
മറിയത്തിലൂടെ സമാധാനത്തിലേക്കുള്ള പാത നമുക്ക് വീണ്ടും കണ്ടെത്താമെന്ന് ലെയോ പതിനാലാമൻ പാപ്പ ഓർമ്മിപ്പിച്ചു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രൊ പരോളിൻ ഒപ്പിട്ട സന്ദേശത്തിലൂടെയാണ് ലെയോ പതിനാലാമൻ പാപ്പ ഈ ആശംസ അറിയിച്ചത്. പൊന്തിഫിക്കൽ ഇന്റർനാഷണൽ മരിയൻ അക്കാദമിയും (PAMI) ഫ്രാൻസിസ്കൻ സന്ന്യാസ സമൂഹവും (Order of Friars Minor), മതസൗഹാർദത്തിനായുള്ള ഡിക്കാസ്റ്ററിയും ക്രിസ്തീയ ഐക്യവളർച്ചയ്ക്കായുള്ള ഡിക്കാസ്റ്ററിയും സംയുക്തമായി സംഘടിപ്പിച്ച യോഗത്തിലേക്ക് ഒക്ടോബർ 28 നാണ് ഈ സന്ദേശം അയച്ചത്.
‘മറിയം: മെഡിറ്ററേനിയൻ പ്രദേശത്തിനായുള്ള സംഭാഷണത്തിന്റെയും സമാധാനത്തിന്റെയും പാത’ (Mary, a Path of Dialogue and Peace for the Mediterranean) എന്നാണ് ഈ യോഗത്തിന് പേരിട്ടിരിക്കുന്നത്. വിശ്വാസത്തിന്റെയും ദൈവത്തോടുള്ള അനുസരണത്തിന്റെയും പ്രതീകമായ കന്യകാമറിയത്തിലേക്ക് നോക്കിക്കൊണ്ട്, എല്ലാ ആധികാരിക സംഭാഷണങ്ങളുടെ അടിത്തറയും സാഹോദര്യത്തിൽ അധിഷ്ഠിതമായ സമാധാനത്തിലേക്കുള്ള പങ്കുവയ്ക്കപ്പെട്ട യാത്രയുടെ മുൻവ്യവസ്ഥയുമായ ശ്രവണത്തിന്റെയും സ്വീകാര്യതയുടെയും മാതൃക നമുക്ക് പരിശുദ്ധ അമ്മയിൽ വീണ്ടും കണ്ടെത്താമെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു.
ഒക്ടോബർ 27 ന് ആരംഭിച്ച ഈ സമ്മേളനം പെറുജിയയിലും അസ്സീസിയിലുമായി ഇന്ന് (ഒക്ടോബർ 29) സമാപിക്കും.



