ആശുപത്രിയിൽ കാത്തിരിക്കുന്ന വേളകളിൽ ആശ്വാസമേകുന്ന ആറ് തിരുവചനങ്ങൾ

ആശുപത്രിയിൽ ഡോക്ടറെ കാണാനോ പരിശോധനാഫലങ്ങൾ അറിയാനോ, പ്രിയപ്പെട്ട ഒരാൾ ഓപ്പറേഷൻ തിയേറ്ററിനുള്ളിലായിരിക്കുമ്പോൾ അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾക്കായി കാത്തിരിക്കാനോ നാം പലപ്പോഴും നിർബന്ധിതരാകാറുണ്ട്. ഇത്തരം കാത്തിരിപ്പുകൾ വേദനയും ആശങ്കയും നിറഞ്ഞതായിരിക്കും. ആ നിമിഷങ്ങളിൽ ഉത്കണ്ഠ നിറഞ്ഞ മനസ്സിന് ആശ്വാസവും പ്രതീക്ഷയും പകരാൻ ചില തിരുവചനങ്ങൾ നമ്മെ സഹായിക്കും. ഡോക്ടർ എന്ത് പറയും എന്ന് ഈ വചനങ്ങൾ മുൻകൂട്ടി അറിയിക്കില്ലെങ്കിലും, അസ്വസ്ഥമായ മനസ്സിന് അല്പം ആശ്വാസമേകാൻ ഇവയ്ക്ക് സാധിക്കും.

1. തികച്ചും നിസ്സഹായത അനുഭവപ്പെടുമ്പോൾ

“ദൈവമാണു നമ്മുടെ അഭയവും ശക്‌തിയും; കഷ്‌ടതകളില്‍ അവിടുന്നു സുനിശ്‌ചിതമായ തുണയാണ്‌.”
സങ്കീര്‍ത്തനങ്ങള്‍ — 46 : 1

ആശുപത്രികൾ നമ്മുടെ നിയന്ത്രണങ്ങളെല്ലാം പെട്ടെന്ന് കൈവിട്ടുപോകുന്ന ഇടങ്ങളാണ്. എന്നാൽ ദൈവം ഈ പ്രതിസന്ധിയുടെ അവസാനം മാത്രം വരാൻ നിൽക്കുന്നവനല്ല; ഈ കഷ്ടതയുടെ നടുവിൽ തന്നെ അവൻ അടുത്തുനിൽക്കുന്ന സഹായമാണ്.

2. ആകുലതയാൽ ഉഴലുമ്പോൾ

“ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്‌ഷയിലൂടെയും കൃതജ്‌ഞ താസ്‌തോത്രങ്ങളോടെ നിങ്ങളുടെയാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍.” —ഫിലിപ്പി 4 : 6. 

ആശുപത്രിയിൽ എന്താണ് സംഭവിക്കുക എന്നറിയാതെ നിൽക്കുമ്പോൾ ‘ആകുലപ്പെടരുത്’ എന്ന് കേൾക്കുന്നത് ബുദ്ധിമുട്ടായി തോന്നാം. എന്നാൽ ആ ഉത്കണ്ഠകളെ പ്രാർഥനയിലൂടെ ദൈവത്തിന് മുമ്പിൽ സമർപ്പിക്കാനാണ് വിശുദ്ധ പൗലോസ് നമ്മോട് ആവശ്യപ്പെടുന്നത്. “അവന് ഒന്നും വരുത്തരുതേ, ഡോക്ടർമാർക്ക് വഴികാട്ടണമേ” എന്ന ചെറിയ വാക്കുകൾ പോലും വലിയ പ്രാർഥനയാണ്.

3. ഇനി എന്ത് സംഭവിക്കും എന്നോർത്ത് ഭയപ്പെടുമ്പോൾ

“സമുദ്രത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും. നദികള്‍ കടക്കുമ്പോള്‍ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്‌നിയിലൂടെ നടന്നാലും നിനക്കു പൊള്ളലേല്‍ക്കുകയില്ല; ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല.” — ഏശയ്യാ 43:2

കടന്നുപോകാൻ പ്രതിസന്ധികളോ പ്രശ്നങ്ങളോ ഉണ്ടാവില്ല എന്ന് ദൈവം വാഗ്ദാനം ചെയ്യുന്നില്ല. എന്നാൽ വാതിലിന് പുറത്തേക്ക് വരുന്ന വാർത്ത എന്ത് തന്നെയായാലും, നിങ്ങൾ അത് ഒറ്റയ്ക്ക് നേരിടേണ്ടി വരില്ല — “ഞാൻ നിന്നോടുകൂടെയുണ്ടായിരിക്കും” എന്നതാണ് ദൈവത്തിന്റെ ഉറപ്പ്.

4. മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുമ്പോൾ

“ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക.” — സങ്കീർത്തനങ്ങൾ 46:10

മണിക്കൂറുകളോളം കാത്തിരുന്ന് മനസ് തളരുമ്പോൾ ഈ ചെറിയ വചനം ഒരു ശ്വാസം പോലെ നിങ്ങളെ ശാന്തമാക്കും. കാര്യങ്ങളെല്ലാം സ്വയം പരിഹരിക്കാൻ ശ്രമിക്കാതെ, ആ നിമിഷം ദൈവത്തിൽ ആശ്രയിക്കുക.

5. പ്രിയപ്പെട്ടവരെ ദൈവം പരിപാലിക്കുന്നുണ്ടെന്ന് ഓർക്കാൻ

“കര്‍ത്താവ്‌ അവനു രോഗശയ്യയില്‍ ആശ്വാസം പകരും; അവിടുന്ന്‌ അവനു രോഗശാന്തി നല്‍കും.” — സങ്കീർത്തനങ്ങൾ 41:3

ഓപ്പറേഷൻ തിയേറ്ററിലോ തീവ്രപരിചരണ വിഭാഗത്തിലോ ഉള്ള പ്രിയപ്പെട്ടവരുടെ അരികിൽ നിൽക്കാൻ നിങ്ങൾക്ക് സാധിക്കാത്തപ്പോൾ, ദൈവം അവരെ സ്നേഹത്തോടെ പരിചരിക്കുന്നുണ്ട് എന്ന ഈ വചനം വലിയൊരു ആശ്വാസമാണ് നൽകുന്നത്.

6. കാര്യങ്ങൾ പൂർണ്ണമായി ദൈവത്തിന് വിട്ടുനൽകുമ്പോൾ

“കര്‍ത്താവ്‌ അടുത്തെത്തിയിരിക്കുന്നു.” — ഫിലിപ്പി 4:5

ഈ വാക്കുകൾ മാത്രം മതിയാകും. അവിടെ വലിയ പ്രാർഥനകൾ നടത്താനോ ധൈര്യം സംഭരിക്കാനോ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിലും സാരമില്ല. “കർത്താവ് സമീപത്തുണ്ട്” എന്ന സത്യം മാത്രം മതിയാകും നിങ്ങൾക്ക് ആശ്വാസമേകാൻ.

അതുകൊണ്ടാണ് ആശുപത്രിയിലെ കാത്തിരിപ്പുകളിൽ തിരുവചനങ്ങൾ നല്ലൊരു ആശ്വാസമാകുന്നത്. ദൈർഘ്യമേറിയ അധ്യായങ്ങൾ വായിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തപ്പോഴും, കാത്തിരിപ്പിന്റെ മണിക്കൂറുകൾ അവസാനിക്കുന്നത് വരെ ഒരു ചെറിയ വചനം നിങ്ങളുടെ മനസ്സിന് താങ്ങായി നിൽക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.