരു പ്രാർഥനാരീതിയല്ല; ഈശോയെ കൂടുതൽ അടുത്തറിയാനും പരിശുദ്ധ അമ്മയുടെ മാതൃകയിൽ വിശ്വാസത്തിലും സ്നേഹത്തിലും വളരാനുമുള്ള മനോഹരമായ ആത്മീയ യാത്രയാണ്. ജപമാലയിലൂടെ ധ്യാനിക്കുന്ന ഈശോയുടെ ജീവിതമൂല്യങ്ങൾ നമ്മുടെ ചിന്തകളിലും പ്രവൃത്തികളിലും പ്രതിഫലിക്കുമ്പോഴാണ് ആ പ്രാർഥനയുടെ യഥാർഥ ഫലം ജീവിതത്തിൽ പ്രകടമാകുന്നത്. അതിനാൽ ഓരോ ദിവസവും ജപമാലയ്ക്കായി അൽപസമയം മാറ്റിവയ്ക്കാം. പ്രാർഥനയിലൂടെ മനസ്സിനെ വിശുദ്ധീകരിക്കാം; ഹൃദയത്തിൽ സ്നേഹവും ക്ഷമയും വളർത്താം. ദൈവത്തോടു കൂടുതൽ ചേർന്നുനിന്നുകൊണ്ട് മറ്റുള്ളവർക്ക് നന്മയും ആശ്വാസവും പകരുന്ന നല്ല വ്യക്തികളായി വളരാം.

വിവർത്തനം: ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.