
ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവനായ മേജർ ആർച്ച്ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക് (Major Archbishop Sviatoslav Shevchuk), ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിൽ ഉക്രേനിയൻ ജനതയുടെ പ്രാർഥനകളും കൃതജ്ഞതയും സമ്മാനങ്ങളും, റഷ്യൻ തടവിലുള്ള നൂറുകണക്കിന് യുദ്ധത്തടവുകാരുടെ പട്ടികയും അദ്ദേഹം പാപ്പയ്ക്ക് കൈമാറി.
വത്തിക്കാനിലെ അപ്പസ്തോലിക് കൊട്ടാരത്തിൽ വച്ചു നടന്ന കൂടിക്കാഴ്ചയിലാണ് മേജർ ആർച്ച്ബിഷപ്പ് ഈ പട്ടിക മാർപാപ്പയ്ക്ക് കൈമാറിയതെന്ന് ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ പ്രസ്താവനയിൽ വ്യക്തമാക്കി. മാർപാപ്പയുമായുള്ള അദ്ദേഹത്തിന്റെ അഞ്ചാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. റഷ്യയും ഉക്രൈനും തമ്മിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായി മാർപാപ്പ അടുത്തിടെ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയുമായും ഫോണിൽ സംസാരിച്ചിരുന്നു. ജനങ്ങൾ രൂക്ഷമായ ഭക്ഷണ, കുടിവെള്ള, മരുന്ന് ക്ഷാമം നേരിടുന്ന റഷ്യൻ അധിനിവേശ നഗരമായ ഒലെഷ്കിയിൽ (Oleshky) വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് മാർപാപ്പ ഈ സംഭാഷണങ്ങളിൽ അഭ്യർഥിച്ചിരുന്നു.
റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിലായിരിക്കുമ്പോഴാണ് മാർപാപ്പ, പ്രസിഡന്റ് പുടിനുമായി സംസാരിച്ചത്. ഒലെഷ്കിയിലെ ദുരന്തപൂർണ്ണമായ മാനുഷിക സാഹചര്യങ്ങളിൽ നൽകിയ ശ്രദ്ധയ്ക്കും ഫോൺ സംഭാഷണങ്ങൾക്കും മേജർ ആർച്ച്ബിഷപ്പ് ഷെവ്ചുക് മാർപാപ്പയോട് പ്രത്യേക നന്ദി രേഖപ്പെടുത്തി.




