
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കുന്നതിനും സത്യവും പൊതുനന്മയും പ്രചരിപ്പിക്കുന്നതിനുമായി ഉപയോഗിക്കണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. ചിലിയിലെ സാന്തിയാഗോയിലുള്ള പോന്തിഫിക്കൽ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നടന്ന സഭാ ആശയവിനിമയത്തിനായുള്ള ഏഴാമത് അന്താരാഷ്ട്ര സെമിനാറിലേക്ക് അയച്ച സന്ദേശത്തിലാണ് മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ ഒപ്പുവച്ച സന്ദേശം, ചിലിയൻ ബിഷപ്സ് കോൺഫറൻസ് പ്രസിഡന്റ് ആർച്ച് ബിഷപ് റെനെ ഓസ്വാൾഡോ റെബോളെദോ സലിനാസിനു കൈമാറി. വേഗത്തിൽ വളരുന്ന സാങ്കേതികവിദ്യ ആശയവിനിമയ രംഗത്ത് പുതിയ സാധ്യതകൾ തുറക്കുമ്പോഴും, മനുഷ്യന്റെ മൗലികമായ അന്തസ്സ് കാത്തുസൂക്ഷിക്കാൻ മാധ്യമപ്രവർത്തകരും സഭാപ്രവർത്തകരും ശ്രദ്ധിക്കണമെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വെല്ലുവിളികൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ ലാറ്റിനമേരിക്ക, കരീബിയൻ മേഖലകളിൽ നിന്നുള്ള മാധ്യമപ്രവർത്തകർ, സർവകലാശാല അധ്യാപകർ, സഭാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
എ.ഐ. വെല്ലുവിളികളെ ഉത്തരവാദിത്തത്തോടെയും ജ്ഞാനത്തോടെയും നേരിടാനും, മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താനും സുവിശേഷ പ്രചാരണത്തിന് ഉതകുന്ന രീതിയിൽ ആശയവിനിമയം നടത്താനും ഈ കൂട്ടായ്മ സഹായിക്കട്ടെയെന്ന് മാർപാപ്പ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.




