
നവംബർ മുതൽ ഡിസംബർ 20 വരെയുള്ള ദിവസങ്ങളിലെ മാർപാപ്പയുടെ പൊതു തിരുക്കർമ്മങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. എങ്കിലും ക്രിസ്തുമസുമായി ബന്ധപ്പെട്ട തിരുക്കർമ്മങ്ങളുടെ വിവരങ്ങൾ വത്തിക്കാൻ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
റോമിലെ ഏറ്റവും പഴയതും വലുതുമായ സെമിത്തേരിയായ വെറാനോയിലെ മോനുമെന്റൽ സെമിത്തേരിയിൽ നവംബർ രണ്ടിന് സകല മരിച്ചവരുടെയും ഓർമ്മദിനത്തിൽ ലെയോ പതിനാലാമൻ പാപ്പ വിശുദ്ധ കുർബാന അർപ്പിക്കും. റോമൻ കാലഘട്ടത്തിലെ ശവകുടീരങ്ങളുടെയും സെന്റ് സിറിയാക്ക കാറ്റക്കോമ്പുകളുടെയും ശേഷിപ്പുകൾ ഉള്ള ചരിത്രപ്രസിദ്ധമായ ഈ സെമിത്തേരിയിൽ ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം നാലുമണിക്കാണ് ദിവ്യബലി ആരംഭിക്കുന്നത്.
നവംബർ ആദ്യ ദിവസങ്ങളിൽ മരിച്ച വിശ്വാസികൾക്കായി സഭ നടത്തുന്ന പരമ്പരാഗത പ്രാർഥനകളുടെ ഭാഗമായാണ് ഈ ചടങ്ങ്. വിശുദ്ധ കുർബാനയ്ക്ക് ശേഷം പരിശുദ്ധ പിതാവ് മരിച്ചവർക്കായി പ്രാർഥിക്കും. വെറാനോ സെമിത്തേരിയിൽ ഒരു മാർപാപ്പ ഈ തിരുക്കർമ്മത്തിന് നേതൃത്വം നൽകുന്നത് ഇതാദ്യമല്ല. 2013, 2014, 2015 വർഷങ്ങളിൽ ഫ്രാൻസിസ് മാർപാപ്പ സകല മരിച്ചവരുടെയും ഓർമ്മദിനത്തിൽ അവിടെ വിശുദ്ധ കുർബാന അർപ്പിച്ചിട്ടുണ്ട്.
ലെയോ പാപ്പയുടെ, നവംബർ മുതൽ ഡിസംബർ 20 വരെയുള്ള മറ്റ് പ്രധാന പൊതുപരിപാടികൾ താഴെ പറയുന്നവയാണ്:
നവംബർ അഞ്ച്: കഴിഞ്ഞ വർഷം അന്തരിച്ച കർദിനാൾമാർക്കും മെത്രാന്മാർക്കും വേണ്ടിയുള്ള ദിവ്യബലി രാവിലെ ഒൻപത് മണിക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കും.
നവംബർ 6-17: ഉറുഗ്വെ, അർജന്റീന, പെറു എന്നിവിടങ്ങളിലേക്കുള്ള അപ്പസ്തോലിക സന്ദർശന വേളയിൽ നിരവധി പ്രാർഥനാ ശുശ്രൂഷകൾക്ക് പാപ്പ നേതൃത്വം നൽകും.
നവംബർ 18: സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ കൂദാശയുടെ 400-ാം വാർഷികത്തോടനുബന്ധിച്ച് വൈകുന്നേരം അഞ്ചുമണിക്ക് മാർപാപ്പ വിശുദ്ധ കുർബാന അർപ്പിക്കും.
ഡിസംബർ എട്ട്: ഉച്ചകഴിഞ്ഞ് നാലുമണിയോടെ റോമിലെ സ്പാനിഷ് സ്ക്വയറിൽ (Piazza di Spagna) നടക്കുന്ന അമലോദ്ഭവ തിരുനാളിന്റെ (Immaculate Conception) പരമ്പരാഗത വണക്ക ചടങ്ങുകൾക്ക് പാപ്പ നേതൃത്വം നൽകും.
റോമൻ ഇടവകകളിലേക്കുള്ള അജപാലന സന്ദർശനങ്ങൾ
നവംബർ, ഡിസംബർ മാസങ്ങളിൽ റോം രൂപതയിലെ അഞ്ച് ഇടവകകൾ പാപ്പ സന്ദർശിക്കും. റോമിന്റെ ബിഷപ്പ് എന്ന നിലയിൽ ഉച്ചകഴിഞ്ഞ് നടത്തുന്ന ഈ സന്ദർശനങ്ങളിൽ പാപ്പ ഇടവക ജനങ്ങളെ കാണുകയും, അവിടത്തെ ശുശ്രൂഷകളെക്കുറിച്ച് മനസ്സിലാക്കുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും.
നവംബർ 27 (വെള്ളി): നഗരത്തിന്റെ ചരിത്രപ്രാധാന്യമുള്ള കേന്ദ്രത്തിലുള്ള സാന്റാ ആൻഡ്രിയ ഡെല്ലെ ഫ്രാത്തെ (Sant’Andrea delle Fratte) ഇടവക സന്ദർശിക്കും.
നവംബർ 29 (ഞായർ): റോമിന് പടിഞ്ഞാറ് തീരദേശ ഭാഗത്തുള്ള സാർലോ ദ സെസ്സെ (San Carlo da Sezze) ഇടവക സന്ദർശിക്കും.
ഡിസംബർ ആറ് (ഞായർ): റോമിന്റെ കിഴക്കുഭാഗത്തുള്ള സാന്റ് എലിജിയോ (Sant’Eligio) സന്ദർശിക്കും.
ഡിസംബർ 13 (വിശുദ്ധ ലൂസിയുടെ തിരുനാൾ ഞായർ): റോമിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഇറ്റാലിയൻ വിശുദ്ധയുടെ നാമത്തിലുള്ള ഇടവക സന്ദർശിക്കും.
ഡിസംബർ 20 (ക്രിസ്തുമസിന് തൊട്ടുമുൻപുള്ള ഞായർ): സെന്റ് റോബർട്ടോ ബെല്ലാർമിനോ (San Roberto Bellarmino) ഇടവക സന്ദർശിക്കും.




