ആഗമനകാലത്ത് റോമിലെ അഞ്ച് ഇടവകകൾ സന്ദർശിക്കാൻ ലെയോ മാർപാപ്പ

​ആഗമനകാലത്തോട് അനുബന്ധിച്ച് നവംബർ 27 മുതൽ ഡിസംബർ 20 വരെ ലെയോ പതിനാലാമൻ മാർപാപ്പ റോമിലെ അഞ്ച് ഇടവകകൾ സന്ദർശിക്കും. റോം രൂപതയുടെ കീഴിലുള്ള അഞ്ച് ഇടവകകളിലായിരിക്കും മാർപാപ്പയുടെ അജപാലന സന്ദർശനം. ഒക്ടോബർ 28 ബുധനാഴ്ചയാണ് റോം വികാരിയേറ്റ് സന്ദർശന വിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

​റോം രൂപതയുടെ വികാരി ജനറൽ കർദിനാൾ ബാൽദോ റെയ്‌നയും അതത് ഇടവകകളിലെ വികാരിമാരും ചേർന്നാകും മാർപാപ്പയെ സ്വീകരിക്കുക. തുടർന്ന് ഇടവക കൗൺസിലുകളുമായും മറ്റ് വിശ്വാസ സമൂഹങ്ങളുമായും പാപ്പ കൂടിക്കാഴ്ച നടത്തുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും. ഈ സന്ദർശനങ്ങൾ രൂപതയ്ക്കാകെ വലിയ സന്തോഷമാണ് നൽകുന്നതെന്ന് കർദിനാൾ റെയ്‌ന വ്യക്തമാക്കി.

​ആദ്യ സന്ദർശനം സെൻട്രൽ സെക്ടറിലുള്ള സാന്ത് ആന്ദ്രെ ദെല്ലെ ഫ്രാത്തെ ഇടവകയിലാണ്. ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന അദ്ഭുത കാരുണ്യമാതാവിന്റെ തിരുനാൾ ദിനമായ നവംബർ 27 നാണ് ഈ സന്ദർശനം. ​നവംബർ 29 ന് സതേൺ സെക്ടറിലുള്ള സാൻ കാർലോ ദാ സെസ്സെ ഇടവക സന്ദർശിക്കും. അടുത്ത വർഷം ഈ ഇടവകയുടെ സമർപ്പണത്തിന്റെ നാൽപതാം വാർഷികമാണ്. യുവാക്കളെയും പാവപ്പെട്ടവരെയും സഹായിക്കുന്നതിൽ വലിയ പാരമ്പര്യമുള്ള ഇടവകയാണിത്.

​ഈസ്റ്റേൺ സെക്ടറിലെ സാന്ത് എലീജിയോ ഇടവകയിൽ ഡിസംബർ ആറിന് പാപ്പ സന്ദർശനം നടത്തും. വിശ്വാസം ബലപ്പെടുത്തേണ്ട ഈ സമയത്ത് മാർപാപ്പയുടെ കടന്നുവരവ് വലിയൊരു സമ്മാനമാണെന്ന് വികാരി ഫാ. ഡാരിയോ ഫ്രാറ്റിനി പറഞ്ഞു.

​ഡിസംബർ 13 ന് വെസ്റ്റേൺ സെക്ടറിലെ സാന്താ ലൂസിയ ഇടവകയുടെ തിരുനാൾ ദിനത്തിലാണ് പാപ്പ അവിടെ സന്ദർശനം നടത്തുക. ഡിസംബർ 20 ന് നോർത്തേൺ സെക്ടറിലെ സാൻ റോബർട്ടോ ബെല്ലാർമിനോ ഇടവക സന്ദർശിക്കുന്നതോടെ ഈ അജപാലന സന്ദർശനത്തിന് സമാപനമാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.