അന്താരാഷ്ട്ര തിയോളജിക്കൽ കമ്മീഷനിലേക്ക് അൽമായ നിയമനം വർധിപ്പിച്ച് മാർപാപ്പ

2026-2031 കാലയളവിലേക്കായി അന്താരാഷ്ട്ര തിയോളജിക്കൽ കമ്മീഷനിലേക്ക് പുതിയ അംഗങ്ങളെ ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച്, കമ്മീഷനിലെ സ്ത്രീകളുടെ എണ്ണം അഞ്ചിൽ നിന്ന് എട്ടായി ഉയർന്നു; ഇതിൽ അഞ്ച് അൽമായ സ്ത്രീകളും ഉൾപ്പെടുന്നു. ഇതോടെ ആകെ അൽമായ പ്രതിനിധികളുടെ എണ്ണം എട്ടായി ഉയർന്നു.

അന്താരാഷ്ട്ര തിയോളജിക്കൽ കമ്മീഷനിലെ ഓരോ അംഗവും ബൈബിൾ പഠനം, പാട്രോളജി, ഡോഗ്മാറ്റിക്സ്, മോറൽ തിയോളജി തുടങ്ങിയ വിവിധ മേഖലകളിലെ പ്രഗദ്ഭരായ പണ്ഡിതരാണ്. എന്നാൽ, ഇതിൽ ചിലർ വനിതകളുടെ പൗരോഹിത്യം, രക്ഷയുടെ ദൈവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ സഭയുടെ നിലവിലുള്ള പ്രബോധനങ്ങൾക്ക് വിരുദ്ധമായ ആശയങ്ങൾ പരസ്യമായി പുലർത്തുന്നവരുമാണ്. 1969 ൽ പോൾ ആറാമൻ മാർപാപ്പ സ്ഥാപിച്ച ഈ കമ്മീഷനിൽ 30 അംഗങ്ങളാണുള്ളത്.

ദൈവശാസ്ത്രപരമായ വിഷയങ്ങൾ പഠിക്കുന്നതിനും ഔദ്യോഗിക ഉപദേശക രേഖകൾ പുറപ്പെടുവിക്കുന്നതിനും പരിശുദ്ധ സിംഹാസനത്തെ, പ്രത്യേകിച്ച് വിശ്വാസ തിരുസംഘത്തെ സഹായിക്കുകയാണ് ഈ സമിതിയുടെ ചുമതല. തങ്ങളുടെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും നിലവിലുള്ള വിഷയങ്ങളും ആഗോള ദൈവശാസ്ത്ര ആവശ്യങ്ങളും കൈകാര്യം ചെയ്യുന്നതിനുമായി വർഷത്തിലൊരിക്കൽ ഒരു ആഴ്ചത്തേക്ക് ഈ സംഘം യോഗം ചേരുന്നു.

അൽമായരും വൈദികരുമടങ്ങുന്ന ഐടിസി (ITC), ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള പ്രഗദ്ഭരായ നിരവധി പണ്ഡിതന്മാരെ ഒരുമിച്ച് കൊണ്ടുവരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.