
ബംഗ്ലാദേശിൽ കത്തോലിക്കാ ഭൂരിപക്ഷമുള്ള ഗോത്രവർഗ ഗ്രാമത്തിന് നേരെ നടന്ന ആസൂത്രിത അക്രമത്തിലും കൊള്ളയിലും പ്രതിഷേധിച്ച് തലസ്ഥാനമായ ധാക്കയിൽ ഗോത്രവർഗ വിദ്യാർഥികളും യുവജനങ്ങളും തെരുവിലിറങ്ങി. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഓഗസ്റ്റ് 18-ന് നാഷണൽ മ്യൂസിയത്തിന് മുന്നിലായിരുന്നു പ്രതിഷേധ റാലി സംഘടിപ്പിച്ചത്.
വടക്കൻ ബംഗ്ലാദേശിലെ ഗസരികോണ ഗ്രാമത്തിലാണ് ക്രൂരമായ ആക്രമണം നടന്നത്. മയോമൻസിംഗ് രൂപതയ്ക്ക് കീഴിലുള്ള ഈ ഗ്രാമത്തിന് സമീപത്ത് നിന്ന് ഒരു മുസ്ലീം വ്യാപാരിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് അക്രമികൾ ഗ്രാമം വളഞ്ഞ് കൊള്ളയടിച്ചത്. മറ്റെവിടെയോ നിന്ന് കൊലപ്പെടുത്തിയ മൃതദേഹം ക്രൈസ്തവ ഗ്രാമത്തിൽ കൊണ്ടുവന്ന് തള്ളിയ ശേഷം, അക്രമത്തിന് തിരികൊളുത്തുകയായിരുന്നുവെന്ന് ഗാരോ ഗോത്രവർഗനേതാവായ അലിക് മ്രീ ആരോപിച്ചു. ഗ്രാമവാസികളെ അപകീർത്തിപ്പെടുത്താനും സാമുദായിക സംഘർഷമുണ്ടാക്കാനും ആസൂത്രിതമായി നടത്തിയ നീക്കമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അക്രമികൾ വീടുകൾ തകർക്കുകയും പണം, വളർത്തുമൃഗങ്ങൾ, ധാന്യങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കൊള്ളയടിക്കുകയും ചെയ്തു. ഏകദേശം 32,000 ഡോളറിന്റെ (4 ദശലക്ഷം ടാക്ക) നഷ്ടമുണ്ടായതായി പ്രാദേശിക വികാരി ഫാ. ലോറൻസ് റെബെയ്റോ വ്യക്തമാക്കി. സഭയുടെ നേതൃത്വത്തിൽ ഇരയായ കുടുംബങ്ങൾക്ക് ഭക്ഷണവും അവശ്യവസ്തുക്കളും എത്തിച്ചുനൽകിയിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ പൊലീസ് 19 ഗോത്രവർഗക്കാരെ അറസ്റ്റ് ചെയ്തു. പിന്നീട് 14 പേരെ മോചിപ്പിച്ചെങ്കിലും 5 പേർ ഇപ്പോഴും കസ്റ്റഡിയിലാണ്. യാതൊരു തെളിവുമില്ലാതെ നിരപരാധികളെ കസ്റ്റഡിയിലെടുത്ത നടപടിയെയും പ്രതിഷേധക്കാർ ശക്തമായി വിമർശിച്ചു. അക്രമ സംഭവങ്ങളിൽ അടിയന്തരമായി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും, യഥാർഥ കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇരയായ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാനും ഗ്രാമത്തിൽ സുരക്ഷ ഉറപ്പാക്കാനും ബംഗ്ലാദേശ് സർക്കാർ തയ്യാറാകണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു.




