
ചില മനുഷ്യരെ നാം ആദ്യമായി കാണുമ്പോൾ തന്നെ മനസ്സിൽ ഒരു പ്രത്യേക വിശ്വാസം തോന്നാറുണ്ട്. അധികം സംസാരിച്ചിട്ടില്ലെങ്കിലും, “ഈ വ്യക്തിയെ വിശ്വസിക്കാം” എന്ന് തോന്നും. അതിന് പിന്നിൽ പലപ്പോഴും അവരുടെ വാക്കുകളേക്കാൾ ശക്തമായ ഒന്നായിരിക്കും—ആത്മാർഥത.
നല്ല വാക്കുകൾ പറയാൻ എളുപ്പമാണ്. എന്നാൽ പറയുന്നതുപോലെ പ്രവർത്തിക്കുക അത്ര എളുപ്പമല്ല. ഒരാളുടെ യഥാർഥ സ്വഭാവം മനസ്സിലാക്കാൻ അയാൾ എന്താണ് പറയുന്നതെന്നതിനേക്കാൾ എങ്ങനെ പെരുമാറുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. ചെറിയ കാര്യങ്ങളിൽ പോലും ആത്മാർഥത പ്രകടമാകും. അഭിനയിച്ച് അധികനാൾ മുന്നോട്ടുപോകാനും കഴിയില്ല.
വാക്കും പ്രവൃത്തിയും ഒരേ വഴിയിൽ
ആത്മാർഥതയുള്ളവർ പറയുന്നതും ചെയ്യുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടാകില്ല. മറ്റുള്ളവരോട് പറയുന്ന കാര്യങ്ങൾ സ്വന്തം ജീവിതത്തിലും പാലിക്കാൻ അവർ ശ്രമിക്കും. അതുകൊണ്ടുതന്നെ അവരുടെ വാക്കുകൾക്ക് മറ്റുള്ളവരുടെ മനസ്സിൽ കൂടുതൽ വില ലഭിക്കും.
പണത്തിനോ നേട്ടത്തിനോ വേണ്ടി നിലപാട് മാറ്റില്ല
പണമോ മറ്റേതെങ്കിലും നേട്ടമോ ലഭിക്കുമെന്ന കാരണത്താൽ മാത്രം ആത്മാർഥതയുള്ളവർ തങ്ങളുടെ നിലപാട് മാറ്റില്ല. തങ്ങൾക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ സത്യസന്ധമായി പറയാൻ അവർ തയ്യാറാകും. വിശ്വസിക്കാത്ത കാര്യങ്ങൾ മറ്റുള്ളവരെ വിശ്വസിപ്പിക്കാനും അവർ ശ്രമിക്കില്ല.
സ്വന്തം നേട്ടങ്ങൾ പെരുപ്പിച്ച് പറയില്ല
സ്വന്തം കഴിവുകളെയും നേട്ടങ്ങളെയും കുറിച്ച് അമിതമായി സംസാരിക്കേണ്ട ആവശ്യം ആത്മാർഥതയുള്ളവർക്ക് തോന്നാറില്ല. സാധാരണയായി ലളിതവും വിനയമുള്ളതുമായ പെരുമാറ്റമായിരിക്കും അവരുടേത്. ചെയ്ത നല്ല കാര്യങ്ങൾക്ക് മറ്റുള്ളവരുടെ പ്രശംസ നേടണമെന്ന നിർബന്ധവും അവർക്കുണ്ടാകില്ല.
പറഞ്ഞ വാക്കിന് വില നൽകും
“ഞാൻ ചെയ്യാം” എന്ന് പറഞ്ഞാൽ അത് പാലിക്കാൻ ആത്മാർഥതയുള്ളവർ ശ്രമിക്കും. സാഹചര്യങ്ങൾ മാറിയാലും എളുപ്പത്തിൽ വാക്കുമാറ്റില്ല. അതുകൊണ്ടുതന്നെ അത്തരം ആളുകളെ സുഹൃത്തായും സഹപ്രവർത്തകനായും വിശ്വസിക്കാൻ നമുക്ക് എളുപ്പമാണ്.
എല്ലാവരോടും ഒരേ ബഹുമാനം
ഒരു വ്യക്തിയുടെ പണമോ സ്ഥാനമോ നോക്കിയല്ല ആത്മാർഥതയുള്ളവർ പെരുമാറുന്നത്. സമ്പന്നനോടും സാധാരണക്കാരനോടും ഒരുപോലെ ബഹുമാനത്തോടെ ഇടപെടാൻ അവർ ശ്രമിക്കും. മുന്നിലുള്ള വ്യക്തിയുടെ മൂല്യം അയാളുടെ സ്ഥാനത്തിലല്ല, വ്യക്തിത്വത്തിലാണെന്ന് അവർ മനസ്സിലാക്കുന്നു.
വിശ്വാസത്തിന്റെ അടിത്തറ
സൗഹൃദത്തിലായാലും കുടുംബബന്ധത്തിലായാലും ജോലിയിലായാലും വിശ്വാസത്തിന് വലിയ സ്ഥാനമുണ്ട്. ആ വിശ്വാസം വളരണമെങ്കിൽ ആത്മാർഥത ആവശ്യമാണ്. വാക്ക് പാലിക്കുകയും, തെറ്റ് സംഭവിച്ചാൽ അത് സമ്മതിക്കുകയും, ആവശ്യസമയത്ത് കൂടെ നിൽക്കുകയും ചെയ്യുന്നവരോടാണ് വിശ്വാസം കൂടുതൽ ശക്തമാകുന്നത്.
മറ്റുള്ളവരിൽ ആത്മാർഥത തേടുന്നതിനുമുമ്പ് നമ്മളും വാക്കിലും പ്രവൃത്തിയിലും ആത്മാർഥത പുലർത്താൻ പഠിക്കണം. നമ്മുടെ വാക്കുകൾ ആളുകൾ കേൾക്കും; എന്നാൽ നമ്മുടെ പ്രവൃത്തികളാണ് നമ്മൾ യഥാർഥത്തിൽ ആരാണെന്ന് അവരോട് പറയുന്നത്.
ആത്മാർഥത ഒരു പ്രകടനമല്ല; അത് നമ്മുടെ സ്വഭാവത്തിന്റെ ഭാഗമാണ്. അത് ഉണ്ടെങ്കിൽ വിശ്വാസം വളരും, ബന്ധങ്ങൾ ആഴപ്പെടും, നമ്മുടെ സാന്നിധ്യം മറ്റുള്ളവർക്ക് കൂടുതൽ വിലപ്പെട്ടതാകും.
വിവർത്തനം: ഡിൻസി തോമസ്


