
സിറിയയിൽ സുരക്ഷാസാഹചര്യങ്ങൾ അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണെന്നും ക്രൈസ്തവസമൂഹം കടുത്ത ഭയപ്പാടിലൂടെയാണ് കടന്നുപോകുന്നതെന്നും ഫ്രാൻസിസ്കൻ വൈദികനായ ഫാ. ഫാദി ആസർ. എയ്ഡ് ടു ദി ചർച്ച് ഇൻ നീഡിന് നൽകിയ അഭിമുഖത്തിലാണ് നിലവിൽ സിറിയയിലെ അലെപ്പോയിൽ സേവനം ചെയ്യുന്ന അദ്ദേഹം രാജ്യത്തെ ദയനീയ സാഹചര്യം വ്യക്തമാക്കിയത്.
സിറിയയിൽ ബഷാർ അൽ അസദ് ഭരണകൂടം താഴെയിറക്കപ്പെടുകയും അഹമ്മദ് അൽ ഷറ പ്രസിഡന്റായി അധികാരമേൽക്കുകയും ചെയ്തിട്ട് രണ്ടു വർഷത്തോളമാകുന്നെങ്കിലും രാജ്യത്ത് സ്ഥിരത കൈവന്നിട്ടില്ലെന്ന് ഫാ. ഫാദി ചൂണ്ടിക്കാട്ടി. മുൻ ഭരണകൂടത്തിൽ സേവനമനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥരെയും സൈനികരെയും നിലവിലെ സർക്കാർ പിരിച്ചുവിട്ടതോടെ വൻതോതിലുള്ള തൊഴില്ലായ്മയും സാമ്പത്തിക തകർച്ചയുമാണ് രാജ്യത്തുണ്ടായിരിക്കുന്നത്.
തൊഴില്ലായ്മയും വിലക്കയറ്റവും വർധിച്ചതോടെ കൊള്ളയും തട്ടിക്കൊണ്ടുപോകലും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ പെരുകി. മുൻപ് വീടുകൾ തുറന്നിട്ടുപോലും ഭയപ്പെടേണ്ടതില്ലാത്ത അവസ്ഥയായിരുന്നെങ്കിൽ, ഇന്ന് വീടുകളിലെ വൈദ്യുതി, വാട്ടർ മീറ്ററുകൾ വരെ മോഷണം പോകുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്കാ-ഓർത്തഡോക്സ് ദൈവാലയങ്ങൾക്കും ക്രൈസ്തവ സെമിത്തേരികൾക്കും നേരെ തീവ്രവാദ സംഘടനകളുടെ ആക്രമണങ്ങളും വധഭീഷണികളും ഉണ്ടാകുന്നുണ്ട്. ദമാസ്കസിലെ സെന്റ് എലിയാസ് ഓർത്തഡോക്സ് ദൈവാലയത്തിനു നേരെ ഉണ്ടായ ആക്രമണവും ക്രിസ്ത്യാനികളോട് മതം മാറാൻ ആഹ്വാനം ചെയ്തുകൊണ്ട് തീവ്രവാദ സംഘങ്ങൾ നടത്തുന്ന പ്രചാരണങ്ങളും വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. കടുത്ത വിവേചനവും ഭാവിയിലില്ലാത്ത അനിശ്ചിതത്വവും മൂലം നിരവധി ക്രൈസ്തവ കുടുംബങ്ങളും യുവാക്കളും രാജ്യം വിടാൻ നിർബന്ധിതരാവുകയാണ്.
പീഡനങ്ങളും ഭീഷണികളും വർധിക്കുമ്പോഴും സിറിയയിലെ ക്രൈസ്തവരുടെ വിശ്വാസം കൂടുതൽ ശക്തമാകുകയാണെന്ന് വ്യക്തമാക്കിയ ഫാ. ഫാദി, തങ്ങൾക്കായി പ്രാർഥിക്കാനും സഹായിക്കാനും അന്താരാഷ്ട്ര സമൂഹത്തോടും ലോകമെമ്പാടുമുള്ള വിശ്വാസികളോടും അഭ്യർഥിച്ചു.


