
വത്തിക്കാന്റെ സ്റ്റേറ്റ്സ് ആൻഡ് ഇന്റർനാഷണൽ ഓർഗനൈസേഷൻസ് റിലേഷൻസ് സെക്രട്ടറിയായ ആർച്ച്ബിഷപ്പ് പോൾ ഗല്ലാഗർ, ചൈന-വത്തിക്കാൻ കരാറിലെ വെല്ലുവിളികളെക്കുറിച്ച് വെളിപ്പെടുത്തി. റോമിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആർച്ച്ബിഷപ്പ് ഗല്ലാഗർ കരാറിലെ വെല്ലുവിളികളെക്കുറിച്ച് സംസാരിച്ചത്.
റോമിൽ മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവെ, ഈ കരാറിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ലെയോ പതിനാലാമൻ പാപ്പയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും റഷ്യ-ഉക്രൈൻ യുദ്ധത്തിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്തതിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. എന്നാൽ, 2018 ൽ ചൈനയും വത്തിക്കാനും തമ്മിൽ ഒപ്പുവച്ച കരാറിന്റെ പൂർണ്ണരേഖ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.
ലഭ്യമായ വിവരങ്ങളനുസരിച്ച്, ചൈനയിലെ മെത്രാന്മാരെ നിയമിക്കുന്നതിനുള്ള അന്തിമ അധികാരം മാർപാപ്പയ്ക്കാണ് ഉള്ളത്. അതേസമയം, ബെയ്ജിംഗ് നിർദേശിക്കുന്ന സ്ഥാനാർഥികളെ നിരസിക്കാനും പാപ്പയ്ക്ക് സാധിക്കും; ചൈനീസ് സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ മെത്രാന്മാരെ നിയമിക്കില്ലെന്ന് വത്തിക്കാനും സമ്മതിച്ചിട്ടുണ്ട്. റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഈ കരാറിന് ചില അപൂർണ്ണതകളുണ്ടെന്ന് ആർച്ച്ബിഷപ്പ് ഗല്ലാഗർ വ്യക്തമാക്കുകയുണ്ടായി.
കഴിഞ്ഞ ഓഗസ്റ്റിൽ റഷ്യ സന്ദർശിച്ച ആർച്ച്ബിഷപ്പ് ഗല്ലാഗർ, റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധത്തെക്കുറിച്ച് അവിടത്തെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകളിൽ വത്തിക്കാൻ ഇടപെട്ടിട്ടുണ്ടെന്ന് താൻ കരുതുന്നില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.



