
ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിനിടെ കാണാതായ ഫാ. ജിം ബ്രൗണിനെയും അദ്ദേഹത്തിന്റെ സഹായി റാത്തീസൻ ക്രിസ്റ്റിനെയും കുറിച്ച് രണ്ടു പതിറ്റാണ്ടിനുശേഷവും വിവരങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ, സത്യം പുറത്തുകൊണ്ടുവരണമെന്ന ആവശ്യവുമായി വിശ്വാസികളും കത്തോലിക്കാ സഭയും രംഗത്ത്. 2006 ഓഗസ്റ്റ് 20-നാണ് ജാഫ്ന രൂപതയിലെ യുവ വൈദികനായിരുന്ന ഫാ. ജിം ബ്രൗണും സഹായിയും അല്ലാപ്പിട്ടി ഗ്രാമത്തിലേക്ക് പോകുന്നതിനിടെ സൈനിക ചെക്ക്‌പോസ്റ്റിന് സമീപത്തുവച്ച് അപ്രത്യക്ഷരാകുന്നത്.
യുദ്ധക്കെടുതിയിലായ സാധാരണ ജനങ്ങളെ സംരക്ഷിക്കാനും അവർക്ക് ആശ്വാസമെത്തിക്കാനും മുൻപന്തിയിലുണ്ടായിരുന്ന വൈദികനായിരുന്നു ഫാ. ജിം ബ്രൗൺ. കാണാതാകുന്നതിന് തൊട്ടുമുമ്പ് അല്ലാപ്പിട്ടി സെന്റ് ഫിലിപ്പ് നേരി ദൈവാലയത്തിന് നേരെ നടന്ന ഷെല്ലാക്രമണത്തിൽ പരിക്കേറ്റ നൂറിലധികം ഗ്രാമവാസികളെ രക്ഷപ്പെടുത്താൻ അദ്ദേഹം ധീരമായി ഇടപെട്ടിരുന്നു. ഇവരെ കൂടാതെ ആയിരക്കണക്കിന് ആളുകളെ ആഭ്യന്തരയുദ്ധത്തിനിടയിൽ കാണാതായിരുന്നു.
സംഭവം നടന്ന് 20 വർഷം കഴിയുമ്പോഴും കാണാതായവരെക്കുറിച്ചുള്ള യാതൊരു വിവരവും നൽകാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. പല സർക്കാരുകൾ മാറിമാറി വന്നിട്ടും കൃത്യമായ അന്വേഷണം നടത്താൻ തയ്യാറായില്ലെന്ന് സഭാ നേതൃത്വം ആരോപിക്കുന്നു. അപ്രത്യക്ഷരായ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് എന്തുഭവിച്ചു എന്നറിയാതെ ബന്ധുക്കളും ഗ്രാമവാസികളും ഇപ്പോഴും ആകുലതയിലാണ്.
വൈദികന്റെ ഓർമ്മദിനത്തോടനുബന്ധിച്ച് പ്രത്യേക പ്രാർഥനകളും അനുസ്മരണ ചടങ്ങുകളും ജാഫ്നയിൽ സംഘടിപ്പിച്ചു. യുദ്ധകാലത്ത് കാണാതായ ആയിരക്കണക്കിന് ആളുകളുടെ പ്രതിനിധിയായാണ് ഫാ. ജിം ബ്രൗണിനെ സമൂഹം കാണുന്നത്. കാണാതാകലുകളുമായി ബന്ധപ്പെട്ട് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും നീതി ഉറപ്പാക്കണമെന്നും സഭയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ശ്രീലങ്കൻ സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു.




