ആഗസ്റ്റ് 22: ബവാഗ്നായിലെ വാഴ്ത്തപ്പെട്ട ജെയിംസ്

ഡൊമിനിക്കന്‍ സന്യാസിയായിരുന്നു ബവാഗ്നായിലെ വാഴ്ത്തപ്പെട്ട ജെയിംസ്. വൈദികര്‍ക്ക് വിവാഹജീവിതം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ സഭയിലുയര്‍ന്ന പാഷാണ്ഡതയായ നിക്കോലൈറ്റാനിസത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്കി.

വി. ഡൊമിനിക് നേരിട്ട് പ്രത്യക്ഷപ്പെട്ടാണ് അദ്ദേഹത്തെ സഭയിലേക്കു ക്ഷണിച്ചത്. ബവാഗ്നാ ഇടവകയില്‍ രണ്ട് ഡൊമിനിക്കന്‍ സന്യാസികള്‍ നടത്തിയ നോമ്പുകാലശുശ്രൂഷകളില്‍ സംബന്ധിച്ചപ്പോള്‍ മുതലാണ് ജെയിംസിന് സന്യാസജീവിതത്തോടുള്ള ആഭിമുഖ്യം ആരംഭിച്ചത്. അന്ന് അദ്ദേഹത്തിന് 16 വയസ്സായിരുന്നു. തീരുമാനമെടുക്കാന്‍ ക്ലേശിച്ച ജെയിംസിനോട് സന്യാസിമാരിലൊരാള്‍ നിര്‍ദേശിച്ചു: “ഒരു രാത്രി മുഴുവനും ദിവ്യകാരുണ്യസന്നിധിയില്‍ ചെലവഴിച്ച് പ്രാർഥിക്കുക.” ദുഃഖശനിയാഴ്ച രാത്രിയില്‍ വി. ഡൊമിനിക്ക് തന്നെ അദ്ദേഹത്തിന് നേരിട്ട് പ്രത്യക്ഷപ്പെട്ടു. അദ്ദേഹം പറഞ്ഞു: “ദൈവം നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു; സന്യാസ സഭയില്‍ ചേരുക. ഞാന്‍ എപ്പോഴും നിന്റെ കൂടെ ഉണ്ടാകും.” ഈ ദര്‍ശനം ജെയിംസിന് വലിയ ശക്തിപകര്‍ന്നു. അവന്‍ സ്‌പൊളേറ്റോ ആശ്രമത്തില്‍ ചേര്‍ന്നു.

തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങളില്‍ പ്രഗത്ഭനായിരുന്ന അദ്ദേഹം വൈദികനായ ഉടനെ വചനപ്രഘോഷണത്തിനായി നിയോഗിക്കപ്പെട്ടു. പലതരം പാഷണ്ഡതകളെ അദ്ദേഹം നേരിട്ടു. പലതവണ സ്വര്‍ഗീയദര്‍ശനങ്ങളിലൂടെ ദൈവം ജെയിംസിന് ശക്തിപകര്‍ന്നു. ഒരിക്കല്‍ ആത്മീയജീവിതത്തില്‍ കടുത്ത വരള്‍ച്ച അനുഭവപ്പെട്ട കാലത്ത് ക്രൂശിതരൂപത്തിലെ ക്രിസ്തു, ജീവിക്കുന്നവനായി അവന് പ്രത്യക്ഷപ്പെട്ടു. “ഇതാ നിന്റെ രക്ഷയുടെ അടയാളം” – ജെയിംസിനോട് ഈശോ പറഞ്ഞു. ക്രൂശിതരൂപത്തില്‍ നിന്നും ഒഴുകിയ തിരുരക്തത്താല്‍ അയാള്‍ കഴുകപ്പെട്ടു.

ആസന്നമാകുന്ന മരണത്തെക്കുറിച്ച് ഒരാഴ്ച മുമ്പേ അദ്ദേഹം അറിഞ്ഞിരുന്നു. അദ്ദേഹം ദൈവത്തെ സ്വീകരിക്കാന്‍ ഒരുങ്ങി. പറഞ്ഞതുപോലെ 1301 ആഗസ്റ്റ് 22-ന് അദ്ദേഹം മരിച്ചു. തിരുരക്തത്താല്‍ കഴുകപ്പെട്ട ആ ശരീരം അഴുകാന്‍ ഈശോ സമ്മതിച്ചില്ല. തിരുശേഷിപ്പായി സൂക്ഷിക്കാന്‍ കവര്‍ന്നെടുക്കപ്പെട്ട ഇടതുകാലൊഴികെ ശരീരം മുഴുവന്‍ ഇപ്പോള്‍ അക്ഷയമായി അവശേഷിക്കുന്നു. ബവാഗ്നായിലെ വിശുദ്ധന്റെ തീര്‍ഥാടനകേന്ദ്രത്തില്‍ തിരുന്നാള്‍ദിനത്തില്‍ ശരീരം ഇപ്പോഴും പരസ്യവണക്കത്തിനു വയ്ക്കുന്നു.

വാഴ്ത്തപ്പെട്ട വില്യം ജോസഫ് ചാമിനെയിഡ് 

ഫ്രഞ്ച് വിപ്ലവകാലത്ത് ദിവ്യകാരുണ്യശുശ്രൂഷ നടത്തിയിരുന്ന ഒരു പ്രേഷിതനാണ് വില്യം ജോസഫ്. വൈദികന്മാരെയും സന്യാസജീവിതക്കാരെയും അനുദിനം തൂക്കിലിടുകയും തുറങ്കിലിടുകയും ചെയ്യുന്ന ഭീകരസാഹചര്യത്തിലും വില്യം ജോസഫ് പ്രവര്‍ത്തനനിരതനായിരുന്നു. ജന്മനാടായ ബോര്‍ഡോയില്‍ മറ്റുള്ളവര്‍ വലിച്ചെറിഞ്ഞ സാധനങ്ങളും പഴന്തുണികളും പെറുക്കിനടക്കുന്ന ഒരു ഭിക്ഷുവിന്റെയോ, കൃഷിക്കാരന്റെയോ വേഷത്തില്‍ ചുറ്റിനടന്ന് വിശ്വസ്തരായ കത്തോലിക്കരെ കണ്ടെത്തി അവരുടെ ഭവനത്തില്‍ വില്യം ജോസഫ് ബലിയര്‍പ്പിച്ചിരുന്നു. വില്യം 1840 ജനുവരി മാസം 22-ാം തീയതി പരലോക പ്രാപ്തനായി.

വിചിന്തനം: ”എല്ലാം ഉപേക്ഷിച്ച്‌ ദൈവത്തിന്റെ സ്വന്തമായിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നു പറയുന്നത് എത്ര എളുപ്പമാണ്. എന്നാല്‍, പ്രയോഗികമാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അതിനായി ദൈവത്തിലേക്ക് നമ്മെ നയിക്കാന്‍ പര്യാപ്തമല്ലാത്തവയില്‍ നിന്ന് അകന്നിരിക്കാന്‍ സാധിക്കണം.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.