‘ടിക്ക് ടോക്ക്’ വീഡിയോയുടെ പേരിൽ ഈജിപ്തിൽ ആറ് ക്രൈസ്തവ യുവാക്കൾ അറസ്റ്റിൽ; മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടന

ഇസ്ലാം മതത്തെ അപമാനിക്കുന്ന രീതിയിൽ ‘ടിക്ക് ടോക്കി’ൽ വീഡിയോ പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് രണ്ടാഴ്ചയിലേറെയായി കസ്റ്റഡിയിൽ കഴിയുന്ന ആറ് ക്രിസ്ത്യൻ യുവാക്കളെ ഉടൻ മോചിപ്പിക്കണമെന്ന് പ്രമുഖ നിയമോപദേശക സംഘടനയായ ‘അലയൻസ് ഡിഫെൻഡിങ് ഫ്രീഡം’ (ADF) ഈജിപ്ത് അധികാരികളോട് ആവശ്യപ്പെട്ടു. ഒക്ടോബർ 22 വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് 17 നും 23 നുമിടയിൽ പ്രായമുള്ള യുവാക്കളെ ഉടൻ വിട്ടയയ്ക്കണമെന്ന് സംഘടന ആവശ്യപ്പെട്ടത്.

ഇസ്ലാം മതത്തെ ‘ചൂഷണം ചെയ്തു’, ‘അപമാനിച്ചു’ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരുന്നത്. “ഈ ആറ് യുവാക്കളെയും ഉടൻ മോചിപ്പിക്കണമെന്നും അവർക്കെതിരെയുള്ള അന്വേഷണങ്ങൾ അവസാനിപ്പിക്കണമെന്നും ഞങ്ങൾ അധികാരികളോട് അഭ്യർഥിക്കുന്നു,” എഡിഎഫിന്റെ അന്താരാഷ്ട്ര വാദമുഖങ്ങളുടെ വൈസ് പ്രസിഡന്റും സീനിയർ കൗൺസിലറുമായ കെൽസി സോർസി (Kelsey Zorzi) പറഞ്ഞു.

ഖുർആൻ പ്രാർഥനകൾ പരിചിതമല്ലാത്ത തടവുകാരെ ചിത്രീകരിക്കുന്ന, ഈജിപ്തിലെ ജനപ്രിയമായ ഒരു കോമഡി സിനിമയിലെ സംഭാഷണം ഉപയോഗിച്ച് ഒക്ടോബർ നാലിനാണ് ഇവർ വീഡിയോ പോസ്റ്റ് ചെയ്തത്. ഈ രംഗമാണ് ആറ് യുവാക്കളും ചേർന്ന് ടിക്ക് ടോക്കിൽ പുനരാവിഷ്കരിച്ചത്.

“ഈ പ്ലാറ്റ്‌ഫോമിൽ മറ്റ് പലരും ചെയ്തതുപോലെ, ജനപ്രിയവും വിവാദപരമല്ലാത്തതുമായ ഒരു സിനിമയിലെ ശബ്ദരേഖ ഉപയോഗിച്ച് ലളിതമായ ഒരു വീഡിയോ പങ്കുവയ്ക്കുക മാത്രമാണ് ഈ യുവാക്കൾ ചെയ്തത്. ഇവരെ അറസ്റ്റ് ചെയ്യാനോ, കുറ്റം ചുമത്താനോ യാതൊരു കാരണവുമില്ല,” സോർസി വ്യക്തമാക്കി.

ഈ വീഡിയോയ്ക്കു താഴെ യുവാക്കൾക്കും അവരുടെ കുടുംബങ്ങൾക്കുമെതിരെ വധഭീഷണി മുഴക്കിക്കൊണ്ടുള്ള കമന്റുകൾ വന്നിരുന്നു. തുടർന്ന് ഗ്രാമവാസികൾ ഇവർക്കെതിരെ പൊലീസിൽ പരാതി നൽകിയതായും എ.ഡി.എഫ് അറിയിച്ചു. തുടർന്ന്, ഒക്ടോബർ ആറിന് ഗ്രാമത്തിലെ സംഘർഷാവസ്ഥ ശാന്തമായാൽ ഇവരെ വിട്ടയയ്ക്കാമെന്ന ധാരണയിലാണ് യുവാക്കളെ ചോദ്യം ചെയ്യാനായി പൊലീസിന് കൈമാറിയത്. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ 22 കഴിഞ്ഞിട്ടും ഇവർ തടങ്കലിൽ തന്നെ തുടരുകയാണ്.

ഈജിപ്തിലെ ക്രൈസ്തവർക്കു നേരെ നടക്കുന്ന വിവേചനങ്ങളുടെ ഭാഗമാണ് ഈ അറസ്റ്റെന്ന് കെൽസി സോർസി വിശേഷിപ്പിച്ചു. ഭൂരിപക്ഷ മതവിഭാഗത്തിൽപെടാത്തതുകൊണ്ടു മാത്രം ചില സംസാരങ്ങൾ പ്രശ്‌നമായി കാണുകയും തൽഫലമായി ക്രൈസ്തവർ ഭീഷണികളും വിവേചനങ്ങളും ഒടുവിൽ തടവും നേരിടേണ്ടിവരുന്നതും ഈജിപ്തിൽ സാധാരണമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

രാജ്യത്ത് മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ ഉറപ്പുകളുണ്ടെങ്കിലും ക്രൈസ്തവർ നിരന്തരം വിവേചനങ്ങളും പീഡനങ്ങളും നേരിടുന്നുണ്ടെന്ന് 10 മുതൽ 15% വരെ ക്രിസ്ത്യൻ ജനസംഖ്യയുള്ള ഈജിപ്തിനെക്കുറിച്ച് എഡിഎഫ് വ്യക്തമാക്കുന്നു. ദൈവനിന്ദാ നിയമങ്ങളുടെ തുടർച്ചയായ ഉപയോഗം കോപ്റ്റിക് ക്രിസ്ത്യാനികൾക്ക് എതിരെയുള്ള പീഡനങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ടെന്നും സംഘടന ആരോപിച്ചു.

ഇസ്ലാമിനെ അപമാനിക്കുന്ന തരത്തിലുള്ള ഓൺലൈൻ ഉള്ളടക്കങ്ങൾക്കെതിരെയുള്ള കർശന നടപടികളുടെ ഭാഗമായി, കഴിഞ്ഞ വർഷം മാത്രം സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ മതന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ട നിരവധി പേരാണ് ഈജിപ്തിൽ തടവിലാക്കപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.