പൗരസ്ത്യ കാനോൻ നിയമത്തിൽ പുതിയ പരിഷ്‌കാരങ്ങൾക്ക് അംഗീകാരം നൽകി ലെയോ പാപ്പ

ലെയോ പതിനാലാമൻ പാപ്പ, തന്റെ പുതിയ മോത്തു പ്രോപ്രിയോ (Motu Proprio), ” മൂത്തുവ കൊൻകോർദിയ” (Mutua Concordia) വഴിയായി, പൗരസ്ത്യ സഭകളുടെ സിനഡുകളുടെ അധികാരം വിപുലീകരിക്കുകയും, പാത്രിയർക്കീസിനെ നീക്കം ചെയ്യുന്നതിനുള്ള പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ചെയ്തു. പൗരസ്ത്യ സഭകളുടെ കാനോൻ നിയമത്തിലെ 106 മറ്റും 126 കാനോനുകൾ ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ ഭേദഗതി നിലവിൽ വന്നത്.

പാത്രിയർക്കീസിനെ നീക്കം ചെയ്യുന്നതിനുള്ള കൃത്യമായ നടപടിക്രമങ്ങളാണ് പുതിയ മാറ്റങ്ങളിലൊന്ന്. 126-ാം കാനോനിലെ പുതിയ നാലാം ഖണ്ഡിക പ്രകാരം, ഗുരുതരമായ കാരണത്താൽ സിനഡ് ആവശ്യപ്പെട്ട രാജിക്കത്ത് പാത്രിയർക്കീസ് സ്വീകരിച്ചില്ലെങ്കിൽ, വോട്ടവകാശമുള്ള ഏറ്റവും മുതിർന്ന മെത്രാൻ പുതിയ സിനഡ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന് നേതൃത്വം നൽകണം. തുടർന്ന് രഹസ്യ വോട്ടിംഗിലൂടെ സിനഡ് നീക്കം ചെയ്യൽ പ്രക്രിയ നടത്തണം. ഇതിനായി വോട്ടവകാശമുള്ള അംഗങ്ങളുടെ മൂന്നിൽ രണ്ട് വോട്ട് ആവശ്യമാണ്. പാത്രിയർക്കീസിന് സിനഡിനു മുന്നിൽ സ്വയം പ്രതിരോധിക്കാനുള്ള പൂർണ്ണ അവകാശമുണ്ടാകും, എന്നാൽ, അന്തിമ തീരുമാനം പാപ്പയുടെ അംഗീകാരത്തിന് (assent) വിധേയമായിരിക്കും.

സിനഡ് വിളിച്ചുകൂട്ടുന്നതുമായി ബന്ധപ്പെട്ടതാണ് മറ്റൊരു പ്രധാന ഭേദഗതി. പാത്രിയർക്കീസ് സിനഡ് വിളിച്ചുകൂട്ടുന്നതിൽ പരാജയപ്പെട്ടാൽ, വോട്ടവകാശമുള്ള ഏറ്റവും മുതിർന്ന മെത്രാന് സിനഡ് നിയമാനുസൃതമായി വിളിച്ചുകൂട്ടാൻ 106-ാം കാനോനിലെ പുതിയ മൂന്നാം ഖണ്ഡിക അനുവാദം നൽകുന്നു. സിനഡിന്റെ പ്രവർത്തനം പാത്രിയർക്കീസിന്റെ വീഴ്ച മൂലം തടസ്സപ്പെടാതിരിക്കാനാണ് ഈ ക്രമീകരണം.

“മൂത്തുവ കൊൻകോർദിയ” (Mutua Concordia) യിലൂടെ പൗരസ്ത്യ പാത്രിയർക്കൽ സഭകളുടെ ആഭ്യന്തര സ്വയംഭരണാധികാരത്തിന് വ്യക്തമായ നിയമപരിരക്ഷ നൽകാനാണ് പാപ്പ ശ്രമിക്കുന്നത്. ഈ പരിഷ്കരണങ്ങൾ, അവയുടെ സ്വഭാവമനുസരിച്ച്, മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭകൾക്കും ബാധകമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.