ഹംഗറിയിലെ ബസ് അപകടം: തീർഥാടകരുടെ വേർപാടിൽ അനുശോചനം അറിയിച്ച് ലെയോ പാപ്പ

ബോസ്നിയ-ഹെർസെഗോവിനയിലെ മെഡ്ജുഗോറിയയിലെ മരിയൻ തീർഥാടന കേന്ദ്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന പോളിഷ് തീർഥാടകർ സഞ്ചരിച്ച ബസ് ഹംഗറിയിലുണ്ടായ അപകടത്തിൽപ്പെട്ട സംഭവത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ തീവ്രമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ വഴിയാണ് മാർപാപ്പ തന്റെ അനുശോചന സന്ദേശം ദുരന്തത്തിൽപ്പെട്ടവരുടെ രൂപതകളിലെ മെത്രാന്മാർക്ക് അയച്ചത്.

“വിശ്വാസത്തിന്റെ തീർഥാടനം കഴിഞ്ഞ് മടങ്ങിയവർ തങ്ങളുടെ ഭൗമിക ജീവിതമാകുന്ന തീർഥാടനം പൂർത്തിയാക്കിയിരിക്കുന്നു” എന്ന് അനുശോചന സന്ദേശത്തിൽ പാപ്പ ഓർമ്മിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച മാർപാപ്പ, ദുരന്തത്തിന്റെ ആഘാതത്തിൽ കഴിയുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വത്തിക്കാന്റെയും കത്തോലിക്കാ സഭയുടെയും ആത്മീയ പിന്തുണ വാഗ്ദാനം ചെയ്തു. മരിച്ചവരുടെ ആത്മശാന്തിക്കായും ദുഃഖത്തിലായ കുടുംബങ്ങളുടെ ആശ്വാസത്തിനായും മാർപാപ്പ പ്രാർഥിക്കുന്നതായി കർദിനാൾ പരോളിനും വ്യക്തമാക്കി.

മെഡ്ജുഗോറിയിൽ തീർഥാടനത്തിന് ശേഷം പോളണ്ടിലേക്ക് മടങ്ങുകയായിരുന്ന തീർഥാടകരുടെ ബസാണ് ഹംഗറിയിലെ M3 മോട്ടോർവേയിൽ അപകടത്തിൽപ്പെട്ടത്. ബസ് റോഡിൽ നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 12 പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.