സുഡാനിൽ പട്ടിണി സാധ്യത; അടിയന്തര സഹായത്തിന് ആഹ്വാനം ചെയ്ത് മുപ്പതോളം രാജ്യങ്ങൾ

ആഭ്യന്തര യുദ്ധം കൊടുമ്പിരികൊണ്ട സുഡാനിൽ കടുത്ത പട്ടിണിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കയും യൂറോപ്യൻ യൂണിയനും മുപ്പതോളം ലോകരാജ്യങ്ങളും രംഗത്തെത്തി. ദുരന്തം ഒഴിവാക്കാൻ അടിയന്തരമായി സഹായമെത്തിക്കാൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണമെന്ന് ഈ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

പട്ടിണിയിലായ ജനങ്ങൾക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിനും തടസ്സങ്ങൾ നീക്കുന്നതിനും പോരാടുന്ന ഇരുവിഭാഗങ്ങളും തയ്യാറാകണമെന്ന് രാജ്യങ്ങൾ അഭ്യർഥിച്ചു. 2023 ഏപ്രിൽ മാസത്തിലാണ് സുഡാൻ സൈന്യവും അർധസൈനിക വിഭാഗവും തമ്മിൽ കടുത്ത യുദ്ധം ആരംഭിച്ചത്. യുദ്ധം കാരണം ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് സ്വന്തം വീടുകൾ ഉപേക്ഷിച്ച് പാലായനം ചെയ്യേണ്ടതായും വന്നു. നിലവിൽ 5.1 മില്യണിലധികം ആളുകളാണ് രാജ്യത്ത് കടുത്ത പട്ടിണിയും പോഷകാഹാരക്കുറവും നേരിടുന്നത്.

തക്കസമയത്ത് അടിയന്തര സഹായം ലഭ്യമായില്ലെങ്കിൽ നിരവധി കുട്ടികളുടെ ജീവൻ അപകടത്തിലാകുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ദുരിതബാധിത പ്രദേശങ്ങളിലേക്ക് വിമാനമാർഗവും കരമാർഗവും സഹായമെത്തിക്കാനുള്ള സൗകര്യങ്ങൾ യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന സൈന്യങ്ങൾ ഒരുക്കണം. വരും ദിവസങ്ങളിൽ സുഡാനിലെ ജനങ്ങളെ സംരക്ഷിക്കാനായി അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ധനസഹായം ഉറപ്പാക്കാനാണ് ലോകരാജ്യങ്ങളുടെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.