സീറോ മലങ്കര ഏപ്രിൽ 20 മർക്കോ. 6: 53-56 ഗനേസറത്തിലെ അത്ഭുതങ്ങൾ

യേശുവിന്റെ കരുണാർദ്രഹൃദയത്തിൽ എല്ലാവർക്കും പ്രത്യേകിച്ച്, രോഗികൾക്കും വേദനിക്കുന്നവർക്കും വലിയ സ്ഥാനമുണ്ട്. യേശു ഗലീലയിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലുമെല്ലാം ദൈവജനനത്തിന് അനുഗ്രഹം നൽകിക്കൊണ്ട് കടന്നുവരുന്നു. യേശു കടന്നുചെല്ലുന്ന ഇടങ്ങളിലൊക്കെ അനുഗ്രഹത്തിനായി ജനം ഓടിക്കൂടി. ഇപ്പോൾ യേശുവും ശിഷ്യന്മാരും കടൽ കടന്ന് ഗനേസറത്തിൽ എത്തുമ്പോൾ ജനങ്ങൾ പെട്ടെന്നുതന്നെ അവിടുത്തെ തിരിച്ചറിയുന്നു. യേശുവിന്റെ സാന്നിധ്യം കൃപയുടെ അവസരമായിക്കണ്ട് ആളുകൾ ഓടിനടന്ന് രോഗികളെ കിടക്കയോടെയെടുത്ത് അവിടുത്തെ സന്നിധിയിൽ കൊണ്ടുവരുന്നു. നമ്മുടെ പ്രാർഥനയിൽ വിശ്വാസത്തോടെ രോഗികളെയും വേദനിക്കുന്നവരെയും ദൈവസന്നിധിയിലേക്ക് ഉയർത്തുമ്പോൾ നമ്മെയും അവരെയും ദൈവം അനുഗ്രഹിക്കുമെന്നതിന് തെളിവാണ് ഗനേസറത്തിലെ അത്ഭുതങ്ങൾ.

യേശുവിന്റെ വസ്ത്രത്തിന്റെ വിളുമ്പിൽ സ്പർശിക്കാനെങ്കിലും അനുവദിക്കണമെന്ന് അവർ അപേക്ഷിക്കുന്നു. മലയാളത്തിൽ “വിളുമ്പ്” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് യഹൂദന്മാരുടെ പ്രാർഥനാഷാളിന്റെ വശങ്ങളിൽ തുന്നിപ്പിടിപ്പിച്ചിരിക്കുന്ന “സിത്സിത്” (צִיצִית) എന്നറിയപ്പെടുന്ന തൊങ്ങലുകളാണ്. നാലറ്റത്തും തൊങ്ങലുകളുള്ള മേലങ്കി (നിയ. 22:12) ഇസ്രായേൽക്കാർ നിർബന്ധമായും ധരിക്കണമെന്ന് ദൈവം മോശവഴി കല്പിക്കുകയും അതിന്റെ കാരണം വിശദീകരിക്കുകയും ചെയ്യുന്നു: “ഹൃദയത്തിന്റെയും കണ്ണുകളുടെയും ചായ്‍വനുസരിച്ച് യഥേഷ്‌ടം ചരിക്കാനുള്ള നിങ്ങളുടെ പ്രവണതയെ പിഞ്ചെല്ലാതെ കർത്താവിന്റെ കല്പനകളെല്ലാം ഓർത്തുപാലിക്കുന്നതിന് ഈ തൊങ്ങലുകൾ അടയാളമായിരിക്കും” (സംഖ്യ 15:39). യഹൂദ മതപണ്ഡിതർ പറയുന്നത് “സിത്സിത്” എന്ന വാക്കിന്റെ മൂല്യം അറുനൂറും അതിലുള്ള കെട്ടുകൾ കൂട്ടിയാൽ പതിമൂന്നും വരുന്നതിനാൽ ഇസ്രായേൽക്കാർ അനുഷ്ഠിക്കേണ്ട 613 നിയമങ്ങളെ അത് അനുസ്മരിപ്പിക്കുന്നുവെന്നാണ്. യേശുവിന്റെ കാലത്തെന്നതുപോലെ ഇന്നും മതനിയങ്ങൾ അനുഷ്ഠിക്കുന്ന യഹൂദർ “സിത്സിത്” തുന്നിപിടിപ്പിച്ച വസ്ത്രം ധരിക്കുന്നുണ്ട്.

ഇന്നിത് വായിക്കുമ്പോൾ ചിലപ്പോഴെങ്കിലും, യേശു ജീവിച്ചിരുന്ന കാലത്ത് അവിടുത്തെ നേരിട്ടുകാണാനും സ്പർശിക്കാനും സൗഖ്യം പ്രാപിക്കാനും സാധിച്ചവർ എത്ര ഭാഗ്യവാന്മാരെണെന്ന് നാം ചിന്തിച്ചേക്കാം. എന്നാൽ, നമ്മുടെ കർത്താവ് ഇന്നും ജീവിക്കുന്നുവെന്നും വിശ്വാസമുള്ളവർക്ക് എപ്പോഴും അവിടുന്ന് സമീപസ്ഥനാണെന്നും നമുക്കുവേണ്ടിയും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നുവെന്നുമുള്ള കാര്യം നാം മറന്നുപോകരുത്. യേശുവിനു മാത്രമാണ് ആത്യന്തികമായി നമ്മുടെ ശരീരത്തിനും ആത്മാവിനും ഒരേപോലെ സൗഖ്യം നൽകാൻ കഴിയുന്നത്. ഗനേസറത്തിലെ ജനങ്ങളെപ്പോലെ അതിശയകരമായ വിശ്വാസത്തിന്റെ ഉടമകളായി നമ്മെയും പരിവർത്തനപ്പെടുത്തേണമേയെന്ന് യേശുവിനോട് നമുക്കിന്ന് പ്രാർഥിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.